താമരപ്പൂ നീ ദൂരെ
കണ്ടു മോഹിച്ചു...
ഡോ എസ് ശിവപ്രസാദ്
20 June 2026, 2:18 pm
“താടകാഭയങ്കരി വാണിടും ദേശമല്ലോ
അവളെ പേടിച്ചാരും നേർവഴി നടപ്പീല”
താടക ഭക്ഷിച്ചാലോ എന്ന് പേടിച്ച് ആരും ആ കാനന വഴിയിലൂടെ നടക്കാൻ ഭയപ്പെട്ട പോലെ ബിജെപിയുടെ കേന്ദ്ര സംസ്ഥാന ജില്ലാ ഓഫീസുകൾക്ക് മുന്നിലൂടെ പ്രതിപക്ഷ എംഎൽഎ , എംപിമാർ സഞ്ചരിക്കാതിരുന്നിട്ട് നാളേറെയായി. മുന്നിലൂടെ പോയാൽ കണ്ണും കയ്യും കാണിച്ച് വിളിച്ച് അകത്തു കയറ്റും. സ്നേഹത്തോടെ അടുത്തു പിടിച്ചു മടിയിൽ തപ്പും. കനമുണ്ടെങ്കിൽ കട്ടപ്പൊക. ഇല്ലേലും പെട്ടു. ലേശം എതിർപ്പൊക്കെ കാട്ടുമെങ്കിലും ഈഡിയുടെയും മറ്റ് കേന്ദ്ര ഏജൻസികളുടെയും ചവിട്ടി തിരുമ്മലിലും ഭേദം ഇതാണല്ലോ എന്നോർത്ത് വൈദ്യനിച്ഛിച്ചതും രോഗി കൽപ്പിച്ചതും എന്ന മട്ടിൽ സ്വതവേ ബലഹീനരായ പ്രതിപക്ഷ നിരയിലെ സിംഹങ്ങൾ ഉളുപ്പേതുമില്ലാതെ നിന്നു കൊടുക്കും.
അടുത്തഘട്ടം ലേപന വിദ്യയാണ്. ദേശീയതയും വികസനവും സമാസമം ചേർത്തരച്ച പ്രത്യേകതരം ലേപനം പുരട്ടി ദേഹമാസകലം ഉഴിയും. പശ്ചാത്തലത്തിൽ വീര ഭാരത പുത്രന്മാരുടെ കഥകൾ കൂടി കേൾക്കുമ്പോൾ കുളിര് കോരും. തുടർന്ന് കാവി തുണികൊണ്ട് ശരീരം നന്നായി തുടച്ചെടുക്കും. പഴയ ദുർമേദസ്സും ഇടത് വലത് പ്രാദേശിക ചിന്തകളും പമ്പകടക്കും. നാരായം കൊണ്ട് നാക്കിൽ മോദി സ്തുതി കൂടി കുറിച്ചു കഴിഞ്ഞാൽ ചികിത്സ ഏതാണ്ട് പൂർത്തിയാകും. ഒരൊറ്റചോദ്യമാണ് പിന്നെ. അധികാരത്തിന്റെ അഹങ്കാരത്തിൽ അക്രമവും അഴിഞ്ഞാട്ടവും നടത്തിയിരുന്ന കോൺഗ്രസ് കാലഘട്ടം ഏൽപ്പിച്ച മുറിവുകൾ മാറ്റിയെടുത്ത് ഭാരതത്തെ ലോക നെറുകയിലേക്ക് എത്തിക്കണ്ടേ. വരാനിരിക്കുന്ന സൗഭാഗ്യങ്ങൾ ഓർത്ത് സുഖിച്ചു കിടന്നു കൊടുത്തിട്ട് വേണ്ടെന്നു പറയാൻ പറ്റുമോ!
ബിജെപി പിടിച്ച് വിഴുങ്ങിയാലോ എന്ന ഭയത്താലാണ് രാജ്യത്തെ പ്രാദേശിക പാർട്ടികൾ ഇണ്ടി മുന്നണി എന്ന കൂടാരം ഒരുക്കി അതിനകത്ത് അന്തി ഉറങ്ങിയത് എന്നാണ് പറച്ചിൽ. മിഴി ഇങ്ങും മനം അങ്ങും അതായിരുന്നു സത്യം. അട്ട മെത്തയിൽ കിടന്നാൽ പോലും ഇണ്ടി മുന്നണി കക്ഷികൾ ഒരു കൂരയ്ക്കുള്ളിൽ കഴിയില്ല. ഇണ്ടി കൂടാരത്തിൽ കഴിയുമ്പോഴും പലരുടെയും നോട്ടം ബിജെപി തറവാട്ടിലേക്കാണ്. ഉടയാടകളുടെ നിറം കാവിയും. വിശപ്പ് ഏറെയുള്ള പാർട്ടിയാണ് ബിജെപി. പാർലമെന്റിൽ മൂന്നിൽ രണ്ട് ഭാഗമെങ്കിലും നിറയ്ക്കാനുള്ള ‘ദിവ്യ’പ്രയാണത്തിൽ പകരം വയ്ക്കാൻ ആശയങ്ങൾ ഇല്ലാതെ ചതഞ്ഞരയുന്ന പ്രതിപക്ഷ നിര.
രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ 17 ലും ഭരിക്കുന്നത് ബിജെപി ആണ് . ഇതിൽ അഞ്ച് പേർ മേപ്പടി ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പദത്തിൽ എത്തിയവരാണ്. അസമിൽ തരുൺ ഗോഗോയ് മന്ത്രിസഭയിലെ പ്രധാനിയായിരുന്ന ഹിമന്ദ ബിശ്വ ശർമ്മ, അരുണാചൽ പ്രദേശിലെ മുൻ കോൺഗ്രസ് നേതാവ് പേമാ ഖണ്ഡു, ലല്ലു പ്രസാദ് യാദവിയിനോടൊപ്പവും നിതീഷ് കുമാറിനോടൊപ്പം പ്രവർത്തിച്ച ആർജെഡിയിൽ നിന്ന് എത്തിയ ബീഹാറിലെ സമ്രാട്ട് ചൗധരി, ത്രിപുരയിൽ മുൻ കോൺഗ്രസ് നേതാവ് മണിക് സാഹ, സുവേന്ദു അധികാരി പശ്ചിമ ബംഗാളിൽ.
2008-ൽ കർണാടകയിൽ ഭൂരിപക്ഷമില്ലാതിരുന്ന ബി.ജെ.പി, പ്രതിപക്ഷ എം.എ.ൽഎമാരെ രാജിവെപ്പിച്ച് ഉപതെരഞ്ഞെടുപ്പിലൂടെ ബി.എസ്. യെദിയൂരപ്പ സർക്കാർ രൂപീകരിച്ചപ്പോഴാണ് 'ഓപ്പറേഷൻ താമര' എന്ന പേര് ആദ്യമായി വരുന്നത്; തുടർന്ന് 2019-ലും കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തെ വീഴ്ത്തി അവർ അവിടെ ഭരണം പിടിച്ചു. സമാനമായ രീതിയിൽ, 2020-ൽ മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ 22 കോൺഗ്രസ് എം.എൽ.എമാർ രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നതോടെ കമൽനാഥ് സർക്കാർ വീഴുകയും ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ നിലവിൽ വരികയും ചെയ്തു. 2022-ൽ മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഭൂരിപക്ഷം ശിവസേന എം.എൽ.എമാരും ബി.ജെ.പിയോടൊപ്പം ചേർന്നതോടെ ഉദ്ധവ് താക്കറെയുടെ മഹാവികാസ് അഘാഡി സർക്കാരിന് ഭരണം നഷ്ടമായി. കൂടാതെ ഗോവയിൽ 2019-ൽ പത്തും 2022-ൽ എട്ടും കോൺഗ്രസ് എം.എൽ.എമാരെ കൂട്ടത്തോടെ തങ്ങളുടെ പാളയത്തിലെത്തിക്കാനും ബി.ജെ.പിക്ക് സാധിച്ചു.
2026 ഏപ്രിൽ 17ന് പാർലമെന്റിൽ അവതരിപ്പിച്ച വനിത സംവരണ ബില്ലിനും മണ്ഡല പുനർനിർണയ ബില്ലിനും 298 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 54 വോട്ടുകൾ കുറവ് . മൂന്ന് എംപിമാരുടെ ഒഴിവ് ഉള്ള നിലവിലെ സാഹചര്യത്തിൽ ഭൂരിപക്ഷത്തിന് 69 എംപിമാരുടെ കുറവാണ് ഉള്ളത്. ആ കുറവ് മറികടന്ന് മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്കുള്ള ലക്ഷ്യത്തിൽ ലൈഫ് ജാക്കറ്റ് ധരിച്ച് പങ്കാളികളാവുകയാണ് മറ്റ് പാർട്ടികൾ പിളർന്നെത്തിയവർ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്. ഒക്കെ കൊള്ളാം. ഒരു പാർട്ടി മാത്രം എന്ന് പറയാതിരുന്നാൽ മതി.
ലോക്സഭയിൽ നിലവിലെ 293 ഭരണ പക്ഷ അംഗങ്ങൾക്കൊപ്പം 20 ടി എം സി , 4 വൈ എസ് ആർ കോൺഗ്രസ്, ഉദ്ധവ് ശിവസേനയിലെ ആറുപേർ, ടി എം സി യിൽ നിന്ന് എത്തുമെന്ന് പ്രതീക്ഷിക്കുന്ന മറ്റു രണ്ടുപേർ അങ്ങനെ മൊത്തം 325 . മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് ആവശ്യമായ 362ന് ഇനി 37 പേരുടെ പിന്തുണ കൂടി മാത്രം മതി. 22 സീറ്റുകൾ ഉള്ള ഡിഎംകെ കയ്യാലപ്പുറത്തിരുന്ന് ബിജെപിയോട് കെഞ്ചുന്നും കൊഞ്ചുന്നും ഉണ്ട്. സമാജ് വാദി പാർട്ടിയിലെ 37 അംഗങ്ങൾക്കും ഉണ്ടാവില്ലേ മോഹങ്ങൾ . പിളർപ്പിന്റെ പാതയിലെ അവർക്ക് പിന്നാലെ പ്രാപ്പിടിയന്മാർ റാകി പറഞ്ഞില്ലെങ്കിൽ അല്ലേ അത്ഭുതമുള്ളൂ.
സർവൈവൽ ഓഫ് ദ ഫിറ്റസ്റ്റ് എന്നതിന്റെ അതിമാരക രാഷ്ട്രീയ വേർഷന്റെയും കൂടി ഭാഗമാണ് മറ്റ് പാർട്ടികളിലെ എംഎൽഎ, എംപിമാർ അടക്കമുള്ളവരുടെ ബിജെപിയിലേക്കുള്ള ഒഴുക്ക്. പ്രതാപകാലത്ത് കോൺഗ്രസ്സിനും കമ്മ്യൂണിസ്റ്റുകൾക്കും മറ്റു പ്രാദേശിക പാർട്ടികൾക്കും ഉണ്ടായിരുന്ന അതിജീവനശേഷിയെ രാഷ്ട്രീയ ദുർനടത്തം കൊണ്ട് സ്വയം അവർ നശിപ്പിച്ചു. സംഘപരിവാറുകാരുടെ രാഷ്ട്രീയ രൂപമായ ബിജെപിയോട് കാട്ടിയതാകട്ടെ കടുത്ത അയിത്തവും. ഇപ്പോൾ എണ്ണി എണ്ണി മറുപടി കൊടുക്കുന്നു. രാഷ്ട്രീയ വിശപ്പ് ഏറെയുള്ള പാർട്ടിയാണ് ബിജെപി . ലക്ഷ്യങ്ങളുടെ അത്യഗ്നി പടരുമ്പോൾ ചെറു പാർട്ടികളെ ഭക്ഷിച്ച് അവർ രാഷ്ട്രീയ വിശപ്പടക്കും. ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്നല്ലേ. തിരിഞ്ഞു നോക്കേണ്ടതില്ലല്ലോ