NewsAd1
ജനാധിപത്യത്തിന്റെ ഉന്മാദത്തിൽ ജനക്കൂട്ടം
രജനി അശോക്
24 July 2026, 4:10 am
main image of news

ടിയാനൻമെൻ ചത്വരത്തിൽ പൗരാവകാശങ്ങൾ സംരക്ഷിക്കാൻ വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭം ദിവസങ്ങൾ കൊണ്ട് വേരോടെ മാന്തി എറിയാൻ ഏകാധിപത്യ ചൈനീസ് ഭരണകൂടത്തിനു കഴിഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യം പറഞ്ഞു ഒരു കുട്ടിച്ചാത്തനും വന്നില്ല;വന്നാൽ കുടുംബസമേതം അടുത്തനാൾ തങ്ക സൂര്യോദയം കാണില്ലെന്ന് അറിയാവുന്നതു കൊണ്ടു തന്നെ.

പൊതുജന ജിഹ്വകൾ എന്ന മാധ്യമവിശാരദരെയും ഒപ്പാരുകാരെയും ജീവനോടെ ചീന പാതാളത്തിൽ ചവുട്ടിത്താഴ്ത്തിയിട്ട് ഏതാനും പതിറ്റാണ്ടുകൾ കഴിഞ്ഞു. മിലിട്ടറി ടാങ്കുകൾ കയറ്റി ഇറക്കിയാണ് യുവതയെ വകവരുത്തിയത്. മറ്റു രാജ്യങ്ങളിലിരുന്നു പൗരാവകാശ ധ്വംസനങ്ങളെ കുറിച്ച് പറഞ്ഞ് കലിപ്പു തീർക്കാൻ മാത്രമായിരുന്നു ലോക പൗരാവകാശ സംരക്ഷകരുടെ വിധി.

 image 2 of news

ഇന്ന് അമേരിക്കയെ തള്ളി ചൈന മുന്നേറുമ്പോൾ ഒരു ജനതയ്ക്കു നൽകാൻ കഴിയുന്ന പരമാവധി ക്ഷേമവും ഐശ്വര്യവും ഒരു ഭരണകൂടം നൽകി കഴിഞ്ഞിരിക്കുന്നുവെന്നതിനെ ഏത് സിദ്ധാന്തം കൊണ്ട് നിർവ്വചിക്കും?

ക്ഷേമ രാഷ്ട്രം കെട്ടിപ്പെടുക്കാൻ ഏകകക്ഷി ഭരണവും ഏകാധിപത്യവുമാണ് നന്നെന്ന് ചീനൻമാർ പുതിയ കാലത്തു തെളിയിച്ചുവെന്നേയുള്ളു .ജന സംഖ്യ കൂടിയ ഇടങ്ങളിൽ നടപ്പാക്കേണ്ട ഒരു സംവിധാനമായും ചൈനീസ് മോഡൽ മാറിയിരിക്കുന്നു.
HomeAd1
 image 3 of news

ശാസ്ത്രീയ സോഷ്യലിസവും കാപ്പിറ്റലിസവും ദേശീയതയും സമാസമം മിക്സ് ചെയ്ത ഉരുപ്പടിയാണ് ഇന്നത്തെ രാജ്യങ്ങൾക്കുള്ള ഒറ്റമൂലി എന്നു തോന്നുന്നു.

നാവടക്കൂ പണിയെടുക്കൂ എന്നു നല്ല അർത്ഥത്തിൽ പറഞ്ഞ ഇന്ദിരാഗാന്ധിയെ ആവിഷ്കാര അപ്പോസ്തലന്മാർ എടുത്ത് ഉടുക്കുകയായിരുന്നല്ലോ.ജനാധിപത്യത്തിന്റെ ഘാതകി എന്നായിരുന്നു വിളിപ്പേര്. അതു ചീനയിൽ നടപ്പാക്കിയപ്പോൾ നാവെടുക്കാൻ ഒരു കുഞ്ഞപ്പനുമുണ്ടായില്ല.

 image 4 of news

ബുദ്ധന്റെ കാലത്തു പതിനാറു ജനപദങ്ങളായിരുന്നു ഭാരതത്തിൽ നിലവിലിരുന്നത്.അതിൽ ഏകാധിപത്യ ഭരണ കൂടങ്ങളും ലിച്ചാവി,മല്ലം തുടങ്ങിയ ഗണപദങ്ങളും ഉൾപ്പെട്ടിരുന്നു.ബുദ്ധനാണ് ഗണപദങ്ങൾക്കു പ്രോട്ടോക്കോൾ ചമച്ചത്.കാലക്രമേണ ഗണരാജ്യങ്ങൾ ഏകാധിപത്യത്തിലേക്കു മാറുകയായിരുന്നു. സുഖവും ക്ഷേമവും സുരക്ഷയും ഗണരാജ്യങ്ങളെക്കാൾ ഏകാധിപത്യത്തിൽ ജനങ്ങൾ കണ്ടെത്തി. ഗണരാജ്യങ്ങളിൽ കൂടിയാലോചനകൾ മാത്രം കനം വെക്കുകയും തീരുമാനങ്ങൾ വൈകുകയും ചെയ്തപ്പോൾ ഏകാധിപതി നിമിഷങ്ങൾ കൊണ്ട് തീരുമാനം നടപ്പാക്കി.

ഏകാധിപത്യത്തിൽ ഒരാളെ മാത്രം മാനിച്ചാൽ മതിയെങ്കിൽ ഗണാധിപത്യത്തിൽ മുക്കിലും മൂലയിലുമുള്ള എല്ലാ ഗണനായകരെയും പേടിക്കേണ്ടി വന്നു. ഏകാധിപതികളിൽ നിന്നുള്ള നിരന്തര ആക്രമണങ്ങളും ഗണപദത്തിലെ പ്രജകൾ അനുഭവിക്കേണ്ടി വന്നു. ഈ സവിശേഷ സാമൂഹിക അരാജക സാഹചര്യത്തിലാണ് ശൈശവ വിവാഹം ആരംഭിക്കുന്നത്.മംഗലം കഴിഞ്ഞവരെ ബഹുമാനിച്ചിരുന്ന സാമൂഹിക മൂല്യമായിരുന്നു ഈ സംവിധാനത്തിന്റെ പ്രസക്തി.പിന്നീട് മറ്റു കാര്യങ്ങളിലെ പോലെ ഇതും ദുഷിച്ചു പോയി.

തൻ പോരിമയും താന്തോന്നിത്തവും ജനായത്തത്തിന്റെ പേരിൽ അനുഭവിച്ചവരാണ് നാം.പരമാധികാര ജനാധിപത്യ പ്രഘോഷണങ്ങൾ തികച്ചും ചാരിത്ര്യ പ്രസംഗമായി മാത്രം മാറുന്നു. രാഷ്ട്രത്തെ തകർത്തു കൊണ്ട് തിരുത്തലുകൾക്കു ശ്രമിക്കുന്നവരുടെ കോടാലിക്കൈകളായി ഇന്നത്തെ ജനാധിപത്യ സംരക്ഷകർ മാറുന്നുണ്ടോ?

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞