അതിർത്തി കടന്ന് വീണ്ടും കുടിയേറ്റം
മോഹന കൃഷ്ണൻ
6 August 2026, 7:18 am
അമേരിക്കയിൽ പോകാൻ അവസരം ഉണ്ടെന്നറിഞ്ഞാൽ ചാവാൻ കിടക്കുന്നവനും ഒന്നു പാളിനോക്കും.അമേരിക്കൻ പ്രവാസം പ്രായ ഭേദമില്ലാതെ ആരെയും കൊതിപ്പിക്കും.
നിയമങ്ങൾ കർശനവും പ്രവേശനം പരിമിതവും ആയതിനാൽ മാത്രം മലയാളി മാറി നിൽക്കുകയാണ്. രണ്ടാം പ്രവാസമായും മലയാളി അമേരിക്കയിൽ കൂടുന്നുണ്ട്. ആവേശം മൂത്താൽ മെക്സിക്കോ വഴി മതിൽ ചാടിയും പുഴ കടന്നും വരണം. റിസ്ക്കാണ്. അതിലുമുണ്ട് മലയാളി പ്രാതിനിധ്യം. ജർമനി,ജപ്പാൻ ,യു കെ.,സിംഗപ്പൂർ - ഇവയും മലയാളിയുടെ ഇഷ്ട ദേശങ്ങളാണെന്നും.
പണ്ട് ബ്രൂണെയായിരുന്നു ഗൾഫുകാരുടെ സ്വപ്നഭൂമി. മലയാളിയുടെ മറുനാടൻ സ്വപ്നങ്ങൾ ഇന്നും കൂടിയിട്ടേയുള്ളു.
പക്ഷേ, കുടിയേറ്റവും കുടിയിറക്കവും അധിനിവേശവും കൂട്ടപ്പലായനങ്ങളും മനുഷ്യക്കടത്തും ഒക്കെയും ഗൗരവമായ ആഗോള വിഷയങ്ങളാണിന്ന്.
ഇവയൊക്കെയും നിരീക്ഷിക്കാനും ആഘാതങ്ങൾ വിലയിരുത്താനും മാർഗനിർദ്ദേശങ്ങൾ നൽകാനും ഐക്യരാഷ്ട്രസഭക്കു കീഴിൽ ഒട്ടേറെ ഏജൻസികളും പ്രവർത്തിച്ചു വരുന്നു.
മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ തേടിയും വേലയും കൂലിയും ജീവിതവും ഉറപ്പീക്കാനുമാണ് പ്രധാനമായും ആളുകൾ കൂടുമാറ്റം നടത്തുന്നത്.
പുതിയ കുടിയേറ്റത്തിന്റെ സ്തോഭജനകമായ വാർത്ത വന്നത് സ്പെയിനിൽ നിന്നായിരുന്നു. തൊട്ടടുത്തുള്ള മൊറോക്കയിൽ നിന്നും ദിവസങ്ങൾക്കുള്ളിൽ അറുപതിനായിരം പൗരന്മാരാണ് സ്പാനിഷ് സ്വയംഭരണപ്രദേശമായ സെവൂത്തിലേക്ക് വന്നിറങ്ങിയത്. അവരിൽ ബഹുഭൂരിപക്ഷത്തെയും തിരിച്ചയക്കുകയും ചെയ്തു.
ജലമാർഗം കടന്നു വരുന്നവർക്ക് എല്ലാ പരിഗണനകളും നൽകിയാവണം പ്രശ്നം പരിഹരിക്കേണ്ടതെന്ന സുപ്രീം കോടതി ഉത്തരവിനു പിന്നാലെയായിരുന്നു ഈ മാസ് മൈഗ്രേഷൻ. അതാണ് സംശയങ്ങൾ ഉയർത്തുന്നതും.
നാളിതുവരെ പത്തു ലക്ഷം പേരെ രാജ്യത്ത് പുനരധിവസിപ്പിച്ചിട്ടുമുണ്ട്.
ഈ കൂട്ടപ്പലായനത്തിൽ ലക്ഷ്യം കാണാതെ മാർഗമധ്യേ അറുപതോളം പയർ മരണമടഞ്ഞു. ജീവിതവും മരണവും എല്ലാ കുടിയേറ്റത്തിലെയും അവിഭാജ്യമായ രണ്ടു മുഖങ്ങളാണ്.
വന്നിറങ്ങിയവർക്ക് ജീവിതമായിരുന്നു മുഖ്യമെങ്കിലും അതിന്റെ രാഷ്ട്രീയമാനങ്ങളും അന്താരാഷ്ട്ര വിശകലനങ്ങളും ഈ പലായനത്തെ അതിലംഘിക്കുന്നതായി മാറുകയായിരുന്നു..
ആഫ്രിക്കൻ രാജ്യത്തു നിന്നും യൂറോപ്യൻ രാജ്യത്തെക്കുള്ള പലായനമായി ഇതു പരിണമിച്ചു യുറോപ്പിലെ മറ്റു 23 രാജ്യങ്ങളിലും വിസയില്ലാതെ അഥവാ ഷെങ്കൻ വിസയോടെ കടന്നു പോകാൻ ഇവർക്കു കഴിയുമെന്ന ആശങ്കയും ഉയർന്നു വന്നു
സ്പെയിനും മൊറോക്കൊയും പണ്ടേ ലോഹ്യത്തില്ല. ചില്ലറ അതിർത്തി തർക്കങ്ങളുമുണ്ട്. സെവൂത്തു,മെല്ലില തുടങ്ങിയ അതിർത്തി പ്രദേശങ്ങളിൽ മൊറോക്കൊ അവകാശവാദം ഉന്നയിക്കുന്നുണ്ട്. അറുപതുകളിൽ സ്പെയിൻ വിട്ടൊഴിഞ്ഞ ചില സഹാറൻ ദേശങ്ങൾ മൊറോക്കോ കൈവശമാക്കി. അവിടങ്ങളിലെ സഹ്റാവികളുടെ വിമോചന പ്രസ്ഥാനത്തെ സഹായിക്കുന്നതു സ്പെയിൻ ഭരണകൂടമാണെന്നു മൊറോക്കൊയുടെ എക്കാലത്തെയും കുറ്റപ്പെടുത്തലായിരുന്നു.
മൊറോക്കോ എന്ന മുസ്ലിം രാജ്യത്തെ സഖ്യ കക്ഷി എന്നും ഇസ്റായേലായിരുന്നു.അവർ തമ്മിലുള്ള ഇബ്രാഹിം സന്ധിയും നിലവിലുണ്ട്.
സോഷ്യലിസ്റ്റുകളുടെ നേതാവായ പെദ്രോ സാഞ്ചസ് പ്രസിഡന്റായ സ്പെയിനിനെ തകർക്കാൻ മൊസാദിന്റെ സഹായത്തോടെ അമേരിക്ക നടത്തിയ നീക്കമാണിതെന്നും മൊറോക്കോ അമേരിക്കയുടെ പാവ രാജ്യമാണെന്നും സോഷ്യലിസ്റ്റുകൾ ആരോപിക്കുന്നു.യൂറോപ്പിൽ ഇസ്ലാം വൽക്കരണം എന്ന അജണ്ട നടപ്പാക്കാനുള്ള പദ്ധതിയാണിതെന്നും ആരോപണമുയർന്നു കഴിഞ്ഞു.
കുടിയേറ്റം മനുഷ്യന്റെ നിയാമക ശക്തിയായി ഇപ്പോഴും ശക്തമായി നിലകൊള്ളുന്നു എന്നതിലേക്കാണ് മാനവികത എത്തി നിൽക്കുന്നത്. വിഭജന രേഖകളെ ആകെയും റദ്ദു ചെയ്യുന്ന അവിഭാജ്യ രേഖയായി അതു ദേശീയതകളെ അതിലംഘിക്കുകയാണിപ്പോഴും.!