NewsAd1
ജയ്.. ഹോ
കെ.മോഹനൻ
14 August 2026, 5:34 pm
main image of news

ഒരു അർദ്ധരാത്രിയിൽ സ്വാതന്ത്ര്യത്തിലേക്കു നാം കുതിച്ചു. ഇന്ന് എൺപതാം സ്വാതന്ത്ര്യ ദിനം. വിമോചന ചിന്തകളിൽ അഗ്നി പടർന്ന ഒരു തലമുറ. തിരോഭവിച്ച അവരുടെ സ്നേഹോപഹാരമാണ് നമ്മുടെ വിമോചനം. ആ ത്യാഗനിർഭരത ഏതു വ്യാഖ്യാനത്തെയും അതിലംഘിക്കും.

പക്ഷേ ഈ വിമോചന യജ്ഞത്തിൽ ദുരിതവും ദുരന്തങ്ങളും മത സ്പർദ്ധയും മാനവരാശി കണ്ട ഏറ്റവും വലിയ പലായനവും നാം കണ്ടു.
രാഷ്ട്ര തന്ത്രത്തിന്റെ അത്യാചാരങ്ങളും അശ്ലീലതകളുമായിരുന്നു ഫലശ്രുതി.

 image 2 of news

അതിരുകളില്ലാതെ ഇന്ത്യ പിറന്നു.രേഖകൾ തെളിഞ്ഞുവരാൻ ഒരു മാസം വേണ്ടി വന്നു. ദില്ലിയിൽ ആദ്യമായും അവസാനമായും എത്തിയ വെള്ളക്കാരുടെ ഔദ്യോഗിക സർവ്വേയർ റാഡിക്ലിഫ് ഡോട്ടുകളിട്ട ഭൂപടത്തിലെ എലുക നോക്കി അതിരുകൾ തീർത്തു. ആ വരകളിൽ മണ്ണും മനുഷ്യനും സ്നേഹവും ബന്ധങ്ങളും ജീവിതവും തന്നെ മുറിച്ചുമാറ്റിയതു സർവ്വേയർ കണ്ടില്ല. മടക്ക യാത്രയിൽ വിമാന ഗോവണിയിൽ നിന്നും അവിഭക്ത ഭാരതത്തെ അമ്പരപ്പോടും ഭീതിയോടും തിരിഞ്ഞു നോക്കി ;നിമിഷങ്ങളോളം. പിന്നെ ഇടറിയ കാൽവയ്പുകളോടെ വിമാനത്തിൽ കയറി. അന്തരീക്ഷം മൂടിക്കെട്ടിക്കിടന്നു

'എന്റെ സർക്കാർ എവിടെയാണുള്ളത്?' കാഴ്ച മങ്ങിയ വൃദ്ധൻ,താൻ അവശേഷിപ്പിച്ചു പോയ സ്ഥാവര ജംഗമങ്ങളുടെ ,അക്ഷര വ്യക്തയില്ലാത്ത വിവരണം ഒരു പിഞ്ഞിയ കടലാസിൽ കുത്തിക്കുറിച്ച് കാര്യാലയം തിരയുകയാണ് ടൗണിൽ.
പഞ്ചാബിലെ ഒരു അഭയാർത്ഥി കേന്ദ്രത്തിൽ നിന്നും ഉറക്കെ കേട്ടു : "ബ്രിട്ടീഷ് ഭരണം തിരികെ കൊണ്ടു വരിക !"
സ്വാതന്ത്ര്യം അവർക്കെല്ലാം മതിയായി കഴിഞ്ഞിരുന്നു.
HomeAd1
 image 3 of news

ലാഹോർ മുതൽ അമ്യത് സർ വരെയുള്ള നാല്പതു മൈൽ, പലായനത്തിന്റെ പെരുവഴിയായി.. കിട്ടിയതൊക്കെയും നുള്ളിപ്പെറുക്കി ആബാലവൃദ്ധം ജനങ്ങളും അതിർത്തി കടക്കാൻ തെക്കും വടക്കും നടന്നു. പിഞ്ചു കുഞ്ഞുങ്ങളെ തോളിലേറ്റിയും,പ്രായം ചെന്നവരെ ഉന്തുവണ്ടികളിലാക്കിയും... കോപ്റ്ററുകളിലൂടെ എറിഞ്ഞു കൊടുത്ത ആഹാരത്തിനായി തെരുവുനായ്ക്കളും വിമോചിതരും അടിപിടി കൂടി. പാതയ്ക്കിരുപുറവുമുള്ള പൊന്തക്കാടുകളിൽ നിന്നും കൊള്ള സംഘങ്ങൾ നിസ്സഹായരായ ജനക്കുട്ടത്തെ ആക്രമിച്ചു. മുതലുകൾ അപഹരിച്ചു പെൺകുട്ടികളെ അതിക്രമിച്ച് സ്വന്തമാക്കി ആയിരത്തിനും രണ്ടായിരത്തിനും വിറ്റു.സ്ത്രീകൾക്കെതിരെ ലൈംഗീകാതിക്രമങ്ങൾ നടന്നു. സ്ത്രീകളുടെ മതംമാറ്റവും. വ്യാപകമായി.

വഴിയിൽ മരിച്ചു വീഴുന്നവരെ ഉപേക്ഷിച്ച് ഉറ്റവർ മുന്നോട്ടു പോയി. മരിച്ചവരുടെ കീറവസ്ത്രങ്ങൾക്കായി ജനക്കൂട്ടം മത്സരിച്ചു. കാകനും കുറുനരികളും കഴുകനും, വീഴുന്നവരെ കാത്തിരുന്നു.ചെളിയും വിസർജ്ജ്യവും ശവ ശരീരങ്ങളുടെ അഴുകലും തീർത്ത ദുർഗന്ധം എവിടെയും നിറഞ്ഞു.

 image 4 of news
മുഹമ്മദ് അലി ജിന്ന

പ്രമാണിമാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ധനികർക്കും ജാതിയും മതവും വിഭജനവും വിമോചനവും പകയും പുകച്ചിലുമൊന്നും പ്രശ്നമായില്ല. ലക്ഷ്വറി കോച്ചുകളിൽ പ്ലഷർ ട്രിപ്പുകളിലായി അവർ സഞ്ചരിച്ചു

വലിയ അവസരങ്ങൾ സ്വപ്നം കണ്ട സർക്കാർ ജീവനക്കാരും ബിസിനസുകാരും നെയ്തെടുത്ത ഒരു ഉല്പന്നമായിരുന്നു വിഭജനമെന്ന് ചരിത്രകാരനായ പ്രൊഫ.ഇർഫാൻ ഹബിബ് പറയുന്നതിലും കാര്യമില്ലാതില്ല.
മഹീന്ദ്ര & മുഹമ്മദ് എന്ന വാഹന കമ്പനി പാർട്ണർ ഗുലാം മുഹമ്മദ് തന്റെ മുതൽ വാങ്ങി അപ്പുറത്തേക്ക് പോയി. അദ്ദേഹമായിരുന്നു പാക്കിസ്ഥാനിലെ ആദ്യ ധനമന്ത്രി. പിന്നീട് ഇവിടെ ഈ കമ്പനി മഹീന്ദ്ര& മഹീന്ദ്ര ആയി മാറി.

തനി യൂറോപ്യൻ ധ്വരയായി മരണം വരെ ജീവിച്ച ജിന്ന. മതശാസനകൾ തീരെ വകവച്ചില്ല. വിരുദ്ധ ആഹാരങ്ങൾ യഥേഷ്ടം ഭക്ഷിച്ചും മദ്യപിച്ചും ജനപ്രിയ പാശ്ചാത്യ സംഗീതം അകമ്പടിയാക്കിയും അദ്ദേഹം പൊതു പരിപാടികളിൽ എത്തി. ഗുജറാത്തുകാരാണ്. ഗാന്ധിയും ജിന്നയും.ഇരുവരും ശീമയിൽ പഠിച്ചവർ.ഗുജറാത്തികളാണ് ഇന്നും നമ്മുടെ ശിരോലിഖിതം കുറിക്കുന്നതും തിരുത്തുന്നതും.വർഷങ്ങൾക്കു മുമ്പ് ബ്രിട്ടണിൽ പഠിക്കാനെത്തിയ ഒരു ഗുജറാത്തി , ചിന്താധരൻ, ജിന്നയ്ക്ക് ഒരു വിരുന്നു നൽകി..വിരുന്നിൽ വിദ്യാർത്ഥി പുതിയ രാജ്യത്തിന്റെ ആശയം മുന്നോട്ടു വച്ചു. അസാധ്യവും അപ്രായോഗികവും എന്നായിരുന്നു ജിന്നയുടെ മറുപടി. ഒരു ദശകം പിന്നിടുമ്പോൾ ആ അസാധ്യതയിൽ നിന്ന് സാധ്യതയിൽ അദ്ദേഹം എത്തിച്ചേർന്നു. അപ്പറഞ്ഞ വിദ്യാർത്ഥി ആരോരുമറിയാത്ത അൺസങ് ഹീറോയായി ചരിത്രത്തിൽ മറഞ്ഞും പോയി. .

1935-36 കാലത്ത് നിലവിൽ വന്ന പ്രവിശ്യാ സർക്കാരുകളിൽ കോൺഗ്രസ് വൻ നേട്ടം കൊയ്തു. ജിന്ന പൂർണമായും അവഗണിക്കപ്പെട്ടു. അതോടെ സ്വന്തം സ്പേസ് കണ്ടെത്തൽ അദ്ദേഹത്തിന്റെ അനിവാര്യതയായി.
ഗുരുതര രോഗം മൂലം മരണം ആസന്നമാണെന്ന രഹസ്യം ബോംബെയിലെ ഡോക്ടറിലും ജിന്നയിലും സഹോദരിയിലും മാത്രം ഒതുങ്ങി. .അല്ലെങ്കിൽ കഥ മറ്റൊന്നാകുമായിരുന്നു
രക്തസാക്ഷ്യങ്ങൾ മാറിമറിയുകയും സാദാ മരണങ്ങൾ അനിവാര്യമാകുകയും ചെയ്യുന്ന ചരിത്രത്തിന്റെ ഓർമപ്പെടുത്തലുകളിലൂടെ പിറന്നാളുകൾ നമ്മെ തിരഞ്ഞെത്തുന്നു.

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞