പാറ്റകളുടെ നാട്ടിൽ ഒരു ഇടവേള
മോഹനകൃഷ്ണൻ
23 July 2026, 2:19 am
I am ashamed to live alone,desolate,and away from the people. To be an ascetic today is to live among the people to fight to climb Golgatha and to be crucified every day.Every day not just on Good Friday.( The Fratricides, Nikos Kazant zakis)
അറിയാതെ നീളുന്ന രാവുകളെ ചിമ്മിനി കത്തിച്ച്(burning the midnight oil) പകലാക്കി, നമ്മുടെ കുഞ്ഞുങ്ങൾ നെയ്ത കിനാവുകളെയാണ് സാമദ്രോഹികൾ ചവിട്ടി അരച്ചത്.
ഈ വീഴ്ചയുടെ ഉത്തരവാദികൾ പുറത്താക്കപ്പെട്ടില്ല. അവർ ശിക്ഷിക്കപ്പെട്ടില്ല കുട്ടികളെ സാന്ത്വനിപ്പിക്കാനും ആരും വന്നില്ല.തിണ്ണ ബലം കാട്ടാനായിരുന്നു പലർക്കും തിടുക്കം.. പുര കത്തുമ്പോൾ വീണ മീട്ടാമോ ?
എല്ലാ പാർട്ടി മൊതലുകൾക്കും ആപ്പിസുള്ള ദില്ലിയിൽ അവരവരുടെ ആപ്പീസു നടയിൽ ഒരു ടാർപ്പ കെട്ടി രണ്ടു ബാനറും വച്ച് ഫരീദാബാദിൽ നിന്നും പത്തു പേരെ ദിവസ കൂലിക്കു നിയോഗീച്ചിരുന്നെങ്കിൽ പാറ്റകൾക്കു പിന്നാലെയുള്ള പയനം ഒഴിവാക്കാമായിരുന്നു.എന്തു ചെയ്യാം .വിവേക് വരാൻ വൈകും.
ഫലശ്രുതി : സീനിയർ സിംഹങ്ങൾ ഇനി ഇന്നലെ കുരുത്തവരെ തലയിലേറ്റണം.. തെരുവിൽ ആനയിക്കണം
രാശി വശാൽ സദാനന്ദന്റെ നല്ല സമയമാണിത്. സഭയിൽ രണ്ടിലധികം അംഗബലമുള്ള അബലകളെ നെടുകയും ഏകാംഗ വിധവകളെ കുറുകെയും പിളർത്തുന്ന തിരക്കിലാണ് അദ്ദേഹം.ജനായത്തം ശക്തമാകാൻ എന്തൊരു തൊന്തരവാണ്. ആരറിയുന്നു ഈ രാമന്റെ ദു:ഖം!
ഉന്നത ന്യായസനം ഉരുവിട്ട വാക്കിലാണ് ജൻസിയുടെ ഇന്ത്യൻ പതിപ്പ് ഉയിരിട്ടത്. , എലിയും പറയും തിരിച്ചറിയാത്ത കുറെ കൗമാര കുതൂഹലങ്ങളുടെ കൂന്തളിപ്പ്., ഇതു പിള്ളേരുകളിയോ ഞണ്ടു കളിയോ ?
നൂറ്റാണ്ടു പിന്നിട്ട കോൺഗ്രസിനും നിലവിലെ നേതാക്കൾക്കും ഏതാണ്ട് ഒരേ പ്രായാധിക്യം. ബോയിലർ ചൂടായി വരാൻ സമയമെടുക്കും. അതുവരെ
ദേശീയ വിഷയങ്ങൾ പടിക്കൽ ക്യൂ നിൽക്കണം. മാത്രമല്ല
അപൂർവ്വമായി ഇന്ത്യാ സന്ദർശനത്തിനെത്തുന്ന യുവ തുർക്കിയുടെ സമയവും നോക്കണം.
ഖാർഗെയുടെ പിറന്നാളിന് അമ്മ ചുട്ട പാലപ്പം തിന്നാൻ പോയ സതീശനെയാണ് ജാഥയിൽ കയറ്റി വിട്ടത്. എന്താ കഥ!
അധികാര ചേരികൾ ആമയും മുയലും ആയതോടെ പ്രതിസ്പന്ദങ്ങൾ സമയവും സൗകര്യവും നോക്കി മതി എന്നത് ആചാരമായി തീർന്നു. പ്രതിപക്ഷവും ആ മോഡിലേക്കാണ് മാറിയത്.
പക്ഷേ 140 കോടി ജനങ്ങളാണ് സഭക്കു പുറത്തുള്ളതെന്ന വിചാരം ഭരണക്കാർക്കു വേണം. ജനായത്തിൽ കുത്തകകളില്ല.
ദില്ലിയിലെ ഒരു സാദാ പോലീസുകാരനു മുന്നിൽ പോലും.തന്റെ ഐഡന്റിറ്റി വിശദീകരിക്കേണ്ടി വരുന്ന ഒരു ആഗോള പാർട്ടി ജനറൽ സെക്രട്ടറിയുടെ സങ്കടവും നാം കണ്ടു.ദില്ലി വിട്ടാവാം ഇനി വിപ്ലവം വരിക. ഏതായാലും കൂട്ടുവന്ന രാധാകൃഷ്ണനൊപ്പം നമുക്കിപ്പോൾ സ്കൂട്ടാകാം. അതാണ് ശരിയായ പാർട്ടി നിലപാട്.രാജ്യത്തെ ഏറ്റവും വലിയ സഖാവിനെയും ആ വഴിക്കൊന്നും ആരും കണ്ടില്ല. ഭയം,ഭാവി, ഭൂതം.
കാലിലെ ആണിരോഗം മുതൽ കാൻസർ വരെ ഭേദമായ അനുഭവ സാക്ഷ്യവുമായി സോഷ്യൽ മീഡിയയിൽ പതപ്പിക്കുന്ന നാട്ടുവൈദ്യരെ തേടിയാണ് മലയാളിയുടെ ഇന്നത്തെ സഞ്ചാരങ്ങൾ. അതിൽ അമ്പലവാസി മുതൽ ഐഎഎസു വരെയുണ്ട്. പണ്ടിത് കാനാടി ചാത്തനായിരുന്നു. ഇതിന്റെ ആഗോള വെർഷനാണ് ഇന്നത്തെ പാറ്റ..കൗമാരത്തിന്റെ അസുഖം വേറെയാണ്. കന്നം തിരിവു കൂടുന്തോറും ലൈക്കും ഷെയറും കൂടും. ജെൻസിയുടെ വായിൽ ബർഗറും വാവിട്ട വൈരുദ്ധ്യവും ചിന്തയിൽ ഡീപ് സ്റ്റേറ്റുമാണന്ന് ആരോപണങ്ങൾ. ബിജെപിയുടെ അനിയനെന്നും പുറം സംസാരം.അന്താരാഷ്ട്ര ഗൂഢാലോചനയും സംശയിക്കുന്നു.സി ഐഎ പുറത്തുവിട്ട ക്രമത്തിൽ തന്നെയായിരുന്നു കാര്യ പരിപാടികളും.
ആശമാരെ കാണാത്ത മലയാളത്തിന്റെ മാതാവ് രഞ്ജിനിഹരിദാസ് വിസ്മയമോഹൻലാൽ, ഇതര മഹിളാ മണികൾ മുതൽ പേർക്ക് പൗരബോധം കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതെ പാറ്റകളായി.പാറ്റാ ഗുളിക കൂടുതൽ വേണ്ടിവരും.
ബോസ്റ്റണിൽ കമ്മ്യൂണിക്കേഷൻ പഠിക്കാൻ പോയ അഭിജിത്ത് ദിപ്കെ എന്ന പൂമ്പാറ്റ അസുഖമുള്ള ചെക്കനാണ്. മണ്ട പീനസം.അസുഖം വരുമ്പോൾ വാതിലടച്ച് ഇരുട്ടിൽ ദിവസങ്ങളോളം തുടരും. വെളിച്ചം കണ്ടാൽ വയലന്റാകും. അതാണ് ഈ വ്യാധിയുടെ ഗുരുതര അവസ്ഥ.ചൂട് താങ്ങാൻ കഴിയാതെ മണിക്കൂർ വിട്ട് ഏസിയീൽ ചുരുളുന്ന ഈ യുവത്വം കൂട്ടിയാൽ കൂടുന്നതാണോ ഇന്ത്യൻ രാഷ്ട്രീയം. അടുത്ത തെരഞ്ഞെടുപ്പിൽ ഒരു തോറ്റ എംപിയെയോ എംഎൽഎ യെയോ കണ്ടാൽ സംശയിക്കേണ്ട. അത് ഈ മൈന തന്നെ.
സാധുവാണ് സോനം വാഞ്ചുക്. ലഡാക്കിൽ ഒരു മുഖ്യനാകുക എന്നത് ലളിതമായ ആഗ്രഹം . അതുവരെ ഫണ്ടു വേണം. ജീവിക്കാൻ കലാലയ യൂണിയൻ സമാരോഗിൽ അര മണിക്കുർ പ്രസംഗത്തിന് കൂലി പത്തുലക്ഷം രൂപ. ദില്ലി നിരക്ക് അറിയില്ല.ഇവരാണ് ഇന്നത്തെ നവഭാരത ശില്പികൾ!
ആരു ഭരിച്ചാലും ദില്ലിയുടെ സുരക്ഷാ സോണുകളിലെ നിയമ ലംഘനം വച്ചു പൊറുപ്പിക്കാൻ കഴിയുമോ?ശത്രുക്കൾക്ക് ഇടം മാർക്കു ചെയ്തു നൽകുന്ന പണിയാണത്.ആരു ഭരിച്ചാലും പ്രധാനമന്ത്രിയുടെ വസതി വളയാൻ ഇത് ശ്രീലങ്കൻ പ്രസിഡന്റിന്റെ കൊട്ടാരമല്ല. മിതത്വമല്ലാത്ത സമീപനങ്ങൾ അപകടകരമാണ്.
ശിപായി ലഹളയെ ഒന്നാം സ്വാതന്ത്ര്യ സമരമായി വിശേഷിപ്പിത് സവർക്കറായിരുന്നു.എലിസബത്ത് റാണി തുടർ നീക്കം പൊളിച്ചു. 1947ൽ സ്വാതന്ത്ര്യം നൽകി രാജ്യം നമ്മെ പ്രലോഭിപ്പിച്ചു. ജയപ്രകാശ് നാരായണന്റെ സമ്പൂർണ വിപ്ലവത്തിന്റെ കട പൂട്ടിച്ചത് ഇന്ദിര.
തോൽവികൾ ഏറ്റുവാങ്ങാൻ നാട്ടിലെ കുട്ടിച്ചാത്തൻമാരുടെ ജീവിതം ഇനിയും ബാക്കി.!
അതെ,
പരീക്ഷകൾ നീറ്റ് ആയാലും കേരള പി എസ് സി ആയാലും പങ്കെടുക്കുന്നവരെ വലയ്ക്കാതെ നടത്തണം. അതിൽ കള്ളം കലക്കുന്നവരെ പടിക്കു പുറത്തു നിറുത്തണം. ഭരണത്തിലുള്ളവർ കിടക്കപ്പായയിൽ മുണ്ടും മൂടിയുറങ്ങുമ്പോൾ മൂത്രമൊഴിച്ച് കൂടെ കിടന്നുറങ്ങുകയല്ല പ്രതിപക്ഷ ധർമ്മം.
എവിടെ ധർമ്മത്തിന് ഗ്ലാനി സംഭവിക്കുന്നുവോ,
സംഭവാമി യുഗേ യുഗേ...