പണ്ട് വിജയൻ മാഷ് പറഞ്ഞതാണ്..
അമ്പിളി നമ്മുടെ പറമ്പിലാണ് ഉദിച്ചതെന്ന് എഴുതാൻ ഒരാൾക്ക് എല്ലാ അവകാശവുമുണ്ട്. ഏതുവരെ?
അപ്പുറത്തെ പറമ്പിൽ ചെന്നു നോക്കുന്നതു വരെ. അപ്പുറത്തെ പറമ്പിൽ ചെന്നു നോക്കിയാൽ അവിടെയും ഇത് ഉദിച്ചിട്ടുണ്ടാകും. പക്ഷേ നോക്കില്ലെന്നു വാശിയുള്ളതു കൊണ്ട് ഈ പഞ്ചായത്തിലാണ് ചന്ദ്രൻ ഉദിച്ചതെന്ന് മരിക്കും വരെ അയാൾക്ക് തീരുമാനിക്കാം.
രാജ്യത്തെ രാഷ്ട്രീയ പാർട്ടികളെല്ലാം സ്വന്തം പറമ്പുകളിൽ നിന്നും രാജ്യത്തെ വ്യാഖ്യാനിക്കുന്നവരാണ്. ജനാധിപത്യം അവരവർക്കായി പതപ്പെടുത്തി അവതരിപ്പിക്കുന്നവരാണ് ഈ അല്പബുദ്ധികൾ !ഇവിടത്തെ കാര്യം ചോദിച്ചാൽ അവർ അയൽപക്കത്തെ കാര്യം പറയും. അയൽ പക്കത്തുള്ളവർ അവരുടെ അമ്പിളിയെക്കാട്ടി നമ്മളെ വിരട്ടും.
സത്യം കാണാൻ മാറിനിന്നുള്ള കാഴ്ച തന്നെ വേണ്ടി വരുമെന്ന് ആരാണ് പറഞ്ഞു തരേണ്ടത്?
കാൻസർ മരുന്നുകൾ ആശുപത്രികൾ 2700 രൂപക്കു വാങ്ങി 27000 രൂപക്ക് വിൽക്കുന്നതിനെ കൂട്ടക്കുരുതി എന്നാണ് സുപ്രീം കോടതി പറയുന്നത്.
കോർപ്പറേറ്റ്, സ്വകാര്യ ആശുപത്രികൾ ആരെയും വെറുതേ വിടുന്നില്ല .ശവശരീരത്തിലും അവർ വിലപേശുന്നു. മരുന്നുല്പാദകർ ഒന്നും ചിന്തിക്കുന്നില്ല . ഈ കൊള്ളയ്ക്കെതിരെ സർക്കാർ ഇടപെടണം. ലാഭം പതിനാറു ശതമാനത്തിൽ കവിയരുത്. ഇവയാണ് പരമോന്നത കോടതി നിർദ്ദേശിക്കുന്നത്.
ജനാധിപത്യം തുള്ളിത്തുളുമ്പാൻ പണി എടുക്കുന്ന രാഷ്ട്രീയ കക്ഷികൾക്ക് ഉരുൾ നേർച്ചകൾക്കും ഊന്നിപ്പറയാനും മാത്രമേ സമയമുള്ളു.
ആശുപത്രികളും ഒരു വിഭാഗം ഡോക്ടർമാരും ചേർന്നു നമ്മുടെ ശരീരങ്ങൾക്കുമേൽ നടത്തുന്നത് കൊള്ളയും കവർച്ചയുമാണ്. .മനുഷ്യാവകാശ ധ്വംസനമാണ്. എത്തിക്സും സാമുഹിക പ്രതിബദ്ധതയും മറന്ന് കച്ചവടവും ലാഭവും ടാർജറ്റുകളായാണ് അവർ മുന്നേറുന്നത്. സോകോൾഡ് ആത്മീയ മത ജാതി ചാരിറ്റികളും ലാഭത്തിനായി ലോഭമില്ലാതെ മൽസരിക്കുന്നതാണ് ഇന്നത്തെ സാമൂഹിക ചിത്രം.
എഴുത്തിലാണ് കാര്യങ്ങളുടെ കിടപ്പ്.
രോഗിക്ക് ഏതു മരുന്ന് എഴുതണമെന്നു തീരുമാനിക്കുന്നത് മണ്ണാർ തൊടിക്കൽ വൈദ്യന്മാരാണ്.യുഎ ഖാദറിന്റെ ഈ പേരിൽ ഒരു ചെറു നോവലുണ്ട്. ഈ വക ഡോക്ടർമാരെ കൊണ്ട് മരുന്ന് എഴുതിക്കുന്നത് മരുന്നു കമ്പനികളും.എഴുതുമ്പോൾ വൈദ്യൻ മരുന്നു കമ്പനിയുടെ റെപ്രസെന്റേറ്റീവായി പരകായ പ്രവേശം നടത്തുകയാണ് പതിവ്.
നമ്മുടെ ദൈനം ദിന അന്നപാനാദികളെക്കാൾ നാം മൂല്യം നൽകുന്നത് കുടിക്കാനും വിഴുങ്ങാനുമുള്ള വഹകൾക്കാണ്. പല കൈകൾ മറിഞ്ഞാണ് ഈ മാരണങ്ങൾ നമ്മിലെത്തുന്നത്.എല്ലാവരുടെയും ലാഭം നമ്മുടെ സഞ്ചിത നഷ്ടമാണ്...ജീവനാണ്...
മരുന്നു വില്പനയുടെ ലോകം വലുതാണ്. ബ്രാൻഡിങ്ങും എം ആർപിയും നിർമാതാവ് നിനച്ചു നടത്തും.ഹോൾ സെയിൽകാരും സ്റ്റോക്കിസ്റ്റുകളുമാണ് അടുത്ത ഐറ്റം. ഏതു ബ്രാൻഡു കഴിക്കണമെന്നു ഡാക്കിട്ടർ കുറിക്കും. ഏതു ബ്രാൻഡ് ഏതു വിലക്കു നൽകണമെന്നു ഫാർമസിയിലെ കശ്മലർ തീരുമാനിക്കും. അതു വാങ്ങി വിഷ്ണുപദം പൂകുന്ന വ്യാധിക്കാരും ആധിക്കാരും അവസാന കണ്ണിയാകും.ഇതിനിടയിൽ തുകൽ പെട്ടിയും ശുഭ്ര കുപ്പായവും കണ്ഠ കൗപീനവുമായി ഗന്ധർവന്മാർ വേണ്ടവരെ സദാ സുഖിപ്പിക്കും.എല്ലാർക്കും തന്തോയം...
പാവപ്പെട്ടവന്റെ ആധാരങ്ങൾ കൊണ്ടാണല്ലോ ആതുര സേവനത്തിന്റെ അടുത്ത വികസന ബ്ലോക്ക് പണിയേണ്ടത്.
മരിക്കാൻ മറന്നാലും മണിക്കൂർ വിട്ട് മരുന്നു വിഴുങ്ങുന്നതിൽ ഒരു ഒത്തു തീർപ്പും ഇല്ലാത്ത പാവത്തുങ്ങളാണ് രോഗികൾ. വിഴുങ്ങി വിഴുങ്ങി മറ്റു വ്യാധികളെ സ്വീകരിച്ച് വീരചരമം പൂകാൻ വിധിക്കപ്പെട്ടവരാണ് അവർ.
വീട്ടിൽ കിടന്ന് മരിക്കുന്നവർ ഇന്നു കുറയും. പഞ്ചനക്ഷത്ര ആതുരാലയങ്ങളിൽ യന്ത്ര സഹായത്താൽ ജീവൻ പതിയെ പതിയെ വെടിയുന്നത് ഉറ്റവർക്ക് ലൈവായി കാണിക്കുന്നത് ആധുനിക ശാസ്ത്രത്തിന്റെ വിജയമാകുന്നു.മരിക്കുമെന്നറിഞ്ഞിട്ടും ആ ക്ഷീണിത ശരീരത്തിൽ എല്ലാ മെഡിക്കൽ പ്രൊസീജിയറും പൂർത്തിയാക്കി കൊല്ലാക്കൊല ചെയ്താണ് രോഗിയെ യമപുരിക്കു വിടുന്നത്.
എല്ലാം ചെയ്തു തീർത്തുവെന്ന തോന്നൽ ഉറ്റവർക്ക്.ടാർജറ്റ് ബിൽ പൂർത്തിയായതിൽ ആശ്വാസം ആശുപത്രിക്കാർക്കും .
പിന്നെ മരിപ്പു വിളിയിലാവും ഉറ്റവരിൽ ഒരാൾ.അപരൻ രാവിലേ സ്വർണപ്പണയ സ്ഥാപനം തുറക്കുന്ന സമയം തിരക്കലിലും പലിശക്കാരന്റെ ഫോൺ തപ്പലിലുമാകും.ഇതാണ് വികസിച്ച വമ്പൻ രാജ്യങ്ങളെ പച്ചയ്ക്ക് തുണിയുരിക്കുന്ന നമ്മുടെ ലോക മാതൃക !
അടുത്ത പരിപാടി കടമ്മനിട്ടയുടെ ചാക്കാലയുടെ പുനരവതരണമാണ്. റൊമാൻസിന്റെ അസ്കിതകളും സാഹിത്യത്തിന്റെ വിര ശല്യവു മുള്ളവർക്കും സ്പിരിറ്റിലെ വിജയ് യേശുദാസിന്റെ പാട്ടും കടല പോൽ കൊറിക്കാം..
പരേതന്/ പരേതയ്ക്ക് മക്കൾ കൂടുതലില്ലെങ്കിൽ പരിചരണത്തിന് ഷിഫ്റ്റ് അനിവാര്യമാകും. കരുണയും കരുതലും കടപ്പാടും അണുവിട തെറ്റാതെ സമയ ക്രമത്തിലാക്കണം. എമർജൻസിയായി വിളിച്ചാൽ ഉറക്കത്തിൽ വിളിച്ച് ശല്യപ്പെടുത്തിയതിനു താക്കീതു കേൾക്കാം.ദു:ഖത്തിന്റെ വേഷമണിഞ്ഞ്, ശോകത്തിന്റെ മേക്കപ്പിട്ട് ആവശ്യമാകുന്ന പക്ഷം കരയാൻ പാകത്തിലെത്തുന്ന ഇന്ദുമതികളും കൂടി വരികയാണ്..
പുതിയ കാലത്തു മരുന്നുകളാൽ ചത്തു ചത്തു ജീവിക്കുകയും മരുന്നു കാരണം കൊണ്ട് ആസന്ന മരണം ഉറപ്പാകുകയും ചെയ്യമ്പോൾ ശാസ്ത്രം ജയിക്കും മനുഷ്യൻ തോൽക്കും..
മാനസികവും ശാരീരകവും സാമ്പത്തികവുമായ സുസ്ഥിതിയാണ് ആരോഗ്യമെന്ന് ലോകാരോഗ്യ സംഘടന. ഈ കോപ്പാണ് ജനാധിപത്യത്തിന്റെ എക്കാലത്തെയും കാതലാവേണ്ടത്.
പൊരിച്ചിലുകൾ മതിയാക്കി കാര്യത്തിലേക്ക് വരികയാണ് അടിയൻ ലച്ചിപ്പോം എന്നു കരയുന്ന രാഷ്ട്രീയ കോൽക്കാർ ഇനിയെങ്കിലും ചെയ്യേണ്ടത്.
ഭാര്യ: "എങ്ങോട്ടു പോകുന്നു രാവിലെ ?"
ഭർത്താവ്: "ബാൽക്കണിയിൽ.വെയിലു കൊള്ളാൻ. ഡോക്ടർ പറഞ്ഞു വൈറ്റമിൻ ഡി ത്രി കുറവാണെന്ന്..."
ഭാര്യ: "പോകുന്നത് കൊള്ളാം. ഇന്നലെ ഡി ത്രീ ടെ ഹസ്ബൻഡ് വന്നിട്ടുണ്ട്.."
ഭർത്താവ്: "എന്നാൽ പിന്നെ, പിന്നീട് പോകാം !"