കസേരയുണ്ടോ കോൺഗ്രസ്സേ
വന്ദേമാതരം പാടാൻ....
ബാലകൃഷ്ണൻ കാരോട്
16 August 2026, 3:21 am
ബങ്കിം ചന്ദ്ര ചതോപാധ്യായ രചിച്ച വന്ദേമാതര ഗാനം ഔദ്യോഗിക പരിപാടികളിൽ പൂർണ്ണമായും പാടണമെന്ന് നിർദേശിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയപ്പോൾ തന്നെ അരി, ഗോതമ്പ്, പച്ചക്കറികൾ,ബീഫ്, മറ്റു മാസങ്ങൾ തുടങ്ങിയവ ആഹരിക്കുന്ന കോൺഗ്രസ്സാദി പ്രതിപക്ഷകക്ഷികൾക്ക് അപകടം മനസ്സിലായതാണ്. ആദ്യത്തെ രണ്ടു സ്റ്റാൻസ തന്നെ തെറ്റാതെ പാടാനുള്ള പൊല്ലാപ്പ് അത് പാടി നോക്കിയിട്ടുള്ളവർക്കേ അറിയൂ. ജനഗണമന പിന്നെ മറ്റുള്ളവർ പാടുമ്പോൾ ഒരുഅഡ്ജസ്റ്റുമെന്റിൽ ലിപ് സിങ്ക് ചെയ്ത് ഒപ്പിക്കുന്നുവെന്നേയുള്ളൂ.
‘വന്ദേ മാതരം’ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ്, കേന്ദ്ര സാംസ്കാരിക മന്ത്രാലയം പൂർണ്ണരൂപത്തിലുള്ള വന്ദേ മാതരം ആലപിക്കുന്നതിന് പ്രാധാന്യം നൽകാൻ തീരുമാനമെടുത്തത്.. 2025 നവംബർ 7 മുതൽ 2026 നവംബർ 7 വരെയാണ് 150-ാം വാർഷികാഘോഷം.
ബങ്കിംചന്ദ്രയുടെ ആനന്ദമഠം നോവലിൽ ഉൾപ്പെട്ടിരിക്കുന്ന മുഴുവൻ ഗാനത്തിന് അഞ്ച് ചരണങ്ങളാണുള്ളത്.
ശേഷിക്കുന്ന മൂന്ന് ചരണങ്ങളിൽ ഹിന്ദു ദേവതകളായ ദുർഗ്ഗ, കമല, വാണി തുടങ്ങിയ പരാമർശങ്ങൾ വ്യക്തമായി വരുന്നു. അതിൽ, കമലയെന്നാൽ കൈപ്പത്തിയോ ഗോവണിയോ അല്ല; താമരയെന്നു തന്നെയാണർത്ഥം. അതായത് 'വിടർന്നു താമര മുകളങ്ങൾ' എന്ന വരിയുള്ള പാട്ട് ഔദ്യോഗികമായി പാടിക്കുന്നതുപോലുള്ള ഏർപ്പാട്.
ബഹുസ്വരതയുള്ള ഭാരതത്തിൽ നടക്കില്ല മക്കളേ ഈ ഒളിയജണ്ടകൾ.
പാർലമെന്റിൽ ഇക്കാര്യം ചർച്ച ചെയ്തപ്പോൾ തന്നെ പ്രതിപക്ഷം നഖശിഖാന്തം എതിർത്തതിന് കാരണമിതാണ്. പ്രിയങ്കാ വാധ്ര ഇതിനെതിരേ പല ചരണങ്ങളുള്ള ഒരു പ്രസംഗവും പാസാക്കി. 'നമ്മൾ ദേശസ്നേഹികളാണ് സംഘികളല്ല 'എന്ന ഈണത്തിൽ സി പി എം ഉൾപ്പെടെയുള്ള മറ്റു കക്ഷികളും പാടിത്തകർത്തു. എന്നാൽ കാര്യത്തോടടുത്തപ്പോൾ എല്ലാം തകിടം മറിഞ്ഞു.
കോൺഗ്രസ്സ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും (എണ്ണാൻ പാടുപെടണ്ട - കർണ്ണാടകം, തെലങ്കാന, ഹിമാചൽ എന്നിങ്ങനെ മൂന്നു സംസ്ഥാനങ്ങളിൽ) ഒരു വാക്കുപോലുമൊഴിവാക്കാതെ വന്ദേ മാതരം പാടി.
മുസ്ലീം ലീഗ് ഭരിക്കുന്ന കേരളം പക്ഷേ കോൺഗ്രസ്സിന്റെ ദേശീയ തീരുമാനത്തെയും കടത്തി വെട്ടി. മുഖ്യമന്ത്രി സതീശൻ പങ്കെടുത്ത സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വന്ദേ മാതരത്തിന്റെ ഒരു വരി പോലും പാടാതെ ദേശാഭിമാനത്തിന്റെ പുത്തൻ മാതൃക തീർത്തു.
അടുത്ത കാബിനറ്റ് ബ്രീഫിംഗിൽ എന്തു ചോദ്യം ചോദിക്കും ദേശാഭിമാനിക്കാരേ ?
എന്നാൽ ഞെട്ടിച്ചത് എ ഐ സി സി യാണ്. ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ സേവാദൾ പ്രവർത്തകൾ വന്ദേ മാതരം പാടാൻ നിന്നപ്പോൾ ആദ്യ ചരണം തന്നെ പൂർത്തിയാക്കുമെന്ന് ആരും കരുതിയതല്ല.എന്നാൽ അഖണ്ഡമായി അവസാന വരിയും വാക്കും പാടിയ ശേഷമേ അവർ ശ്വാസം വിട്ടുള്ളൂ. ദുർഗയും വാണിയും കമലയുമെല്ലാം അത്യാഹ്ലാദത്തോടെ അവിടെ ചുറ്റി നടന്നു. സേവാദളുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കേരളത്തിലാണെങ്കിൽ കോൺഗ്രസ്സിന്റെ ഔദ്യോഗികപത്രമായ വീക്ഷണം പോലും വായിക്കാത്ത സാധുക്കളാണവർ. നേതൃത്വമെടുക്കുന്ന തീരുമാനമൊക്കെ അവർ എങ്ങിനെ അറിയാനാണ്.
ചടങ്ങിൽ അറ്റൻഷനായി നിന്ന സോണിയാജിയും ഖാർഗെജിയും രണ്ടാം ചരണം കഴിഞ്ഞപ്പോൾ കൈയ്യും കലാശവുമൊക്കെ കാണിച്ചത് പാട്ടു തടസ്സപ്പെടുത്താനാണെന്നാണ് നമ്മളെല്ലാരും കരുതിയത്.
പക്ഷേ പിന്നീടാണ് കഥ മനസ്സിലായത്. വന്ദ്യ വയോധികനായ ഖാർഗെജിക്ക് ആലാപനം 'സസ്യശ്യാമളാം' വരെയെത്തിയപ്പോൾ മുട്ടു കഴയ്ക്കുന്നത് സോണിയാജിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാവണം. 'ഒരു കുർസി കൊണ്ടു വരൂ, കൊണ്ടുവരൂ' എന്ന് ഡംഷരാഡ്സിൽ സോണിയാജി പറയാൻ ശ്രമിച്ചു. ബഹളം വച്ചാൽ ദേശീയതയെ അപമാനിക്കലാകുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് മൂകബധിര ഭാഷയിൽ കുർസി ആവശ്യപ്പെട്ടത്...
അയിനാണ്..!
വാസ്തവത്തിൽ ഇ പി ജയരാജൻ സി പി എമ്മിനും മേജർ രവി മോഹൻലാലിനുമെന്ന പോലെ കോൺഗ്രസ്സിന്റെ ആപൽ ബാന്ധവനാണ് ജയറാം രമേശ് ജി. നമ്മൾ കണ്ണുകൾ കൊണ്ടു കാണുകയും കാതു കൊണ്ട് കേൾക്കുകയും ചെയ്താലും സത്യമെന്തെന്ന് മനസ്സിലാവണമെങ്കിൽ ഇവരുടെ പരിഭാഷ വേണമെന്നതാണ് മൂവരുടെയും ഗുണം. കേന്ദ്രമിടപെട്ട് അടിയന്തിരമായി ഒരു കാപ്സ്യൂൾ സർവ്വകലാശാല തുടങ്ങി ജയറാം രമേശിനെ വൈസ് ചാൻസലറും മേജർ രവിയെ ഡീനും ഇപി സഖാവിനെ രജിസ്ട്രാറുമാക്കണം.അമാന്തം വേണ്ട.വൈകുന്ന ഓരോ നിമിഷത്തെയുമോർത്ത് പിന്നെ നമുക്കു തന്നെ ദുഃഖിക്കേണ്ടിവരും.
ഇതിനിടയിൽ കേരള സർവ്വകലാശാല വൈസ് ചാൻസലർ ഡോ മോഹൻ കുന്നുമ്മൽ പങ്കെടുത്ത സ്വാതന്ത്ര്യ ദിന പരിപാടിയിൽ പൂർണ്ണ വന്ദേമാതരം പാടിയത് ശ്രദ്ധേയമായി.. പക്ഷേ കുന്നുമ്മൽ അവിടെ നടത്തിയ പ്രസംഗത്തിലെ ഒരു പരാമർശം ബ്രിട്ടാസിനിട്ടുള്ള കൊട്ടാണോ എന്നാണ് ഇപ്പോൾ സംശയമുയരുന്നത്. 'അമ്മയാരെന്ന് അറിയാത്തവരാണ്' വന്ദേ മാതരത്തെ എതിർക്കുന്നതെന്നായിരുന്നു വി സി പറഞ്ഞത്.
പാർലമെന്റിൽ സഹ അംഗത്തിന്റെ പ്രസംഗം തടസപ്പെടുത്തും വിധം' ഏത് അമ്മ, എന്ത് അമ്മ' എന്ന് ഇടപെട്ട് തള്ളയ്ക്കു വിളി കേട്ടതിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിലാകെ പൊങ്കാലപ്പുകയേറ്റു നില്ക്കുകയാണല്ലോ സഖാവ് ബ്രിട്ടാസ്. അതുകൊണ്ടുണ്ടാവുന്ന സ്വാഭാവികമായ സംശയമാണ്.
നമ്മൾ പാടി ശീലിച്ച വന്ദേ മാതരം വരികൾ ഹൃദ്യമാണ്. ഇന്നത്തെ രീതിയിൽ പറഞ്ഞാൽ പൊളിറ്റിക്കലി കറക്ടുമാണ്. ഭാരതത്തെ അമ്മയായി സങ്കല്പിക്കുന്ന അതിന്റെ ആദ്യ ചരണത്തിന്റെ മലയാള വിവർത്തനം ഇങ്ങനെ: :
"അമ്മേ, മാതാവേ, നിന്നെ ഞാൻ വണങ്ങുന്നു.
സമൃദ്ധമായ ജലസമ്പത്തുള്ളവളേ, ഫലസമൃദ്ധയായവളേ,
മലയിൽനിന്നുള്ള കുളിർക്കാറ്റിനാൽ ശീതളയായവളേ,
പച്ചപ്പാർന്ന വിളകളാൽ ശോഭിക്കുന്ന മാതാവേ.
വെൺനിലാവിൽ ആഹ്ലാദിക്കുന്ന രാത്രികളുള്ളവളേ,
വിരിഞ്ഞ പൂക്കളും ഇലകളും നിറഞ്ഞ വൃക്ഷങ്ങളാൽ ശോഭിക്കുന്നവളേ,
പുഞ്ചിരിക്കുന്നവളേ, മധുരമായി സംസാരിക്കുന്നവളേ,
സുഖം നൽകുന്നവളേ, അനുഗ്രഹം നൽകുന്നവളേ—
മാതാവേ, നിന്നെ ഞാൻ വണങ്ങുന്നു...
എന്നാൽ അഞ്ചാം ചരണത്തിലെത്തുമ്പോൾ ഭാരത മാതാവിന്റെ ശക്തി സൗന്ദര്യങ്ങൾ വ്യക്തമാക്കാൻ ഭാരതീയമായ ദേവതാ സങ്കല്പങ്ങളെക്കൂടി ബങ്കിം ചന്ദ്ര ആശ്രയിക്കുന്നു..
"അമ്മേ നീ തന്നെയാണ് പത്ത് ആയുധങ്ങൾ ധരിച്ച ദുർഗ്ഗ.
താമരപ്പൂവിൽ വസിക്കുന്ന കമലാദേവിയും നീ തന്നെയാണ്.
വിദ്യ നൽകുന്ന വാണീദേവിയും നീ തന്നെയാണ്.
നിന്നെ ഞാൻ വണങ്ങുന്നു.
കളങ്കമില്ലാത്ത, അതുല്യമായ കമലയെ ഞാൻ വണങ്ങുന്നു.
ജലസമൃദ്ധയും ഫലസമൃദ്ധയുമായ
മാതാവേ, നിന്നെ ഞാൻ വണങ്ങുന്നു."
താമരപ്പൂവിൽ പില്ക്കാലത്ത് ബി ജെ പി യാണ് വസിക്കുക എന്ന ദീർഘദർശനമില്ലായ്മയ്ക്ക് ബങ്കിംഗ് ചന്ദ്രയോട് നമുക്ക് സഹതപിക്കാം..
ജയ് ഹിന്ദ്!