NewsAd1
ആലിംഗനത്തിന്റെ സുഖം; ദുഃഖവും
ഡോ എസ് ശിവപ്രസാദ്
13 June 2026, 5:23 pm
main image of news

നിഷ്കളങ്കമായ കെട്ടിപ്പിടുത്തമാണ് ആലിംഗനം. കാമ മിശ്രിതമായാൽ അത് ആ‘ലിംഗ’നം. പേരുദോഷം കേൾപ്പിക്കുന്നതും അല്ലാത്തതുമായ മറ്റ് ചില ഇനം ആലിംഗനങ്ങളുമുണ്ട്. വോട്ടും അധികാരവും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ആലിംഗനമാണ് മറ്റൊന്ന്. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചർച്ചാ വിഷയമായി മാറി കൊണ്ടിരിക്കുന്ന അത്തരം ആലിംഗനങ്ങളുടെ ഒടുവിലത്തെ ഇരയാണ് കോൺഗ്രസ്സ് ഐക്കൺ ആയ 'യുവ'കോമളൻ രാഹുൽ .

ആര് ആരെ എപ്പോൾ എങ്ങനെ കെട്ടിപ്പിടിക്കണം എന്ന രാഷ്ട്രീയ ആലിംഗന ശാസ്ത്ര ചരിത്രം പഠിച്ച് കൺഫ്യൂഷനടിച്ച് ജീവിക്കാനൊന്നും രാജ്യത്തെ പ്രതിപക്ഷ നേതാവിനെ കിട്ടില്ല. ചില രാഷ്ട്രീയ ആലിംഗനങ്ങൾ താൽക്കാലികവും നൈമിഷികവുമായ സുഖം മാത്രമേ നൽകൂ എന്ന് രാഹുൽ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. കേരളക്കരയിൽ വന്ന് പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തെല്ലും താല്പര്യമില്ല എന്ന് രാഹുൽ പറഞ്ഞതും ചിന്തിച്ചുറപ്പിച്ചാണ് . രാഹുലിനെ കുറ്റം പറയാൻ പറ്റില്ല. ഒന്ന് ചിരിക്കുകയെങ്കിലും ചെയ്ത് ലൈൻ ക്ലിയറാണ് എന്നൊരു സിഗ്നൽ തന്നാലല്ലേ കെട്ടിപ്പിടിക്കാൻ ഒരു മൂഡ് വരൂ . നമ്മുടെ കാരണഭൂതൻ ക്യാപ്റ്റന്റെ മുഖഭാവം കണ്ടാൽ അങ്ങോട്ട് ചെന്ന് കെട്ടിപ്പിടിച്ച് പണി വാങ്ങാൻ ആരേലും തയ്യാറാകുമോ ..

 image 2 of news

കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു വിജയത്തിന്റെ ആവേശത്തിൽ ഇന്ദിരാഭവനിലേക്ക് കയറി വന്നവരെ പരിസരം മറന്ന് വരിഞ്ഞു മുറുക്കി കെട്ടിപ്പിടിച്ച നിത്യസന്യാസിയായ ചെറിയാൻ ഫിലിപ്പ് പോലും പഴി കേൾക്കേണ്ടിവന്ന നാടാണിത്. ആ തറവാട്ടിൽ ഇപ്പോഴും കല്യാണം കഴിക്കാതെ നിൽക്കുന്ന രാഹുൽ ആലിംഗന ലീലകളിൽ മുഴുകണം എന്ന് പറയുന്നതിൽ എന്തർത്ഥം. കേരളത്തിലെ വോട്ടർമാരുടെ കൺമുന്നിൽ വച്ച് സിപിഎം കാരെ കെട്ടിപ്പിടിക്കാൻ രാഹുൽ തയ്യാറല്ല. നാറ്റക്കേസ് ആകും. എന്നാൽ ഇണ്ടി മുന്നണി എന്ന അടച്ചുപൂട്ടിയ മുറിക്കുള്ളിൽ വച്ച് രാഷ്ട്രീയമായി എന്തിനും ഏതിനും റെഡിയാണു താനും.

രാഹുൽ ഗാന്ധിയുടെ ആലിംഗന ലീലാവിലാസങ്ങളെ കുറിച്ച് പാടി നടക്കുന്ന പരദൂഷ പാണന്മാർ അടങ്ങിയിരിക്കാത്തത് സ്വാഭാവികം. ഇന്ത്യയെമ്പാടുമുള്ള പ്രാദേശിക പാർട്ടികളെ ധൃതരാഷ്ട്രാലിംഗനം ചെയ്ത് ഇഞ്ചിഞ്ചായി നശിപ്പിച്ച 56 ഇഞ്ച് നെഞ്ചളവുള്ള നരേന്ദ്ര മോദിയെ പണ്ട് പാർലമെന്റിൽ വച്ച് ഹഗ്ഗ് ചെയ്തതിനു പിന്നിൽ ഏതുതരം ഹോർമോൺ വ്യതിയാനമാണ് രാഹുലിൽ വർക്ക് ചെയ്തത് എന്നാണ് കെട്ടിപ്പിടുത്തത്തിന്റെ ബാലപാഠം പോലും അറിഞ്ഞുകൂടാത്ത സിപിഎം സെക്രട്ടറി നിഷ്കു ബേബിച്ചായന്റെ കുത്സിത ചോദ്യം.
HomeAd1
 image 3 of news

തൊഴുത്തിൽകുത്ത് സഹിക്കാതെ ഇറങ്ങിയോടി നിലനിൽപ്പിനായി ഡൽഹിയിലെത്തിയ മമതയെ തൃണമൂലമടക്കം കെട്ടിപ്പിടിച്ചു നിൽക്കുന്ന സോണിയാജിയുടെ സിറ്റുവേഷൻഷിപ്പ് രാഷ്ട്രീയ ബന്ധത്തിന് പിന്നിലെ ശാസ്ത്രീയതയും രീതിശാസ്ത്രവും രാഷ്ട്രീയ വിദ്യാർത്ഥികൾ പഠിക്കട്ടെ. സോണിയാജി കടുത്ത ചില ആലിംഗന ഡിമാൻഡുകൾ വച്ചിട്ടുണ്ടെന്നാണ് അണിയറയിലെ സംസാരം .

തമിഴ്നാട്ടിലെ ആലിംഗനമാണ് കോൺഗ്രസിനു നേരെ ഉയരുന്ന മറ്റൊരു ചോദ്യം. ഡിഎംകെയുമായുള്ള ആലിംഗനം കോൺഗ്രസ്സിന് കംഫർട്ട് ആയി തോന്നിയില്ല. അത്ര തന്നെ. ബ്രേക്ക് അപ് ആയ ശേഷം വിജയ് ജോസഫുമായി സിറ്റുവേഷൻഷിപ് ബന്ധത്തിനിടയിൽ ആലിംഗനബദ്ധരാകുന്ന കോൺഗ്രസ്സ് -ടി വികെ ബന്ധമോർത്ത് ചിരിക്കുന്നവരും അറുമാദിക്കുന്നവരും ഉണ്ടാകും. അതും സ്വാഭാവികം.

 image 4 of news

പ്രതിപക്ഷ നിരയിലെ നേതാക്കൾ ഈ കെട്ടിപ്പിടുത്ത നാടകം കളിക്കുമ്പോൾ ഡൽഹിയിലെ മെയിൻ സീറ്റിൽ ഇരുന്ന് ലോക നേതാക്കളെ ആലിംഗനത്തിൽ കുടുക്കിയ ആലിംഗന ഗുരു കണ്ണു ചിമ്മാതെ ഇതെല്ലാം ലൈവായി കണ്ട് ചിരിക്കുന്നുണ്ട് എന്ന് ഈ ‘പാവങ്ങൾ‘ തിരിച്ചറിയുന്നുണ്ടാകുമോ ആവോ

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞