NewsAd1
അമരഗാനലോകത്ത് എസ് ജാനകി .
ആരോമൽ
11 July 2026, 4:44 pm
main image of news

സാന്ദ്ര മൗനത്തിലേക്ക് ദക്ഷിണേന്ത്യയുടെ വാനമ്പാടി. എസ്. ജാനകി (1938 ഏപ്രിൽ 23 - 2026 ജൂലൈ 11)

ആറു പതിറ്റാണ്ട് മലയാളിയുടെ നെഞ്ചിൽ പാടിയലിഞ്ഞ ആ സ്വരവസന്തം ഇനി ഓർമ. ‘ജാനകിയമ്മ’ എന്ന് കോടിക്കണക്കിന് ആസ്വാദകർ സ്നേഹത്തോടെ വിളിച്ച എസ്. ജാനകി 88-ാം വയസ്സിൽ വിടവാങ്ങി.

 image 2 of news

പല്ലപട്‌ലയിൽ നിന്ന് പാട്ടിന്റെ ലോകത്തിലേക്ക്: 1938 ഏപ്രിൽ 23-ന് ആന്ധ്രയിലെ ഗുണ്ടൂർ ജില്ലയിലെ പല്ലപട്‌ലയിൽ ആയുർവേദ വൈദ്യനായ സിസ്റ്റല ശ്രീരാമമൂർത്തിയുടെ മകളായി ജനനം. ഒൻപതാം വയസ്സിൽ വേദിയിൽ പാടിത്തുടങ്ങിയ കുട്ടി ജാനകി, ശാസ്ത്രീയ സംഗീതത്തിൽ ഔപചാരിക പരിശീലനം നേടാതെയാണ് പിന്നീട് ഇന്ത്യ കണ്ട ഏറ്റവും വലിയ പിന്നണി ഗായികമാരിലൊരാളായത്.

1957-ൽ വിധിയിൻ വിളയാട്ട് എന്ന തമിഴ് ചിത്രത്തിലൂടെ തുടങ്ങിയ യാത്ര 2017 വരെ നീണ്ടു. 60 വർഷം, 17 ഭാഷകൾ, 48,000-ലേറെ ഗാനങ്ങൾ. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ തിളങ്ങിയെങ്കിലും മലയാളത്തിനും കന്നഡയ്ക്കുമാണ് അവർ ഏറ്റവും കൂടുതൽ പാടിയത്.
മലയാളത്തിന്റെ സ്വന്തം ജാനകിയമ്മ
‘എത്ര സുന്ദരി സൗഭാഗ്യവതി’, ‘തുമ്പീ വാ തുമ്പക്കുടത്തിൻ’, ‘പൂങ്കാറ്റിനോടും കിളികളോടും’, ‘ആയിരം കണ്ണുമായി’ — ജാനകിയമ്മയുടെ ശബ്ദം പതിയാത്ത മലയാളി ഹൃദയമില്ല. ദേവരാജൻ മാസ്റ്റർ, ബാബുരാജ്, എം.എസ്. വിശ്വനാഥൻ, ഇളയരാജ, ജോൺസൺ, രവീന്ദ്രൻ തുടങ്ങി തലമുറകളുടെ സംഗീത സംവിധായകരുടെ പ്രിയപ്പെട്ട ശബ്ദമായി അവർ മാറി. യേശുദാസിനൊപ്പമുള്ള യുഗ്മഗാനങ്ങൾ മലയാളത്തിന്റെ പ്രണയകാലത്തിന്റെ ഒളിമങ്ങാത്ത സംഗീതശബ്ദരേഖയായി.
HomeAd1
 image 3 of news

ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും ഏത് രാഗവും അനായാസം കൈകാര്യം ചെയ്യുന്ന ആ മാന്ത്രികതയാണ് ജാനകിയമ്മയെ ‘ഗാനസരസ്വതി’യാക്കിയത്. 4 ദേശീയ അവാർഡുകളും 33 സംസ്ഥാന അവാർഡുകളും അവരെ തേടിയെത്തി. 2013-ൽ പദ്മഭൂഷൺ പുരസ്കാരം നിരസിച്ചത് ദക്ഷിണേന്ത്യൻ കലാകാരന്മാർക്ക് അർഹമായ അംഗീകാരം ലഭിക്കുന്നില്ലെന്ന നിലപാടിലായിരുന്നു.

സ്നേഹത്തിന്റെയും ലാളിത്യത്തിന്റെയും ആൾരൂപം:
1958-ൽ വി. രാംപ്രസാദിനെ വിവാഹം ചെയ്തു; 1996-ൽ അദ്ദേഹം വിടപറഞ്ഞു. ഏകമകൻ മുരളി കൃഷ്ണ. (കഴിഞ്ഞ വർഷം അന്തരിച്ചു ) പകിട്ടില്ലാത്ത ജീവിതം, വേദികളിൽ പോലും ആരവങ്ങളില്ലാത്ത സാന്നിധ്യം — പാട്ടുമാത്രമായിരുന്നു അവർക്ക് ആഘോഷം.

 image 4 of news

2016-ൽ പിന്നണിഗാനരംഗത്തുനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ പറഞ്ഞു: “ഇനി പാടില്ല, ശബ്ദം ദൈവം തന്ന സമ്മാനമാണ്, അത് മോശമാകുന്നത് കേൾക്കാൻ എനിക്കിഷ്ടമില്ല”.

ഒരു യുഗത്തിന്റെ പാട്ട് നിലച്ചു
ജാനകിയമ്മേ പോയപ്പോൾ നഷ്ടമായത് ഒരു ഗായികയെ മാത്രമല്ല, മലയാളിയുടെ ഗൃഹാതുരത കൂടിയാണ്. റേഡിയോ പെട്ടിയിൽ നിന്ന് കാസറ്റിലേക്കും കാസറ്റിൽ നിന്ന് ഡിജിറ്റലിലേക്കും കാലം മാറിയപ്പോഴും മാറാതെ നിന്നത് ആ ശബ്ദത്തിന്റെ മധുരമാണ്. ‘ദക്ഷിണേന്ത്യയുടെ മെലഡി റാണി’ എന്ന വിശേഷണം അന്വർഥമാക്കി, അവർ പാടിയ ഓരോ വരിയും ഇനി നമ്മുടെ ഏകാന്തതകളിൽ കൂട്ടിരിക്കും.

പ്രണയത്തിന്, വിരഹത്തിന്, ഭക്തിക്ക്, ഉത്സവത്തിന് — എല്ലാത്തിനും ഒരേ ശബ്ദമായിരുന്നു - ജാനകിയമ്മ. ആ സ്വരം ഇനിയില്ല. പക്ഷേ, ‘സന്ധ്യയ്ക്കു വിരിഞ്ഞ പൂവ്’ കൊഴിയുമ്പോഴും അതിന്റെ സുഗന്ധം ബാക്കിയാവുന്നതുപോലെ, ജാനകിയമ്മയുടെ പാട്ടുകൾ കാലത്തെ അതിജീവിക്കും.

സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ കൊച്ചുമകൾ അപ്സര വിദ്യുലയാണ് മരണ വിവരം പ​ങ്കുവെച്ചത്. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ഉച്ചയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ വൈകിട്ട് 7.30 ഓടെ മരിച്ചു

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞