തലേദിവസം കണ്ട സീരിയലിലെ അമ്മായിയമ്മയുടെ നാക്ക്....
അപ്രത്തെ വീട്ടിലെ ആണുങ്ങൾ പോകുമ്പോൾ അയലത്തെ സുന്ദരിയുടെ നോക്ക്....... കുടിച്ചു കൂത്താടി വരുന്ന കെട്ട്യോൻ കാലുയർത്തി തൊഴിക്കാൻ വരുമ്പോൾ മക്കൾ പറഞ്ഞ വാക്ക്....
നാട്ടുമ്പുറത്തെ കലുങ്കിലും കടവരാന്തയിലും തൊഴിലുറപ്പു പെണ്ണുങ്ങളുടെ പതിവു വാചകമടിയെപ്പറ്റിയുള്ള സിറ്റ് കോം സോഷ്യൽ മീഡിയ തമാശകൾ ഇങ്ങനെ പോകുന്നു.
എന്നാൽ കഴിഞ്ഞ 20 ലേറെ വർഷങ്ങളായി ഇന്ത്യയിലെ ദുർബല വിഭാഗങ്ങളുടെ വീട്ടിൽ അടുപ്പു പുകഞ്ഞതും അതി ദാരിദ്ര്യം പടിക്കു പുറത്തുനിന്നതും ദുരിത കാലങ്ങളിൽ കൂട്ടായി നിന്നതും ഇടതുപക്ഷം കൂടി പിന്തുണച്ച് അന്നത്തെ യുപിഎ സർക്കാർ നടപ്പാക്കിയ തൊഴിലുറപ്പുപദ്ധതിയായിരുന്നുവെന്നത് വസ്തുതയാണ്.
ഇന്നലെ മുതൽ തൊഴിലുറപ്പില്ല. പകരം നിലവിൽ വന്നത് വിബിജി റാംജി.
ആശങ്കകളുയർത്തിയാണ് റാംജി റാവു എത്തിയിരിക്കുന്നത്. ദുർബലർക്കും പാവപ്പെട്ടവർക്കും കൂടുതൽ പ്രയോജനപ്രദമാവുന്നതാണ് പുതിയ പദ്ധതിയെന്ന് കേന്ദ്രം പറയുന്നു.
തൊഴിൽ ദിവസം125 ആയി ഉയരു മെന്നതാണ് പ്രധാന ആകർഷണമായി പറയുന്നത്. എന്നാൽ കേരളത്തിൽ നിലവിൽ തന്നെ അത് 150 പ്രവൃത്തി ദിനങ്ങളായി ഉയർത്തിയിരുന്നു
പുതിയ പദ്ധതിയിൽ സംസ്ഥാനം 40% ചെലവ് വഹിക്കണം. പഴയ തൊഴിലുറപ്പിൽ കാശ് മുഴുവൻ കേന്ദ്രമാണ് നൽകിയിരുന്നത്. ജോലി ചെയ്ത് പരമാവധി 15 ദിവസത്തിനുള്ളിൽ കൂലി കിട്ടാൻ ഇതിലൂടെ കഴിഞ്ഞിരുന്നു. സംസ്ഥാനവിഹിതവും വേണമെന്നായതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കേരളത്തിൽ സ്ഥിതി എന്താവുമെന്ന് പറയാനാവില്ല.
ഡ്യൂറബിൾ അസറ്റ്’ ജോലികൾ മാത്രമേ ഇനി ഉണ്ടാകൂ എന്നതാണ് മറ്റൊരു ആശങ്ക.MGNREGA-യിൽ തോട് വൃത്തിയാക്കൽ, റോഡ് വശം കിളയ്ക്കൽ, കുളം നികത്തൽ – ഇതൊക്കെയാണ് ചെയ്തുവന്നത്. പ്രായമായ സ്ത്രീകൾക്കും കൂടി ചെയ്യാൻ പറ്റുന്നതായിരുന്നു ഈ പണികൾ.
സ്കൂളിന് ചുറ്റുമതിൽ കെട്ടുന്നതു പോലുള്ള ഡ്യൂറബിൾ അസറ്റ് പണികൾ ചെയ്യാൻ പറഞ്ഞാൽ, കല്ല് ചുമക്കാനും മറ്റും ഇവർക്കെങ്ങനെയാണ് കഴിയുക. ‘സ്കിൽഡ്’ പണികൾ തങ്ങൾക്ക് പണിയാകുമോ എന്നും ആശങ്കയുണ്ട്.
കാർഷിക സീസണിൽ 60 ദിവസം പണി നിർത്തും എന്ന് റാംജി പറയുന്നു. കേരളത്തിൽ കുട്ടനാട്ടിലെ കർഷകർക്ക് അത് നല്ലതാണ്. പക്ഷേ മറ്റിടങ്ങളിലുള്ളവർക്കോ ?
സ്മാർട്ട് ജോബ് കാർഡ്, മുഖം തിരിച്ചറിയൽ തുടങ്ങിയ പുതുകാല സാങ്കേതികതകളുമായി പൊരുത്തപ്പെടുക എന്നതാണ് മറ്റൊരു വെല്ലുവിളി.
മഹാത്മ ഗാന്ധി തൊഴിലുറപ്പു പദ്ധതിയിൽ ഉണ്ടായിരുന്ന ‘ഡിമാൻഡ് അടിസ്ഥാനത്തിൽ പണി’ എന്ന അവകാശം പുതിയ നിയമത്തിലും ഉറപ്പാക്കണമെന്നതാണ് പൊതുവേ ഉയരുന്ന ആവശ്യം. കേരളം തരുന്ന 150 ദിവസം 125 ആയി കുറയരുത് എന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു.
പ്രായമായ സ്ത്രീകൾക്ക് ചെയ്യാവുന്ന ‘ലൈറ്റ് വർക്ക്’ പുതിയ പദ്ധതിയിലും ഉൾപ്പെടുത്തണം. കൂലി 15 ദിവസത്തിനുള്ളിൽ കിട്ടണം. സംസ്ഥാനവിഹിതം വൈകിയാൽ കേന്ദ്രം മുഴുവൻ തുകയും നൽകി പിന്നെ ഈടാക്കുന്ന സമ്പ്രദായമുണ്ടാവണമെന്നും ആവശ്യമുണ്ട്.
തൊഴിലുറപ്പിൽ 24 ലക്ഷം ആക്ടിവ് തൊഴിലാളികളും 40.45 ലക്ഷം ആക്ടിവ് കുടുംബങ്ങളുമുള്ള സംസ്ഥാനമാണ് കേരളം. തൊഴിലാളികളിൽ
90 ശതമാനത്തോളം പേർ സ്ത്രീകൾ.
കേരളം മാർച്ചിൽ നിയമസഭയിൽ VB-G RAM G-യെ എതിർത്ത് പ്രമേയം പാസാക്കി. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു.പുതിയ ബിൽ ഗാന്ധിയൻ വികേന്ദ്രീകരണത്തിന് എതിര്എന്ന വാദമാണ് സർക്കാർ ഉയർത്തിയത്. എങ്കിലും കേന്ദ്ര നിയമം പ്രാബല്യത്തിൽ വന്നതിനാൽ സംസ്ഥാനവും VB-G RAM G വിജ്ഞാപനം ചെയ്തു.
' തൊഴിലുറപ്പ് ഞങ്ങൾക്ക് വെറും തൊഴിലല്ല. മഴക്കാലത്ത് കഞ്ഞി കുടിക്കാനുള്ള ഉറപ്പായിരുന്നു. കുട്ടികളുടെ പഠിത്തം, അരിയുടെ കാശ്, ആശുപത്രി ചെലവ് – എല്ലാത്തിനും ഈ 100 ദിവസമാണ് ഞങ്ങളെ താങ്ങിനിർത്തിയത്.
റാംജി നമ്മുടെ അടുക്കളകളിൽ തീപുകയാതാക്കരുത്' ഇന്നലെ ഒരു തൊഴിലാളി സ്ത്രീ പറഞ്ഞു കേട്ട ഈ വാക്കുകൾ തൊഴിലുറപ്പ് നഷ്ടമാവുമെന്ന് ആശങ്കപ്പെടുന്ന മുഴുവൻ പേരുടെയും വികാരത്തിന്റെ ആകെയുള്ള പ്രതിഫലനമാണ്.