NewsAd1
Sir,അതിക്രമിച്ച് കൈയ്യടക്കേണ്ടതാണോ അധികാരത്തിന്റെ കസേര?
ഉമ മേനോൻ
7 October 2026, 1:54 am
main image of news

പണ്ട്  ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം ഓഫീസിൽ ഇല്ലാതിരുന്ന ഒരു ദിവസം മനോനില തകരാറിലായ ഏതോ ഒരു പാവം അദ്ദേഹത്തിന്റെ കസേരയിൽ അതിക്രമിച്ച് കയറി ഇരുന്ന സംഭവം ഓർമ്മവരുന്നു . സൂക്ഷിക്കേണ്ടത് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ലോകം ചുറ്റാൻ ഇറങ്ങുമ്പോൾ തന്റെ ഓഫീസ് പൂട്ടി താക്കോലും  ഇളിയിൽ തിരുകി കസേരയിൽ മറ്റാരും കയറി ഇരിക്കാതിരിക്കാനുള്ള മുൻകരുതൽ എടുത്തിെല്ലെങ്കിൽ തിരഞ്ഞെടുപ്പിലൂടെ സാധിക്കാത്ത സ്വപ്നസായൂജ്യത്തിനായി മറ്റു പലരും അവിടെ കയറി ഇരിക്കാനുള്ള ശ്രമങ്ങൾ അരങ്ങേറിയെന്ന് വരും. കാമഭ്രാന്തിലും വലുതാണ് അധികാര ഭ്രാന്ത് എന്ന് പറയുന്നത് ചുമ്മാതല്ല.

നടു റോഡിൽ പായ വിരിച്ചു കിടന്ന്  പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ച് ജയിലിനുള്ളിൽ കടക്കാൻ ശ്രമിക്കുന്ന ജഗതിയുടെ കഥാപാത്രത്തെ വെല്ലുന്ന പ്രകടനമാണ്  ആകാശവാണിയിൽ അതിക്രമിച്ച് കടന്ന്  രാഹുൽ ഗാന്ധി കാട്ടിക്കൂട്ടിയത്.  തിരഞ്ഞെടുപ്പ് കമീഷണറെ കാണണമെന്ന് ആകാശവാണിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റിയോട് ആവശ്യപ്പട്ടാൽ സുബോധമുള്ള സെക്യൂരിറ്റിക്കാരൻ എന്തു ചെയ്യും? അയാളുടെ ശകാരം കേട്ട് ഇളിഭ്യനായി നിൽക്കുന്ന നമ്മുടെ പ്രതിപക്ഷ നേതാവിന്  ജഗതിയുടെ കഥാപാത്രത്തിന്റെ നിഷ്കളങ്കത ഉണ്ട് എന്നുകരുതാൻ മനസ്സ് അനുവദിക്കുന്നില്ല.

ബാരിക്കേഡിനു മുകളിൽ കയറി നിന്ന് ത്രിവർണ പതാക വീശുന്ന രാഹുലിന്റെ മുഖത്ത് ചെങ്കോട്ടയിൽ പതാക ഉയർത്തിയ സന്തോഷം ദൃശ്യമായിരുന്നു . പാവം . രാഹുലിനോട് മൃദു സ്വരത്തിൽ സംസാരിച്ച പോലീസ് പക്ഷേ പ്രതിഷേധത്തിൽ പങ്കെടുത്ത പല എംപിമാരോടും ആ ലാത്തി കൊണ്ടാണ് സംസാരിച്ചത് . പൂരപ്പറമ്പിലെ ചെണ്ടകൾക്ക് പോലും കൊള്ളേണ്ടി വന്നിട്ടില്ലാത്ത  രീതിയിലെ തല്ലാണ് കേരളത്തിലെ ചിലർ വാങ്ങിക്കൂട്ടിയത് .

20ലേറെ ഭാഷകളിലായി അറുന്നൂറിലധികം വാർത്താ ബുള്ളറ്റിനുകൾ ദിവസേനെ പ്രക്ഷേപണം ചെയ്യുന്നതും  രാജ്യത്തെ 90%ത്തിൽ അധികം വരുന്ന ജനങ്ങളിൽ  എത്തിച്ചേരുന്നതുമായ ആകാശവാണി ഭവനിൽ കടന്നുകയറി ഞാനോ നിങ്ങളോ മുദ്രാവാക്യം വിളിച്ചാലത്തെ സ്ഥിതി ഒന്ന് ഊഹിച്ചു നോക്കൂ. എനിക്കോ നിങ്ങൾക്കോ ഇല്ലാത്ത എന്ത് അവകാശമാണ്, പരിരക്ഷയാണ് ഇക്കാര്യത്തിൽ രാജ്യത്തെ പ്രതിപക്ഷ നേതാവിനുള്ളത്
HomeAd1

പ്രതിപക്ഷ നേതൃസ്ഥാനം എന്നത്  രാജ്യത്ത് എവിടെയും അനുവാദമില്ലാതെ കടന്നു കയറാനും പ്രതിഷേധിക്കാനും  അവകാശമുള്ള പദവിയാണ് എന്ന വിചാരമുണ്ടെന്നു തോന്നുന്നു രാഹുൽജിക്ക്.  ആകാശവാണി ഭവനിൽ സുരക്ഷ ജോലിക്കാരെ തള്ളിമാറ്റി കടന്നു കയറുകയും ചോദ്യങ്ങൾക്ക് ഉരുളയ്ക്ക് ഉപ്പേരി എന്ന മട്ടിലുള്ള സെക്യൂരിറ്റിയുടെ മറുപടി കേട്ട് തളർന്ന് അവശനാക്കുകയും ചെയ്തപ്പോൾ ഡൽഹിയിലെ ഏതോ കടയിൽ നിന്ന് എത്തിച്ച  ചിക്കൻ റോൾ കഴിച്ച്  ആനന്ദ തുന്ദിലൻ ആകുന്ന  പ്രതിപക്ഷ നേതാവ്. പിന്നീട് അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോൾ പോലീസിനെ വെട്ടിച്ച് ഇറങ്ങി ഓടുകയും കൂടി ചെയ്തപ്പോൾ സർവ്വം സമ്പൂർണ്ണം.  മാതൃക ആകേണ്ട ആൾ മാനം കളയുന്ന അവസ്ഥ .

തിരഞ്ഞെടുപ്പിൽ തോറ്റാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നെഞ്ചത്ത് . കേരളത്തിലും കർണാടകത്തിലും ഹിമാചലിലും പഞ്ചാബിലും ജാർഖണ്ഡിലും കോൺഗ്രസ് ജയിച്ചപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷന് കുഴപ്പമൊന്നും ഇല്ലായിരുന്നു. ബിജെപി ജയിക്കുന്നതാണ് പ്രശ്നം . ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വേണ്ട പോലും . ആ പഴയ ബാലറ്റ് പെട്ടിയും  പേപ്പറും തിരികെ വേണമെന്ന് . രാജ്യത്തെ കാതങ്ങൾ പിന്നോട്ടടിക്കലാണ് ലക്ഷ്യം. രാജ്യത്തെ ടുക്കഡേ ടുക്കഡേ കർ ദേംഗേ (രാജ്യത്തെ കഷണം കഷണമാക്കും) എന്ന് പറയുന്നവരോട് കൈകോർത്തു നിൽക്കുന്നവരെപ്പറ്റി എന്തു പറയാൻ!

ആഗ്രഹങ്ങൾ തലയ്ക്കുപിടിച്ച്  അലമ്പ് കാട്ടുന്നവർ ഏറെയുണ്ട് നാട്ടിൽ .  പ്രതിപക്ഷ നേതാവ് അത്തരത്തിലൊരാളായിക്കൂടാ. അദ്ദേഹത്തെക്കൊണ്ട് ആരൊക്കെയോ താളം തുള്ളിക്കുന്നു.  പ്രധാനമന്ത്രിക്കസേര സ്വപ്നം കണ്ട് അലഞ്ഞുതിരിഞ്ഞ് എന്തിനും തയ്യാറായി നിൽക്കുന്ന ഒരാളായി രാഹുലിനെ ചിത്രീകരിക്കുന്നതു കൊണ്ട് എന്ത് നേട്ടമാണ് അവർക്ക്. കുടുംബ മഹിമ കൊണ്ട് വോട്ട് നേടുന്ന കാലം കഴിഞ്ഞിരിക്കുന്നു. പ്രതിഷേധം നഗരങ്ങളിൽ മാത്രമാണ് . നഗരങ്ങളിൽ മാത്രം ജയിച്ചത് കൊണ്ട് രാജ്യം ഭരിക്കാനാവില്ല . ഗ്രാമങ്ങളിലാണ് യഥാർത്ഥ ഇന്ത്യ എന്ന് ഗാന്ധിജി പറഞ്ഞതിന്റെ അർത്ഥതലങ്ങൾ ഇനിയുമേറെയാണ്. യഥാർത്ഥ ഇന്ത്യയെ കാണണമെങ്കിൽ ഗ്രാമങ്ങളിൽ കണ്ണു പതിയണം.

കഴിഞ്ഞ 10 വർഷക്കാലത്തിനിടയിൽ ഗ്രാമീണനായ സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള  ഒട്ടേറെ ക്ഷേമ പ്രവർത്തനങ്ങൾ കേന്ദ്രസർക്കാരിൽ നിന്ന് ഉണ്ടായിട്ടുണ്ട് . ഉപകാരസ്മരണയായി അവർ നൽകുന്ന വോട്ട് ഭരണത്തുടർച്ചയ്ക്ക് വഴിമരുന്നിടും. അപ്പോഴും നമുക്ക് നഗരങ്ങളിൽ ചെന്ന് പ്രതിഷേധിക്കാം .  

SIR ൽ പ്രശ്നങ്ങളുണ്ടെങ്കിൽ അത്പരിഹരിക്കപ്പെടുക തന്നെ വേണം. അതിന് ശക്തമായപ്രക്ഷേഭപരിപടികളും ആവശ്യമായേക്കാം. വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ ഒഴിവാക്കപ്പെട്ട യഥാർത്ഥ വോട്ടർമാരെ കണ്ടെത്തി അവരുടെ പേരുവിവരം പുറത്തുവിടാൻ കോൺഗ്രസ്സ് തയ്യാറുണ്ടോ? അങ്ങനെയുള്ളവരെ സംഘടിപ്പിച്ച് ഒരു ദിയി മാർച്ച്, കോടതികളിൽ നിയമ പോരാട്ടം എന്നിവ മികച്ച സാധ്യതകളല്ലേ? ആകാശവാണി ദവനിലെ സെക്യൂരിറ്റിക്കരനെതിരേ രാജ്യത്തെ പ്രതിപക്ഷ നേതാവ് സമരം നയിക്കുന്നത് എത്ര അപഹാസ്യമാണ്!

നഗരങ്ങളിലും സാധാരണക്കാരുണ്ട് . അവരുടെ ജീവിതം ദുസഹമാക്കിക്കൊണ്ട് സമരം ചെയ്ത് ലോകത്തിനു മുന്നിൽ  ഭാരതത്തെ ഇകഴ്ത്തിക്കാട്ടാൻ ശ്രമിക്കുന്നവരുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടണം. സമരമുഖത്തെ മുൻ നിര നേതാക്കളുടെ എൻ ജി ഒ കളാണോ അടിസ്ഥാന പ്രശ്നമെന്നും കണ്ടെത്തണം.
കോടതി പറയുന്നത് പോലും കേൾക്കാൻ കൂട്ടാക്കാതെയുള്ള സമരത്തിലൂടെ എന്താണ് ഇവർ ലക്ഷ്യപ്പെടുന്നത് . ആകാശവാണിയെ ആയുധമാക്കിയുള്ള സമരമുറ യാദൃശ്ചികം എന്ന് കരുതാനും വയ്യ. കലാപമാണ് ലക്ഷ്യമെന്ന് കരുതാതിരിക്കാനുളള കാരണങ്ങളുമില്ല. നേപ്പാളിലും ശ്രീലങ്കയിലും ബംഗ്ളാദേശിലും നടന്നത് ഇന്ത്യയിൽ ആവർത്തിക്കാതിരുന്നാൽ നന്ന്. അന്തിമ ജയം ആർക്കെന്ന് കാത്തിരുന്ന് തന്നെ കാണണം. ലോകത്തെ ഏതെങ്കിലും ജനാധിപത്യ രാജ്യത്തെ പ്രതിപക്ഷ നേതാവ് കലാപത്തിലൂടെ ഭരണം പിടിച്ച് രാജ്യത്തെ സമാധാനത്തിന്റെ മാർഗ്ഗത്തിൽ എത്തിച്ച ചരിത്രമുണ്ടോ. അതിക്രമിച്ച് കയറി ഇരിക്കേണ്ടതാണോ അധികാരത്തിന്റെ കസേര.  ആരോട് പറയാൻ ആര് കേൾക്കാൻ

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞