NewsAd1
മിഷൻ 360: കാണാൻ പോകുന്ന പൂരം
ഡോ എസ് ശിവപ്രസാദ്
20 July 2026, 3:43 am
main image of news

ഇന്ത്യൻ പാർലമെന്റിന്റെ നിയമനിർമ്മാണ ചരിത്രത്തിലും രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടത്തിലും നിർണ്ണായക വഴിത്തിരിവാകാൻ പോകുന്ന വർഷകാല സമ്മേളനത്തിന് തിരിതെളിയുമ്പോൾ കേവലം ഭരണഘടനാപരമായ കടമകൾക്കപ്പുറം, കേന്ദ്ര ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള അതിശക്തമായ രാഷ്ട്രീയ പരീക്ഷണവേദിയായി ഈ സമ്മേളനം മാറും. സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം എന്ന അപ്രമാദിത്യത്തിലേക്ക് നീങ്ങുന്ന സർക്കാരും, അതിനെ എന്തുവിലകൊടുത്തും പ്രതിരോധിക്കുമെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷവും നേർക്കുനേർ വരുമ്പോൾ, സഭ കടുത്ത സ്തംഭനാവസ്ഥയിലേക്കും ഭരണഘടനാപരമായ വാക്പോരുകളിലേക്കും നീങ്ങാനാണ് സാധ്യത. 2024ലെ പൊതു തിരഞ്ഞെടുപ്പിൽ 293 അംഗബലം മാത്രം ഉണ്ടായിരുന്ന എൻ ഡി എ ഇരു സഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം എന്ന ലക്ഷ്യത്തിൽ തൊട്ടു തൊട്ടില്ല എന്ന നിലയിൽ നിൽക്കുമ്പോൾ വിശേഷിച്ചും .

കഴിഞ്ഞ ഏപ്രിലിൽ സമാപിച്ച ബജറ്റ് സമ്മേളനത്തിന് ശേഷം രാജ്യത്തെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് പരാജയങ്ങളും കക്ഷിമാറ്റങ്ങളും 'ഇൻഡ്യാ' സഖ്യത്തിലുണ്ടായ വിള്ളലുകളും പ്രതിപക്ഷ നിരയുടെ ആത്മവിശ്വാസം തളർത്തിയപ്പോൾ, എൻ.ഡി.എ. സഖ്യം സഭയിൽ കൂടുതൽ കരുത്താർജിച്ചു. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസിന്റെ പരാജയവും തുടർന്ന് 28ൽ 20 പേർ പ്രത്യേക ബ്ലോക്കായി ബിജെപിക്ക് അനുകൂലമായി നിന്നതും തമിഴ്‌നാട്ടിൽ ഡി.എം.കെ.ക്ക് നേരിട്ട തിരിച്ചടിയെ തുടർന്ന് ബിജെപിയോടുള്ള അവരുടെ സമീപനം മൃദുവായി തീർന്നതും മഹാരാഷ്ട്രയിൽ നിലനിൽപ്പിനായി ശരത് പവർ ബിജെപിയോട് വിട്ടുവീഴ്ച മനോഭാവത്തിന് തുനിഞ്ഞതും പ്രതിപക്ഷ കൂട്ടായ്മയ്ക്ക് കനത്ത ആഘാതമായി

 image 2 of news

മാറിയ സാഹചര്യങ്ങളെ കൃത്യമായി വിനിയോഗിച്ച്, നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും സുപ്രധാന ഭരണഘടനാ ഭേദഗതി ബില്ലുകൾ പാസാക്കിയെടുക്കുക എന്നതാണ് എൻ.ഡി.എ. ലക്ഷ്യം. ഇതിന്റെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന ഉന്നതതല യോഗം സഭാനടപടികളുടെ ആസൂത്രണം പൂർത്തിയാക്കിക്കഴിഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു, നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ എന്നിവർക്കൊപ്പം ജെ.ഡി.യു., ടി.ഡി.പി. തുടങ്ങിയ നിർണ്ണായക സഖ്യകക്ഷികളുടെ മുതിർന്ന നേതാക്കളും പങ്കെടുത്ത യോഗത്തിൽ പ്രതിപക്ഷത്തിന്റെ കടന്നാക്രമണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള കൃത്യമായ തന്ത്രങ്ങൾക്ക് രൂപം നൽകിയാണ് എൻ ഡി എ സമ്മേളനത്തിന് എത്തുന്നത്.

ദേശീയ തലത്തിൽ കടുത്ത സംവാദങ്ങൾക്കും രാഷ്ട്രീയ ധ്രുവീകരണത്തിനും വഴിതെളിച്ചേക്കാവുന്ന സുപ്രധാന ബില്ലുകളാണ് ഇത്തവണ സഭയുടെ പരിഗണനയ്ക്ക് വരുന്നത്. ഇതിൽ ഏറ്റവും നിർണ്ണായകം മണ്ഡല പുനർനിർണ്ണയവുമായി (Delimitation) ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ലാണ്. ഇതോടൊപ്പം 2029-ഓടെ വനിതാ സംവരണം യാഥാർത്ഥ്യമാക്കാനുള്ള പുതിയ ഫോർമുലയും, രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' (One Nation One Election) പദ്ധതിയും സഭയിലെത്തും. ഭരണഘടനയുടെ അന്തസ്സത്തയെ ബാധിക്കുന്ന മറ്റൊരു പ്രധാന ഭേദഗതിയും ഭരണപക്ഷം ലക്ഷ്യമിടുന്നുണ്ട്. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിമാരോ മന്ത്രിമാരോ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് 30 ദിവസത്തിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞാൽ അവരെ ഔദ്യോഗിക പദവിയിൽ നിന്ന് നേരിട്ട് നീക്കം ചെയ്യാനുള്ള വ്യവസ്ഥയാണത്.
HomeAd1
 image 3 of news

ഭരണഘടനാ ഭേദഗതി ബില്ലുകൾ പാസാക്കുന്നതിന് പാർലമെന്റിന്റെ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം അനിവാര്യമാണ് എന്നതുകൊണ്ടുതന്നെ സർക്കാരിന് മുന്നിലെ കടമ്പകൾ ചെറുതല്ല. കഴിഞ്ഞ സമ്മേളനത്തിൽ സംഖ്യാപരമായ കുറവുമൂലം പരാജയപ്പെട്ട മണ്ഡല പുനർനിർണ്ണയ ബിൽ ഇത്തവണ വിജയിപ്പിക്കുക എന്നത് ഏറെക്കുറെ സാധ്യമാണ് എന്നാണ് എൻഡിഎ കണക്കുകൂട്ടൽ. ലോക്സഭയിൽ ഏകദേശം 360 അംഗങ്ങളുടെ പിന്തുണയാണ് ഇതിനായി ഭരണപക്ഷത്തിന് വേണ്ടത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ വെച്ചു നോക്കുമ്പോൾ 354 അംഗങ്ങളുടെ പിന്തുണയാണ് എൻഡിഎ ഏറെക്കുറെ ഉറപ്പാക്കി കഴിഞ്ഞിട്ടുണ്ട്. 245 അംഗങ്ങളുള്ള രാജ്യസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 164 വോട്ടുകൾ ആവശ്യമായിരിക്കെ, നിലവിൽ എൻ.ഡി.എയ്ക്ക് 153 അംഗങ്ങളുടെ നേരിട്ടുള്ള പിന്തുണയുണ്ട്. വൈ.എസ്.ആർ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രാദേശിക കക്ഷികളുടെ പിന്തുണ ഉറപ്പാക്കി ഉപരിസഭയിലും ബില്ലുകൾ സുഗമമായി പാസാക്കാമെന്നാണ് സർക്കാരിന്റെ രാഷ്ട്രീയ കണക്കുകൂട്ടൽ.

ആറ് സുപ്രധാന ബില്ലുകളാണ് സമ്മേളനത്തിൽ അവതരിപ്പിക്കാൻ ലിസ്റ്റ് ചെയ്തിട്ടുള്ളത്. വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ-2026 (FCRA), ആദായനികുതി (ഭേദഗതി) ബിൽ-2026, സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബിൽ-2026, ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) ബിൽ-2026, ദേശീയ ആദരവിനെ അപമാനിക്കുന്നത് തടയൽ (ഭേദഗതി) ബിൽ-2026, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (MSME) വികസന (ഭേദഗതി) ബിൽ-2026 എന്നിവയാണ് പ്രധാന ബില്ലുകൾ.

 image 4 of news

ഇതിൽ വിദേശ ഫണ്ടിന്റെ വിനിയോഗത്തിൽ സുതാര്യത ഉറപ്പാക്കാൻ സർക്കാർ കൊണ്ടുവരുന്ന വിദേശ സംഭാവന ഭേദഗതി ബില്ലിനെച്ചൊല്ലി (FCRA) കടുത്ത ഏറ്റുമുട്ടലിന് ഒരുങ്ങുകയാണ് പ്രതിപക്ഷം. സ്വതന്ത്രമായി പ്രവർത്തിക്കുന്ന എൻ.ജി.ഒകൾക്കും സംഘടനകൾക്കും മേൽ ഭരണകൂട നിയന്ത്രണം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണിതെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആക്ഷേപം. ഇവ കൂടാതെ, വൻ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന 'വന്ദേമാതരം ബിൽ' (ദേശീയ ആദരവിനെ അപമാനിക്കുന്നത് തടയൽ (ഭേദഗതി) ഈ സമ്മേളനത്തിൽ സഭയിലെത്തും.

ദേശീയ പതാകയ്ക്കും ഭരണഘടനയ്ക്കും നൽകിയിട്ടുള്ള അതേ നിയമപരമായ പരിരക്ഷയും വിശുദ്ധിയും രാജ്യത്തിന്റെ ദേശീയ ഗീതമായ 'വന്ദേമാതര'ത്തിനും നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് ഈ ബിൽ. ഈ നിയമം പാർലമെന്റ് പാസാക്കിയാൽ, വന്ദേമാതരത്തെ അപമാനിക്കുകയോ, അത് ആലപിക്കുന്നത് തടസ്സപ്പെടുത്തുകയോ ചെയ്യുന്നവർക്ക് മൂന്ന് വർഷം വരെ തടവോ, പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. ഈ ബിൽ പ്രതിപക്ഷ നിരയിൽ കടുത്ത പ്രതിഷേധങ്ങൾക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഭരണപക്ഷത്തിന്റെ ഈ നീക്കങ്ങളെ പാർലമെന്റിനകത്തും പുറത്തും എന്തുവിലകൊടുത്തും ചെറുക്കാനാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ പ്രതിപക്ഷ സഖ്യം തീരുമാനിച്ചിരിക്കുന്നത്. മണ്ഡല പുനർനിർണ്ണയ ബില്ലിനെ പൂർണ്ണമായി എതിർക്കുന്ന പ്രതിപക്ഷം, വനിതാ സംവരണം കാലതാമസമില്ലാതെ നിലവിലുള്ള ലോക്സഭയിൽ തന്നെ ഉടൻ നടപ്പിലാക്കണമെന്ന കടുത്ത നിബന്ധന മുന്നോട്ടുവെക്കുന്നു. ഇതിനൊപ്പം, രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ ഉലച്ച നീറ്റ് (NEET) പരീക്ഷാ പേപ്പർ ചോർച്ചയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയും അവർ പ്രധാന ആയുധമാക്കും. രാമക്ഷേത്ര നിർമ്മാണത്തിലെ അഴിമതി ആരോപണങ്ങൾ, കാണിക്ക മോഷണം, ലഡാക്ക് വിഷയത്തിൽ സോനം വാങ്‌ചുക്കിന്റെ സമരം, പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയ ജനകീയ വിഷയങ്ങൾ മുൻനിർത്തി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞