NewsAd1
വല്ലവരുകൊയ്യും വയലെല്ലാം.....
ഡോ എസ് ശിവപ്രസാദ്
27 July 2026, 1:53 am
main image of news

ഘടാഘടിയന്മാരായ നൂറോളം എം പി മാരുള്ള കോൺഗ്രസ്സ്. ജെൻസി ഉൾപ്പെടുന്ന യുവതയുടെ തള്ളിച്ച കൊണ്ട് വീർത്ത കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻ എസ് യു. തീയിൽ കുരുത്ത യുവതകൾ ഉള്ള എസ് എഫ് ഐ. ഇവറ്റകൾക്ക് സാധിക്കാത്ത പണിയാണ് പാറ്റ പയ്യന്മാർ പറിച്ചെടുത്തത്. യുവരക്തം തിളക്കുന്നതിന്റെ ഒച്ചകൾ തെറിവിളിയായും ലൈംഗിക ചേഷ്ടകളായും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളായും ഉയർന്ന ജന്തർ മന്തർ കോരിത്തരിച്ചു. വണ്ടിയും വള്ളവും പിടിച്ച് ഒഴുകിയെത്തിയവർ. ആസാദിക്കു വേണ്ടി അലമുറയിടുന്ന ടുക്കഡേ ടുക്കഡേ ഗാങ്ങുകൾ. പ്രധാനമന്ത്രിയുടെ പ്രായം പോലും പരിഗണിക്കാതെയുള്ള അശ്ലീല പരാമർശങ്ങൾ. മാധ്യമപ്രവർത്തകർക്കും പോലീസിനും നേരെ രാജ്യ തലസ്ഥാനത്ത് അക്രമം അരങ്ങേറുമ്പോൾ സ്വയരക്ഷക്കായി ആയോധനമുറ പുറത്തെടുത്ത് പോലീസ്. തരംതാണ പ്രവർത്തികളും മുദ്രാവാക്യങ്ങളും പുറത്തെടുത്തവർ ഞങ്ങളുടെ കൂട്ടരല്ല എന്ന് പിറുപിറുക്കുക പോലും ചെയ്യാതെ പട്ടിണി സമരവുമായി പാറ്റകൾ. പാറ്റകളോട് പറയാതെ പറ്റിക്കിടന്ന് പട്ടിണി സമരത്തിന്റെ പങ്ക് പറ്റാൻ ശ്രമിക്കുന്ന തൽപര കക്ഷികൾ. പിടിപ്പുകേടുകളുടെ പര്യായമായ പ്രതിപക്ഷ പാർട്ടികൾ പാറ്റകൾക്ക് പിന്നാലെ പായുന്ന പരിതാപരമായ കാഴ്ച.

അറിയാത്തിടങ്ങളിൽ നിന്ന് എത്തുന്ന ആഹാരം പങ്കുവച്ച് മോദി വിരുദ്ധത എന്ന വൺ പോയിന്റ് അജണ്ടയുടെ പേരിൽ പരസ്പരം ആശ്ലേഷിക്കുന്ന തമ്മിലറിയാത്ത സമര സ്നേഹികൾ. സാമൂഹ്യ മാധ്യമങ്ങളിൽ പോസറ്റിട്ട് മതിമറക്കുന്ന മത പുരോഹിതന്മാർ. തലക്കെട്ടുകൾക്കായി തലപുകച്ച് ദേശ - വിദേശ മാധ്യമങ്ങൾ. തന്ത്രപരമായ പിഴവിനെ പഴിക്കാതെ പ്രതിപക്ഷ പരാജയത്തെ പരിഹസിച്ച് ബിജെപി. പുതു തലമുറയെ കേൾക്കണമെന്ന ഓർമ്മപ്പെടുത്തലുമായി ആർ എസ് എസ്. ജെൻസിയുടെ ‘സമാധാന’ സമരമുറ പാർലമെന്റിലേക്ക് കടക്കുന്നതും കാത്ത് കുത്തിയിരിക്കുന്ന കുത്തിത്തിരിപ്പുകാർ. അതിനിടയിൽ അതാ എത്തുന്നു സമരക്കാരുടെ മോഹങ്ങൾക്കുമേൽ മഞ്ഞുവീഴ്ചയായി ധർമ്മേന്ദ്രപ്രധാന്റെ രാജി. സമരക്കാരുടെ ഡിമാന്റുകൾ മുഴുവനായിസർക്കാർ അംഗീകരിക്കുന്നു. സംയുക്ത വാർത്താ സമ്മേളനം. മോദി ഭരണകാലത്തെ അപൂർവ പ്രതിഭാസമായ രാജിയിൽ മതിമറന്ന് ആഹ്ലാദിക്കുന്നവർ. ആദ്യ വിക്കറ്റേ വീണുള്ള എന്ന് പ്രസ്താവിച്ച് കഥ തുടരും എന്ന് വ്യക്തമാക്കി ദീപ്കെ. റീ ലോഞ്ച് മോഹത്തിന്റെ വക്ര ബുദ്ധിയുമായി രാഹുലും കോൺഗ്രസ്സും. രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും എന്ന മട്ടിൽ ബില്ലുകളുമായി സഭാ സമ്മേളനത്തിലേക്ക് തയ്യാറായി മോദിയും കൂട്ടരും. ഒന്നാം ഭാഗം ഇവിടെ അവസാനിക്കുന്നു. അങ്കം തുടരും

 image 2 of news

മത്സര പരീക്ഷകളുടെ അനിവാര്യമായ സുതാര്യത മാത്രമായിരുന്നു ലക്ഷ്യം എന്ന് തുറന്ന മനസ്സോടെ സമ്മതിക്കാത്തവരും വിദ്യാർത്ഥികളെ ഭരണ മാറ്റത്തിനായുള്ള രാഷ്ട്രീയ ആയുധമായി ഉപയോഗിച്ച സമരമുറയാണ് രാജ്യ തലസ്ഥാനത്ത് നടന്നത് എന്ന വാദം ഉയർത്തുന്നവരും തമ്മിലുള്ള അങ്കമാണ് വരാനിരിക്കുന്നത്. കർഷക സമരം , പൗരത്വ നിയമം, ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് , എസ് ഐ ആർ , ദേശീയപാഠ്യ പദ്ധതി എന്നിവയിലെ കേന്ദ്രസർക്കാർ സമീപനത്തിൽ നിയമപരമായി ഒന്നും ചെയ്യാനാകാത്ത അതൃപ്ത മനസ്സുകളുടെ ഒത്തുചേരലും അരങ്ങേറിയപ്പോൾ സംഭവിച്ച കാര്യങ്ങൾ ആർക്ക് നഷ്ടമാകും ആർക്ക് മുതൽക്കൂട്ടാവും എന്നത് കണ്ടറിയണം. മൂന്നാം വട്ട മോദി സർക്കാർ കാലത്തും അടിസ്ഥാനപരമായ ആവശ്യങ്ങൾക്ക് വേണ്ടി ജനം തെരുവിൽ ഇറങ്ങേണ്ടി വരുന്നത് ന്യായീകരിക്കാൻ ആവില്ല. ആത്മഹത്യ ചെയ്യുന്നവർക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടതിന്റെ ന്യായാ ന്യായങ്ങളും ധാർമിക ഉത്തരവാദിത്വത്തിന്റെ പേരിലുള്ള രാജിയെക്കുറിച്ചും എൻട്രൻസ് മാഫിയകളെ നിലക്ക് നിർത്തുന്നതിനെപ്പറ്റിയും സമരത്തിനിടയൽ നുഴഞ്ഞു കയറി അക്രമം കാട്ടുന്നവരെ എപ്രകാരം കൈകാര്യം ചെയ്യണം എന്നതിന്മേലും പാർലമെന്റ് ചർച്ചകൾ ഉണ്ടാവട്ടെ .

ആഗോളതലത്തിലെ ഗൂഢാലോചനയുടെ ഭാഗമായാണോ പാറ്റകളെ പറത്തിവിട്ടത് എന്ന സംശയം കൂടുതൽ ബലപ്പെടുന്നു. അന്യ രാജ്യങ്ങളിലെ ജെൻസി പ്രക്ഷോഭങ്ങളെ ഓർമിപ്പിക്കും വിധം പാറ്റകൾ പാർലമെന്റിലേക്ക് മാർച്ച് ചെയ്തിരുന്നെങ്കിൽ രാജ്യത്തിന് സംഭവിക്കാമായിരുന്ന ജനാധിപത്യ മുറിവ് ആഗ്രഹിക്കുന്ന വിദേശ രാഷ്ട്രങ്ങളോടൊപ്പം തദ്ദേശീയരും ഉണ്ട് എന്നത് പ്രധാന്റെ രാജിവഴി ഒഴിവായി.
HomeAd1
 image 3 of news

ജനാധിപത്യത്തെയും പാർലമെന്റിന്റെ പവിത്രതയെയും രാജ്യത്തെയും രക്ഷിച്ചു എന്ന് ഇനി മോദി അവകാശപ്പെടും. അയോദ്ധ്യ , ബദരിനാഥ് വിഷയങ്ങളിൽ ഒലിച്ചു പോകുമായിരുന്ന അടിസ്ഥാന വോട്ടുകളെ തിരികെ ബിജെപി പാളയത്തിൽ എത്തിക്കാനും സമരം സഹായകമാകും.

മൂന്നാം വട്ട ഭരണത്തിന്റെ സ്വാഭാവിക അഹങ്കാരത്തിൽ ശത്രുവിനെ നിസ്സാരമായി കാണുന്ന ബിജെപിയുടെ പതിവ് പരിപാടി ഇനി പഴയ രീതിയിൽ വിലപ്പോവില്ല. ഇത് ആദ്യ വിക്കറ്റ് മാത്രം എന്ന് പറയുന്ന അഭിജിത്ത് ദീപ്കെയുടെ ഭാവി മോഹങ്ങൾ ഈ വഴിയിലാണ് സഞ്ചരിക്കുന്നത് എങ്കിൽ രാജ്യത്തിന് അത് ഒട്ടും ഗുണകരമാവില്ല .എൻട്രൻസ് മാഫിയകൾക്കെതിരെയും മറ്റു സംസ്ഥാനങ്ങളിലെ ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ചും പാറ്റകൾ മൗനം പാലിക്കുമ്പോൾ വിശേഷിച്ചും. കാണാൻ പോകുന്നത് ഇതൊക്കെയാണ് ..

 image 4 of news

‘ഇറ്റ് മസ്റ്റ് കൺടിന്യൂ’ എന്നാഗ്രഹിക്കുന്ന പ്രതിപക്ഷ നേതാവിനോട് ഒന്നു മാത്രമേ പറയാനുള്ളൂ. കോൺഗ്രസ് പിരിച്ചുവിടാൻ പറ്റിയ ഏറ്റവും നല്ല സമയമാണിത്.

പാറ്റകളെ പുകഴ്ത്തിയില്ലെങ്കിൽ കൂടി പേരെങ്കിലും പരാമർശിക്കാനുള്ള ധൈര്യം പോലും ഇല്ലാത്ത പ്രതിപക്ഷ നേതാവ്. മുണ്ടും മടക്കി കുത്തി പാറ്റകൾക്കൊപ്പം അലഞ്ഞ് നടന്ന് സമരവീര്യം ചോരാതെ നോക്കിയ കമ്മ്യൂണിസ്റ്റ് നേതാക്കൾ, കോൺഗ്രസിനും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും അവരുടെ വിദ്യാർത്ഥി - യുവജന സംഘടനകൾക്കും കഴിയാത്തതാണ് പാറ്റകൾ പറ്റിച്ചെടുത്തത് എന്നിരിക്കെ നാട്ടിൽ ഇനി എന്തിന് ഇടത് വലത് യുവജന സംഘടനകൾ. സ്വയം പിരിഞ്ഞ് അവരും പാറ്റ പാർട്ടിയിൽ ലയിക്കട്ടെ.
……

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞