സോറി പപ്പാ...സോറി മമ്മി...
ഡോ എസ് ശിവപ്രസാദ്
27 July 2026, 6:25 pm
മക്കളെ കണ്ടും മാമ്പൂ കണ്ടും മദിക്കരുത് എന്ന് എത്ര പറഞ്ഞാലും മനസ്സിലാകാത്ത മാതാപിതാക്കളാണ് മലയാളഭൂമിയിലും ഭാരതത്തിലും ഉടനീളം ഉള്ളത്. മക്കളുടെ മാനസിക വ്യാപാരത്തിലേക്ക് പരകായ പ്രവേശം ചെയ്യാനുള്ള പ്രത്യേക കഴിവ് പരമ്പരാഗതമായി സിദ്ധിച്ചവരാണ് രാജ്യത്തെ മാതാപിതാക്കളിൽ സിംഹഭാഗവും. അവരത് ഭംഗിയായി ഇന്നും നിർവഹിച്ചു പോരുന്നു.
കാലം മാറി കഥ മാറി. മാറാത്തത് മാതാപിതാക്കൾ മാത്രം. പോസ്റ്റ് കാർഡിൽ നിന്ന് ഇൻസ്റ്റായിലേക്കും ലവ് ലെറ്ററിൽ നിന്ന് ഡേറ്റിങ്ങിലേക്കും കാര്യങ്ങൾ മാറി മറിഞ്ഞതും നാം രഷിതാക്കൾ സൗകര്യപൂർവ്വം മറക്കുന്നു.
മക്കളുടെ ജീവനേക്കാളും സന്തോഷത്തേക്കാളും മൂല്യമുള്ളതല്ല ഒരു റാങ്ക് ലിസ്റ്റും എന്ന് മാതാപിതാക്കൾ മനസ്സിലാക്കിയാൽ ‘സോറി പപ്പാ സോറി മമ്മി’ എന്ന ആമുഖത്തോടെ നാളതുവരെയുള്ള ആയുസ്സിന്റെ മുഴുവൻ സങ്കടവും നിരാശയും നിസ്സഹായാവസ്ഥയും കണ്ണീർ മഷി കൊണ്ട് ഒരുതുണ്ട് കടലാസിൽ കുറിച്ചിട്ട് സ്വന്തം സ്വപ്നങ്ങൾ ബാക്കിയാക്കി ഒരു കുഞ്ഞും മണ്ണിലേക്ക് അലിയില്ല. മറിച്ചെങ്കിൽ ആ വിട പറയലിന്റെ ആദ്യ ഉത്തരവാദികൾ നാം രക്ഷിതാക്കൾ മാത്രമാണ്.
മാതാപിതാക്കളുടെ വൈകാരികമായ ബ്ലാക്ക് മെയ്‌ലിംഗിന്റെ ഇരകളായി മാറി മത്സര പരീക്ഷകളിൽ പങ്കെടുക്കുകയും ആഗ്രഹിച്ച വിജയം നേടാൻ കഴിയാതെ വരികയും ചെയ്യുന്നതിനെ തുടർന്നാണ് പല കുഞ്ഞുങ്ങളും ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നത്. ഇത്തരം വികാര വിക്ഷോഭങ്ങൾക്കിടയിൽപ്പെട്ട് ചതഞ്ഞരയുകയാണ് പലപ്പോഴും നമ്മുടെ ബാല്യ കൗമാരങ്ങൾ. കളിയും പ്രേമവും കുറ്റമായി കണ്ട ആ പഴയ മാതാപിതാക്കളിൽ നിന്ന് മാറിചിന്തിക്കുന്ന മാതാപിതാക്കൾ വിരളം. അവനവന് സാധിക്കാത്തത് കുഞ്ഞുങ്ങളിലൂടെ എന്നചിന്തിക്കുന്ന അത്തരക്കാരുടെ ദുരാഗ്രഹത്തെയാണ് രാജ്യത്തെ എൻട്രൻസ് മാഫിയ മുതലെടുക്കുന്നതും.
അന്തസ്സിന്റെയും അഭിമാനത്തിന്റെയും പഴയ ചേരുവകൾ പുതിയ ലോകക്രമത്തിൽ അപ്പാടെ മാറി കഴിഞ്ഞിരിക്കുന്നു. മനസ്സില്ലാ മനസ്സോടെ മറ്റാരെയെങ്കിലും തൃപ്തിപ്പെടുത്താൻ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുരുന്നുകളുടെ മനോവ്യഥ നാം ഇനിയും മനസ്സിലാക്കിയിട്ടില്ല.
റാങ്കുകളും മാർക്കുകളും മാത്രം ജീവിതവിജയത്തിന്റെ അളവുകോലാകുന്ന സമൂഹത്തിന്റെ സമ്മർദ്ദം താങ്ങാനാവാതെ തിരികെ പോകാൻ നിർബന്ധിതരാകുന്ന നമ്മുടെ കുരുന്നുകൾ. പുസ്തകത്താളുകൾക്കിടയിൽ അവർക്ക് നഷ്ടപ്പെടുന്ന സ്വപ്നങ്ങളും സന്തോഷങ്ങളും മനസ്സിലാക്കാത്തതാണ് നാം നേരിടുന്ന ദുരന്തം.
ഡോക്ടർ-എൻജിനീയർ ഫോബിയയിൽ തളച്ചിടപ്പെട്ട രക്ഷിതാക്കളുടെ അന്തസ്സിനും അഭിമാനത്തിനുമായി സ്വന്തം താല്പര്യങ്ങൾ ബലി കഴിക്കേണ്ടിവരുന്ന കുരുന്നു മനസ്സുകൾക്ക് ആശ്രയമേതുമില്ലാതായി.മാതാപിതാക്കൾക്കായി മത്സരപരീക്ഷകൾ എഴുതേണ്ടി വരുമ്പോൾ ഉണ്ടാകുന്ന സമ്മർദ്ദത്തിലും പരാജയഭീതിയിലും പെട്ട് ആത്മഹത്യയിലേക്ക് തള്ളി വിടപ്പെടുന്ന കൗമാരക്കാരുടെ എണ്ണം ആശങ്കാജനകമാം വിധം വർദ്ധിച്ചതിന് കാരണവും മറ്റൊന്നല്ല.
മാതാപിതാക്കളുടെ മനോഭാവമാണ് കുട്ടികളുടെ മാനസിക ആരോഗ്യത്തിന്റെ അടിത്തറ. മാതാപിതാക്കളുടെ അത്യാഗ്രഹത്തെ ചൂഷണം ചെയ്യുന്ന പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ കൂടിയാകുമ്പോൾ ശ്വാസം മുട്ടുന്നത് നമ്മുടെ കുരുന്നുകളാണ്. മറ്റാർക്കോ വേണ്ടി ഇഷ്ട വിഷയങ്ങളല്ലാത്ത ഭാരം തലയിൽ പേറേണ്ടി വരുന്നതിന്റെ മാനസിക വേദന മാതാപിതാക്കൾ അല്ലാതെ മറ്റാര് മനസ്സിലാക്കും . തോൽവി എന്ന അവർണ്ണനീയമായ ഭീതി ഉള്ളിൽ ഒതുക്കുമ്പോൾ ഉടലെടുക്കുന്ന ഉൽകണ്ഠ കടുത്ത വിഷാദത്തിലേക്കും വിടപറയലിലേക്കും നയിച്ചെന്നിരിക്കും. പരീക്ഷയിലെ പരാജയം ജീവിതത്തിന്റെ തോൽവിയല്ല എന്ന് മനസ്സിലാക്കി കൊടുക്കേണ്ടതിനു പകരം അത് അപമാനമായി കാണുന്നതാണ് ആത്മരോദനത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നതിന്റെ പ്രധാന കാരണം.
സാമ്പത്തിക സാമൂഹ്യ പശ്ചാത്തലങ്ങളെ ആശ്രയിച്ച് നിലനിന്നിരുന്ന നമ്മുടെ ഉന്നത വിദ്യാഭ്യാസം പ്രവേശന പരീക്ഷകൾക്ക് വഴിമാറിയത് മുതൽ പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടും ചോർച്ചയും ജന്മമെടുത്തു. പണവും സ്വാധീനവും വൻകിട കോച്ചിംഗ് സെന്ററുകളും കൂടി ആയതോടെ സാമ്പത്തികവും സാമൂഹ്യവുമായി പിന്നാക്കം നിൽക്കുന്നവർക്ക് മത്സര പരീക്ഷകൾ വെല്ലുവിളിയായി. കടുത്ത സിലബസും മത്സരവും കുട്ടികളെ മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിട്ടു . തുണയാകേണ്ടവർ ആ കടമ നിർവഹിക്കാതെയും ആയി .
ഈ സാഹചര്യത്തിലാണ് പരീക്ഷ നടത്തിപ്പിന്റെ സുതാര്യതയ്ക്ക് വേണ്ടിയുള്ള മുറവിളികൾ ഉയർന്നത്. ഈ പശ്ചാത്തലത്തിൽ അശാസ്ത്രീയമായ പരീക്ഷ നടത്തിപ്പ്, അമിത ഫീസ് ഇങ്ങനെ പലതും പരിഷ്കരിച്ച് മത്സര പരീക്ഷകൾക്ക് നിയന്ത്രണങ്ങളും നിയമങ്ങളും ഏർപ്പെടുത്താൻ ലക്ഷ്യമിട്ട് പാർലമെന്റിൽ അവതരിപ്പിക്കുന്ന ബില്ല് രാഷ്ട്രീയ ഏറ്റുമുട്ടലിൽ തകർന്നു പോകാതിരുന്നാൽ നന്ന്.