മോദിയുടെ നീണാൾ വാഴ്ച: പ്രതിപക്ഷം പ്രതിയാകുമ്പോൾ
മോഹന കൃഷ്ണൻ
15 June 2026, 4:00 am
അധികാര നാൾവഴിയിൽ മോദിജി ജവഹർ ലാലിനെ മറികടക്കുമ്പോൾ. ബിജെപി പ്രധാനമന്ത്രി കേന്ദ്രത്തിൽ പന്ത്രണ്ട് വർഷം പൂർത്തിയാക്കുമ്പോൾ ഇടയ്ക്കെങ്കിലും കണി കാണാൻ നമ്മുടെ പ്രതിപക്ഷമെവിടെ?
ഒപ്പത്തിനൊപ്പം നിൽക്കാൻ ഒരു എതിർ ചേരി എന്നത് ജനാധിപത്യത്തിൽ അനിവാര്യമാണ്. കോൺഗ്രസിന്റെ ബലക്കുറവ് ഒരു ബലഹീനതയായി മാറുന്നത് ഇവിടെയാണ്.
കോൺഗ്രസിനെ ക്ഷയിപ്പിച്ചവർ തന്നെയാണ് കോൺഗ്രസ് മുന്നണിയിലെ ഇന്നത്തെ ഘടകകക്ഷികൾ.കലിപ്പിന് ഇപ്പോഴും കുറവില്ല. പ്രാദേശിക സ്വത്വം ആളിക്കത്തിച്ചും സങ്കുചിത വാദങ്ങളും പ്രീണന നയങ്ങളും കൊണ്ടുമാണ് അവർ കോൺഗ്രസിനെ ഒതുക്കിയത്.
രാജ്യത്ത് ഒരു കാലത്ത് ബദൽ രാഷ്ട്രീയം പറഞ്ഞ സോഷ്യലിസ്റ്റുകൾക്കും മറ്റു ചെറു വിഭാഗങ്ങൾക്കും തുടർച്ച ഇല്ലാതെ പോയി. ആൾബലം കുറവെങ്കിലും ആശയങ്ങളാൽ ദിശാബോധം നൽകിയ പ്രതിഭാ സമ്പന്നമായ ഇടതു പുരോഗമന ദളങ്ങളും ശോഷിച്ച് മൃതപ്രായമായി.
കരിയറിസവും പോപ്പുലിസവും സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള പാച്ചിലും മൂല്യാധിപത്യ സാമുഹിക പ്രവർത്തനങ്ങളെ മുച്ചൂടും നശിപ്പിച്ചു..രാജ്യത്തെ ഏറ്റവും വലിയ അഴിമതി വീരന്മാർ എന്ന വിളിപ്പേര് കമ്യൂണിസ്റ്റുകൾ എന്നു സ്വയം വിശേഷിപ്പിക്കുന്നവർ തന്നെ സ്വന്തമാക്കി. കൊടിയും പദാവലികളും തള്ളുകളും തരാതരം പോലെ ഉപയോഗിച്ച് അവർ ഭരണക്കാരുടെ ബി ടീം ആയി വിലസി.
പഴയ നാടുവാഴിത്തം പിൻപറ്റിയുള്ള ഭരണ കുടുംബങ്ങളുടെ കാർട്ടലുകളാണ് രാജ്യത്തെ പ്രാദേശിക കൂട്ടായ്മകളിൽ കൂടുതലും. അവരുടെ ദേശീയ ബോധം അധീനമായ സ്വരൂപങ്ങൾക്കപ്പുറം കടക്കുന്നില്ല. പിന്നെ ബാക്കിയാകുന്നത് ചില അനുഷ്ഠാനങ്ങൾ മാത്രം !
കേഡർ പാർട്ടിയായ സിപിഎം പോലും അടിയറവു പറയും കാലത്ത് ഒരു ജനക്കൂട്ടം മാത്രമായ കോൺഗ്രസിന് ഇപ്പോഴും ചില പച്ചപ്പുകൾ നില നിർത്താനായി എന്നതു തന്നെ മഹാഭാഗ്യമായി കരുതണം.. കാർഗിൽ മുതൽ കന്യാകുമാരി വരെ വേരുള്ള പാട്ടിയാണ് ഇപ്പോഴും ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ഘടക കക്ഷികളുമായി കൊമ്പു കോർക്കേണ്ടി വരുന്നതും അതു കൊണ്ടാണ്.കോൺഗ്രസ് വിരുദ്ധതയിലാണല്ലോ ഈ കക്ഷികളുടെ പിറവി തന്നെയും.
ജനാധിപത്യം കരുത്തുറ്റതാകാൻ ദേശീയ കക്ഷികളാണ് പുഷ്ടിപ്പെടേണ്ടത്. സിപിഎം അടക്കമുള്ള പ്രാദേശിക പ്രതിഭാസങ്ങൾ യഥാർത്തിൽ ദേശിയ സത്തക്കും സ്പിരിറ്റിനും വിശാല ദേശിയ കാഴ്ചപ്പാട് രൂപപ്പെടുന്നതിനും വിഘാതമായി മാറുകയാണ് ഫലത്തിൽ
ബിജെപിയുടെ പന്ത്രണ്ട് ഭരണ വർഷത്തെ വിലയിരുത്തി കോൺഗ്രസ് ഒരു രേഖ പുറത്തു വിട്ടിരുന്നു. സമഗ്രമല്ലെങ്കിലും മുഖ്യപ്രതിപക്ഷ കടമ നിർവഹിക്കുന്ന ശ്രമമായി ഇത് മാറി...കോൺഗ്രസുകാർ തന്നെ ഇതറിയാൻ വഴിയില്ല.രേഖയുടെ പ്രകാശനത്തിലും വലിയ ഹൈപ്പു കണ്ടില്ല.
2024 ൽ തന്നെ അഞ്ചുലക്ഷം ജിഡിപിയുള്ള ലോകത്തെ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന സർക്കാർ അവകാശ വാദം പൊളിഞ്ഞതായി രേഖ പറയുന്നു.ഇപ്പോഴും ജിഡിപി നാലു ലക്ഷം കടന്നിട്ടില്ല. 7.7 എന്ന വളർച്ചയുടെ ടാർഗറ്റും അകലെയാണ്.
ചെറുകിട ഇടത്തരം സംരംഭങ്ങൾ കുതിച്ചു കയറി എന്നു പറഞ്ഞിടത്ത് അരലക്ഷം യൂണിറ്റുകൾ പൂട്ടിപ്പോയെന്നു കണക്കുകൾ.പിഎം ഉജ്വൽ യോജന അനുസരിച്ച് പാവപ്പെട്ടവർക്ക് പ്രതിവർഷം 12 ഗ്യാസ് സിലിണ്ടർ നൽകുന്ന പദ്ധതി വാഗ്ദാനം 12ൽ തുടങ്ങി പിന്നെ ഒമ്പതായും ഇപ്പോൾ അത് വെറും നാലു കുറ്റികളായും കുറഞ്ഞിരിക്കുന്നു
ഏവർക്കും തുല്യ അവസരം എന്ന വാക്കും പാഴായി. ജെൻഡർ ഗ്യാപ്പ് ഇൻഡക്സിൽ 108 ൽ നിന്ന് 131 ലേക്കായിരുന്നു കൂപ്പു കുത്തിയത്
6.5 കോടി ആളുകൾക്ക് വോട്ടില്ലാതായി.
ഗ്യാസ് സിലിണ്ടറിനു 123 ശതമാനവും പെട്രോളിന് 44 ,ഡീസൽ 71, പയറുകൾക്ക് 84,പാലിന് 73 ശതമാനവും വില കൂടി.യൂറിയ,പ്രകൃതി വാതകം എന്നിവയുടെ ഉല്പാദനം കുറഞ്ഞു.
നഗരങ്ങളിലെ തൊഴിൽ രാഹിത്യം 18.4% ശതമാനമായി വർധിച്ചു.
വൈബായ ഒരു ബദൽ രാഷ്ട്രീയം ഇനിയും രൂപപ്പെടെണ്ടതുണ്ട്. അതു ഉരുത്തിരിയും വരെ ബിജെപിയുടെ സമയമാണ്.