ഓരോ തവണ ഭരണം നിലനിർത്തുമ്പോഴും കൂടുതൽ ഊർജ്ജത്തോടെ മുന്നേറുന്ന ഭരണകക്ഷിക്കെതിരെ എന്തുചെയ്യണം എന്നറിയാത്ത പ്രതിപക്ഷ കക്ഷികൾക്ക് അത്ഭുതവും ആശ്വാസവും പകർന്നാണ് ഡൽഹിയിലും മുംബൈയിലും മറ്റ് പലയിടങ്ങളിലും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെ പാറ്റകൾ എത്തിയത്. പ്രതിപക്ഷത്തിന് നാളതുവരെ സാധിക്കാത്തത് ജന്തർ മന്തർ സമരത്തിലൂടെ പാറ്റകൾ നേടിയെടുത്തു എന്നത് സത്യം . തുടർന്നാണ് ധർമ്മേന്ദ്രപ്രധാന്റെ രാജിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രാജ്യത്തെ പ്രതിപക്ഷ പാർട്ടികളിൽ ഭൂരിപക്ഷത്തിന്റെയും അനുഗ്രഹാശിസ്സുകളോടെ ഗാന്ധിജയന്തി ദിനത്തൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യതയും ഗ്യാനേഷ് കുമാറിന്റെ രാജിയും ആവശ്യപ്പെട്ട് കൊക്രോച് കൂട്ടായ്മ സർക്കാർ വിരുദ്ധ വികാരം കൊളുത്തി വിടാൻ ഒരുങ്ങിയത് .
പിന്തുണയ്ക്കുന്ന മറ്റു പാർട്ടികളെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ കോൺഗ്രസിന്റെ കാര്യം അതാണോ?പഠിച്ച പണി പതിനെട്ടും നോക്കി മറ്റൊരു മാർഗവും നടക്കാതെ വന്നപ്പോൾ വിശുദ്ധ കലാപത്തിന് എന്ന മട്ടിൽ ഒരുങ്ങി നിൽക്കുന്ന പാറ്റകളെ പിന്തുണയ്ക്കാതെ മറ്റ് പോംവഴികളില്ല എന്ന കോൺഗ്രസിന്റെ നിലപാട് വരും നാളെകളിൽ അവരുടെ കൂടുതൽ ബലക്ഷയത്തിന് കാരണമാകും.
വിദേശ സംഭാവന നിയന്ത്രണ ഭേദഗതി നിയമവും വരാനിരിക്കുന്ന മണ്ഡല പുനർനിർണയവും വനിതാ സംവരണവും അട്ടിമറിക്കാൻ ഉദ്ദേശിച്ചുള്ളതാണ് പ്രതിപക്ഷ പാർട്ടികളുടെ പ്രസ്തുത നീക്കം എന്നാണ് ഭരണകക്ഷികളുടെ വിശേഷിച്ച് ബിജെപിയുടെ നിലപാട്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ രാജ്യത്ത് വലിയ മാറ്റം സംഭവിക്കും എന്നാണ് രാഹുൽ ഗാന്ധിയുടെ കണ്ടെത്തൽ . മോദി സർക്കാർ ഉലഞ്ഞു കഴിഞ്ഞതായും രാഹുൽ കണ്ടെത്തുന്നു. മൂന്നംഗ കമ്മീഷൻ ആകുന്നതിന് മുമ്പും ശേഷവും ഉള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിച്ചാൽ തീരാവുന്നതേ ഉള്ളൂ പ്രശ്നം. പക്ഷേ ആര് മിനക്കെടാൻ. കഴിഞ്ഞ 10 വർഷക്കാലത്തെ എല്ലാ തെരഞ്ഞെടുപ്പുകളും ഒഴിവാക്കണമെന്ന പ്രമുഖ കോൺഗ്രസ് നേതാവിന്റെ അഭിപ്രായം കോൺഗ്രസ് പാർട്ടി കേട്ട മട്ട് കാണിക്കാത്തതിന് കാരണം ആർക്കാണ് മനസ്സിലാകാത്തത് . ഉള്ളതും കൂടി ഇദ്ദേഹം നശിപ്പിക്കുമോ എന്ന ചിന്തയിലാണ് കോൺഗ്രസ് നേതാക്കൾ.
ജന്ദർ മന്ദറിലെസമരത്തെത്തുടർന്നുണ്ടായ ധർമ്മേന്ദ്രപ്രധാന്റെ രാജി പോലെ ഗ്യാനേഷിന്റെ രാജിയും സംഭവിക്കുമെന്ന് സ്വപ്നം കാണാൻ പാറ്റകൾക്ക് അവകാശമുണ്ട് . പക്ഷേ എവിടെയോ എന്തോ ഒരു പന്തികേട് മണത്തിട്ടാകണം ഡി എം കെ യും ടി വി കെയും പിന്മാറിയത് എന്നുവേണം കരുതാൻ . പണ്ട് പാറ്റകളുടെ സമരം സമാധാനപരമായിരുന്നില്ല എന്നത് രാജ്യം കണ്ടതാണ്. നുഴഞ്ഞു കയറ്റക്കാർ ഉൾപ്പെടെ പലരും പ്രതിഷേധക്കാർക്കിടയിൽ കയറിയത് പോലീസ് അന്ന് സ്ഥിരീകരിച്ചിരുന്നു. പുതിയ സമരത്തിലും പ്രസ്തുത കലാപരിപാടികൾ അരങ്ങേറിയാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ മുന്നിൽകണ്ടാണ് പല രാഷ്ട്രീയ പാർട്ടികളും പിന്മാറുന്നത് എന്നും സംസാരം ഉണ്ട് . വിചിത്ര വേഷധാരികളായ യുവതയ്ക്ക് പിന്തുണയേകുന്ന വയോജനങ്ങളെ ഈ സമരത്തിലും കണ്ടു. ഗണേഷ് കുമാറിന്റെ രാജിലൂന്നി മറ്റെന്തോ ആണ് ലക്ഷ്യമിടുന്നത് എന്ന് സംശയിക്കാവുന്ന മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളും ഈ സമരത്തിലും ആവോളം ഉണ്ടായിരുന്നു. ഗൂഢാലോചനകൾ മണത്തിട്ടും പ്രമുഖ രാഷ്ട്രീയപാർട്ടികൾ പാറ്റകൾക്ക് പിന്നാലെ പായുന്നതിന്റെ കാരണം മോദിയും ഭരണ സ്ഥിരതയും തന്നെയാകണം .
തീയില്ലാതെയും ചിലപ്പോൾ പുകയുണ്ടാവും. മറ്റൊരു പോംവഴിയും ഇല്ലാതെ വന്ന രാജ്യത്തെ പ്രമുഖ രാഷ്ട്രീയപാർട്ടികൾ അവസാനവട്ട ശ്രമമായിട്ടാവണം പാറ്റകളുടെ പിന്നിൽ അണിനിരക്കാൻ ഒരുങ്ങുന്നത്. പിടിവിട്ട് പതറി നിൽക്കുകയാണ് രാജ്യത്തെ പ്രതിപക്ഷം . പ്രതിഷേധം കലാപമായി മാറാതിരിക്കാനുള്ള ഉത്തരവാദിത്വം പ്രതിഷേധം സംഘടിപ്പിക്കുന്നവർക്ക് തന്നെയാണ്. അതെങ്കിലും ഓർത്താൽ നന്ന്.
Keywords:
Recent in National
Must Read
Latest News
In News for a while now..



