NewsAd1
ബംഗാളിൽ ഗുജറാത്തികളുടെ സ്വച്ഛഭാരത്
ഡോ എസ് ശിവപ്രസാദ്
7 May 2026, 4:15 pm
main image of news

പ്രാദേശിക കക്ഷികൾ ശക്തരെങ്കിൽ അവരുമായി ചേർന്ന് കൂട്ടുകൃഷി നടത്തിയും അല്ലാത്ത ഇടങ്ങളിൽ സ്വയം ശക്തി ആർജ്ജിച്ചും ദേശീയ അടിസ്ഥാനത്തിൽ താമര കൃഷി ചെയ്യുന്ന രാജ്യത്തെ പ്രമുഖ കമ്പനിയുടെ അമരത്തുള്ള രണ്ട് ഗുജറാത്തികൾ അത്യധ്വാനത്തിലൂടെ പാകിയ ദേശീയതയുടെ വിത്തുകൾ ഒടുവിൽ ബംഗാളിലും പൂത്തുലഞ്ഞു.

അരിവാൾ ചുറ്റിക നക്ഷത്ര കച്ചവടക്കാർ നീണ്ട 34 വർഷക്കാലം കൈവശം വച്ച് അനുഭവിച്ച് ലാഭം കൊയ്തിരുന്ന ചുവപ്പൻ പാടങ്ങളെ മസിലിന്റെ ബലത്തിൽ ബലാൽക്കാരമായി പിടിച്ചെടുത്തയാളാണ് പേരിൽ മാത്രം മമതയുള്ളവളും മാ, മാട്ടി, മാനവ് എന്ന തട്ടിപ്പ് മന്ത്രത്തിൻ്റെ ഉപജ്ഞാതാവും തൃണമൂൽ കമ്പനിയുടെ ആജീവനാന്ത എംഡിയുമായ പ്രാദേശിക വനിത. കഴിഞ്ഞ 15 വർഷങ്ങളായി ബംഗാളിലെ 294 പാടങ്ങളിലെ സിംഹഭാഗവും കൈയ്യടക്കി ലാഭം കൊയ്തിരുന്ന തൃണമൂലിൽ നിന്ന് മൂന്നിൽ രണ്ടും 2026 ലെ ലേലത്തിൽ ഗുജറാത്തികൾ കൈവശപ്പെടുത്തി.

 image 2 of news

മേൽത്തരം വിദേശ വിത്തുകൾ എന്ന പേരിൽ അനധികൃതമായി ഇറക്കുമതി ചെയ്ത ‘ബംഗ്ലാദേശി കള'കളെ സംസ്ഥാനത്തിൻ്റെ വിവിധ ഇടങ്ങളിൽ വിതറി നേട്ടം കൊയ്ത് കൊണ്ടിരുന്നതിന്റെ ആദ്യ ‘അപ’ഖ്യാതി രാജ്യത്തുടനീളം വംശനാശം സംഭവിച്ചു കഴിഞ്ഞ ചുവപ്പൻ കമ്പനിക്കാണ്. ബംഗ്ലാദേശി കളകളെ വാരി വിതറിയതുവഴി അന്യാധീനപ്പെട്ട് തരിശായിപോകുമായിരുന്ന ഇടങ്ങളിൽ ഊഷരത തിരികെ കൊണ്ടുവരുമെന്നാണ് ഗുജറാത്തികളുടെ ശപഥം.

പണ്ട് കോൺഗ്രസ് ഭരണകാലത്ത് സിദ്ധാർത്ഥ ശങ്കർ റേയോടൊപ്പവും പിന്നീട് കമ്മ്യൂണിസ്റ്റ് ഭരണത്തിന് വഴിവെട്ടി കൂടെ നിൽക്കുകയും ഗത്യന്തരമില്ലാതെ മാറ്റത്തിന് വഴിയൊരുക്കി മമതയിൽ പ്രതീക്ഷയർപ്പിക്കുകയും ചെയ്തതിൽ ഭദ്രലോക് എന്നറിയപ്പെടുന്ന പുരോഗമന സാഹിത്യ കലാകാരന്മാരുടെ പങ്ക് ചെറുതല്ല. തൃണമൂലിന്റെ ഏകാധിപത്യവും അതിരുകടന്ന ജനാധിപത്യ ധ്വംസനവും കൊണ്ട് പൊറുതി മുട്ടിയപ്പോൾ പറച്ചിലും പെരുമാറ്റവും എതിർ ദിശയിലേക്കാണ് എന്നു മനസ്സിലാക്കിയ അതേ കൂട്ടായ്മ എന്തുകൊണ്ട് താമരപ്പാടം പരീക്ഷിച്ചു കൂടാ എന്ന ചോദ്യം ഉയർത്തിയതിൻ്റെ വിളവെടുപ്പും കൂടിയാണ് ബി ജെ പി ക്ക് ലഭിച്ച മൂന്നിൽ രണ്ട് ഭൂരിപക്ഷം.
HomeAd1
 image 3 of news

എസ് ഐ ആർ എന്ന പുത്തൻ സാങ്കേതികവിദ്യയും മറ്റ് ചില രഹസ്യ ചേരുവകളും സമാസമം ചേർത്ത് ഗംഗാജലം തളിച്ചും വന്ദേമാതരം ചൊല്ലിയുമാണ് ഗുജറാത്തികൾ മസിൽ മഹിളയെ മര്യാദ പഠിപ്പിച്ചത്.

ചിത്രകാരിയും കവയിത്രിയും പാചക വിദഗ്ധയും ശുഭ്ര വസ്ത്രധാരിയും ലാളിത്യത്തിൻ്റെ ചായം പൂശി ജീവിച്ചിരുന്നവളുമായ മസിൽ വനിതക്ക് ഭൂമി നഷ്ടപ്പെട്ടതോടെ മനസ്സിൻ്റെ നിയന്ത്രണവും കൈമോശം വന്നു. കൂട്ടുകൃഷിക്കാരായിരുന്ന മന്ത്രിമാരിൽ 22 പേർ തോറ്റിട്ടും ജനാധിപത്യത്തിൽ കേട്ട് കേൾവി പോലുമില്ലാത്ത മോറൽ വിക്ടറി തനിക്കാണ് എന്ന് അട്ടഹസിച്ച് അമ്മച്ചി കരച്ചിലാണ്. നിലവിളി അങ്ങ് ഡൽഹിയിൽ വരെ കേട്ടു. മൂന്നു മുറി വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന അവിവാഹിതയും ഇൻഡി അംഗവുമായ സ്ത്രീക്ക് സംഭവിച്ച ദുര്യോഗത്തിൽ അവർ ഒറ്റയ്ക്കായിരിക്കില്ല എന്ന് ഇന്ത്യയിലെ മോസ്റ്റ് എലിജിബിൾ ബാച്ചിലർ പ്രഖ്യാപിച്ചില്ലെങ്കിൽ അല്ലേ അത്ഭുതമുള്ളൂ.

ചുരുക്കത്തിൽ രാജ്യത്തിലെ 18 സംസ്ഥാനങ്ങളിൽ ഒറ്റയ്ക്കും നാലിടങ്ങളിൽ സമാന ചിന്താഗതിക്കാരുമായി ചേർന്നും ദേശീയതയും വികസനവും കൂട്ടിക്കുഴച്ച് ഗുജറാത്തികളായ രണ്ടുപേരുടെ നേതൃത്വത്തിൽ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായുള്ള മാലിന്യ നിർമാർജന ബംഗാൾ വേർഷനാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.

വടക്ക് - പടറഞ്ഞാറ് ബീഹാർ - ത്സാർഖണ്ഡ് പ്രദേശങ്ങൾ , വടക്കൻ ബംഗാൾ ബംഗ്ലാദേശിന്റെ അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾ, തെക്കൻ എന്നിവിടങ്ങളിൽ മേൽക്കോയ്മ സ്ഥാപിക്കാനും മുസ്ലിം ഭൂരിപക്ഷമുള്ള മുർഷിദാബാദ് - മാൽദ പ്രദേശങ്ങളിലെ മുപ്പതോളം മണ്ഡലങ്ങളിലെ വോട്ടുകൾ ഭിന്നിപ്പിച്ച് നേട്ടം നേടാനും ബിജെപിക്ക് കഴിഞ്ഞു.

ഗാന്ധിയൻ കാലഘട്ടത്തിലെ എക്സ്പൻസീവ് സിംപ്ളിസിറ്റിയെ വെല്ലുന്ന മമതാ ലാളിത്യം കണ്ട് അമ്പരന്ന് നിൽക്കുകയാണ് മമതാ ബാനർജിയിലും കരുത്തരായ മൂന്ന് വനിതകൾ. മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഏറ്റുവാങ്ങിയ സന്ദേശ് ഖാലിയിലെ വീട്ടമ്മ രേഖ പത്ര, ആർ ജി കർ മെഡിക്കൽ കോളേജിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മ രത്ന ദേബ് നാഥ്, വീട് ജോലികൾ ചെയ്ത് ഉപജീവനം നടത്തുന്ന കലിതാ മാജി ഇവർക്കൊന്നും ലിപ്സ്റ്റിക് ഇടാൻ കഴിയുന്നില്ല എന്നു മാത്രമേ ഉള്ളൂ കരുത്തരല്ല എന്ന് അർത്ഥമില്ല. ഇത് മമതാ ബാനർജിയും അവർക്ക് കുട പിടിക്കുന്ന വരും മനസ്സിലാക്കുമോ ആവോ

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞