ധർമ്മേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച ജൻ സീ സമരത്തിൽ നിന്ന് സംഭരിച്ച ഊർജ്ജത്തിൽ തെരുവുകളിലേക്ക് കൂടുതൽ ശക്തമായ സമരമുറകളുമായി ഇറങ്ങാനൊരുങ്ങുന്ന പാറ്റകളുടെ പിന്നാലെയാണ് രാജ്യത്തെ പ്രതിപക്ഷ പ്രസ്ഥാനങ്ങൾ. തെരുവിൽ ആളിക്കത്തുന്ന ഇത്തരം പ്രതിഷേധങ്ങളെ ക്ഷണിക അലോസരങ്ങൾ മാത്രമായി കണ്ട് അവഗണിക്കുന്ന ബിജെപി കേന്ദ്ര നേതൃത്വം അവരുടെ രാഷ്ട്രീയ അജണ്ടകളുടെയും സാക്ഷാത്കാരമായ' 2047-ൽ 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്കുള്ള ദീർഘകാല തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണ്. 2029-ലെ അടുത്ത പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മണ്ഡല പുനർനിർണ്ണയം , (ഡി ലിമിറ്റേഷൻ), വനിതാ സംവരണം, 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്നിവ നടപ്പിലാക്കാനുള്ള ആസൂത്രണങ്ങൾ അണിയറയിൽ പുരോഗമിക്കുമ്പോൾ, പ്രബലമായ പ്രാദേശിക പാർട്ടികളെ സ്വന്തം ചേരിയിലേക്ക് ആകർഷിക്കാനുള്ള നിശബ്ദ രാഷ്ട്രീയ നീക്കങ്ങളിലുമാണ് ബിജെപി.
തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK) ഒരു പ്രധാന ശക്തിയായി ഉയർന്നുവന്നതോടെയാണ് ഡിഎംകെ അവരുടെ പരമ്പരാഗത രാഷ്ട്രീയ സമീപനങ്ങളിൽ മാറ്റം വരുത്താൻ നിർബന്ധിതരാവുന്നത്. എംജിആറിനും ജയലളിതയ്ക്കും ശേഷം സിനിമാമേഖലയിൽ നിന്ന് എത്തിയ കമൽഹാസനും രജനീകാന്തും ഉൾപ്പെടെ പലരും രാഷ്ട്രീയത്തിൽ പരാജയപ്പെട്ടു.അണ്ണാമലൈയാകട്ടെ ബിജെപിയിൽ നിന്ന് വിടുതലും പ്രഖ്യാപിച്ചു. അണ്ണാമലൈ ഉയർത്തിക്കൊണ്ടുവന്ന സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളും സ്ത്രീവിരുദ്ധ വിഷയങ്ങളും മുതൽക്കൂട്ടാക്കി വിജയ് തമിഴ്‌നാട്ടിൽ വെന്നിക്കൊടി പാറിച്ചു. ഇത് അപ്രതീക്ഷിതമായ അടിയായി മാറിയത് ഡിഎംകെക്കാണ്. വിജയ് ഉയർത്തുന്ന കടുത്ത വെല്ലുവിളിയെയും പഴയ അഴിമതി കേസുകളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണ ഭീഷണിയെയും മറികടക്കാനും, കേന്ദ്ര മന്ത്രിസഭയിൽ സ്വാധീനം ഉറപ്പിക്കാനും ഡിഎംകെ ബിജെപിയുമായി ധാരണയിലെത്താനുള്ള വിദൂര സാധ്യതകൾ തള്ളിക്കളയാനാവില്ല.
ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെയും മഹാരാഷ്ട്രയിൽ ശിവസേനയെയും ഒരുപരിധിവരെ പ്രതിരോധത്തിലാക്കാൻ ബിജെപിയുടെ തന്ത്രങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഡൽഹിയിൽ പൂർണ്ണമായും പഞ്ചാബിൽ ഭാഗികമായും അധികാരം കയ്യാളിയ ആം ആദ്മി പാർട്ടിയുടെ സ്വാധീനം ക്ഷയിച്ചതും, ബിഹാറിൽ ലാലുപ്രസാദ് യാദവിന്റെ ആർജെഡി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്കുള്ള വഴി സുഗമമാക്കാനുള്ള സാധ്യതയാവുന്നുണ്ട്. പഞ്ചാബിൽ അകാലിദളുമായി വീണ്ടും സഖ്യസാധ്യതകൾ ആരായുന്ന ബിജെപി, പ്രാദേശിക ശക്തികളെ അവരുടെ കുടക്കീഴിൽ അണിനിരത്തി പ്രതിപക്ഷത്തിന്റെ കോട്ടകൾ ഒന്നൊന്നായി തകർക്കാനുള്ള തത്രപ്പാടിലാണ്. ദേശീയ തലത്തിൽ ആകെ ലോക്‌സഭാ സീറ്റുകളുടെ പകുതിയോളം നിർണ്ണയിക്കുന്ന യുപി, മഹാരാഷ്ട്ര, ബിഹാർ, പശ്ചിമ ബംഗാൾ, തമിഴ്‌നാട് എന്നീ അഞ്ച് പ്രമുഖ സംസ്ഥാനങ്ങളിലെ 249 സീറ്റുകൾ പിടിച്ചെടുക്കുക എന്നതാണ് 2029 ൽ ബിജെപിയുടെ മുഖ്യ ലക്ഷ്യം. രാഹുൽ ഗാന്ധിയുടെയോ മറ്റു പ്രതിപക്ഷ നേതാക്കളുടെയോ താൽക്കാലിക പ്രതിഷേധ സമരങ്ങൾക്കൊന്നും തടയാനാവാത്ത വിധം വ്യക്തമായ ഒരു 'പൊളിറ്റിക്കൽ മാപ്പ്' ബിജെപി തയാറാക്കിക്കഴിഞ്ഞു എന്നു വേണം കരുതാൻ. ചെറു പാർട്ടികളെ കൂടെക്കൂട്ടിയും, കോൺഗ്രസിനെ പൂർണ്ണമായും ഒറ്റപ്പെടുത്തിയുമാകും എൻഡിഎ 2029-ലെ പൊതുതെരഞ്ഞെടുപ്പിലേക്ക് കച്ചമുറുക്കുന്നത്.
തെരുവുകളിൽ അരങ്ങേറുന്ന പാറ്റ സമരങ്ങളുടെയും സോഷ്യൽ ഓഡിറ്റിംഗ് പ്രഖ്യാപനത്തിന്റെയും വാലിൽ തൂങ്ങുന്നത് പ്രതിപക്ഷത്തിന് കുറച്ചുകാലത്തേക്ക് സമാധാനവും മാധ്യമ ശ്രദ്ധയും നൽകിയേക്കാം. എന്നാൽ, അടിസ്ഥാനപരമായ ജനസ്വാധീനത്തിലും ഭരണതന്ത്രങ്ങളിലും ബിജെപി കാണിക്കുന്ന ദീർഘകാല തന്ത്രങ്ങൾക്കു മുന്നിൽ ഇത്തരം സമരങ്ങൾ കേവലം അലോസരങ്ങളായി ഒടുങ്ങാനാണ് സാധ്യത. 2029-ൽ വീണ്ടും ഭരണം ഉറപ്പിച്ച് 2047-ൽ ഭാരതത്തെ അവരാഗ്രഹിക്കുന്ന വലിയ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ബിജെപി അവരുടെ കരുക്കൾ കൃത്യമായി നീക്കുകയാണെന്ന് പ്രതിപക്ഷത്തിന് ഇനി എന്നാണ് മനസ്സിലാവുക.
Keywords:
Recent in National
Must Read
Latest News
In News for a while now..



