NewsAd1
മസ്കു പയ്യന്റെ അംബാനി പനിയും രാഹുൽ കുമാരന്റെ ‘അദർ ഗൈ’ വികൃതിയും
ആദിത്യൻ പ്രിയമാനസം
12 October 2026, 1:52 am
main image of news

കാലം കലിയുഗത്തിന്റെ ഡിജിറ്റൽ യാമം. ദൽഹി ദർബാറിലെ ശാസ്ത്രി ഭവന്റെ ഇടനാഴികളിൽ കാക്കകൾ പോലും ഇപ്പോൾ കിലോഗ്രാമിലല്ല, ജിഗാബൈറ്റ് കണക്കിലാണ് കാഷ്ഠിക്കുന്നത്. ദൽഹിയിലെ നരച്ച ഫയൽക്കെട്ടുകൾക്ക് മീതെ ചുവപ്പുനാട മുറുക്കുന്ന ജോയിന്റ് സെക്രട്ടറിമാരെ നിനച്ച് ടെക്സസിലെ പുൽമേട്ടിലിരുന്ന് ഇലോൺ മസ്ക് എന്ന പരദേശി സായിപ്പ് പല്ലിറുമ്മി. ചൊവ്വയിലേക്ക് പായക്കപ്പലയക്കുന്ന പ്രഭുവാണ്; ഒടുവിൽ ദൽഹി ദർബാറിന്റെ അതിപവിത്രമായ ഈതർ തരംഗങ്ങളിൽ പങ്കുപറ്റാൻ വിമാനവും പിടിച്ചെത്തിയപ്പോൾ, ടെലികോം ഭവന്റെ വരാന്തയിൽ കൈയും കെട്ടി നിൽക്കേണ്ടി വന്നിരിക്കുന്നു!

ഈതർ തരംഗം എന്ന് കേട്ട് വായനക്കാർ പരിഭ്രമിച്ച് ശബ്ദതാരാവലിയോ നിഘണ്ടുവോ തപ്പാൻ ഓടേണ്ടതില്ല. പണ്ട് പുരാണങ്ങളിലൂടെ ദേവന്മാർ ആകാശവാണി മുഴക്കിയതുപോലെ, ഇന്ന് മനുഷ്യർ വാട്സാപ്പ് കോളും വീഡിയോയും പറത്തിവിടുന്ന ആ ശൂന്യതയിലെ അദൃശ്യ പാതകളെയാണ് സായിപ്പിന്റെ ശാസ്ത്രം 'ഈതർ' എന്നും, ശാസ്ത്രി ഭവനിലെ ഫയലുകൾ 'സ്പെക്ട്രം' എന്നും വിളിക്കുന്നത്. അതായത്, ആർക്കും കാണാൻ പറ്റാത്ത ആകാശത്തിന് കോടികൾ വിലയിട്ട് അളന്നുവിൽക്കുന്ന സർക്കാരിന്റെ മാന്ത്രിക വിദ്യ!
തത്വചിന്ത അവിടെ നിൽക്കട്ടെ, ആരും എങ്ങോട്ടും പോയിക്കളയരുത്, നമ്മുടെ കഥയുടെ തിരി കൊളുത്തുന്നത് കൃത്യമായി ഈ ബിന്ദുവിലാണ്! വാഷിംഗ്ടണിലെ ഉപഗ്രഹങ്ങൾ വിറച്ചുനിൽക്കുന്ന ടെലികോം ഭവന്റെ തണുത്ത ഇടനാഴിയിലേക്ക് ക്യാമറ തിരിക്കൂ. അവിടെ ഇലോൺ മസ്കിന്റെ മുന്നിൽ പ്യൂൺ കുമാരൻ നായർ ചുവപ്പുനാട മുറുക്കി, കണ്ണട മൂക്കിൻതുമ്പിലേക്ക് താഴ്ത്തി കട്ടായം പറയുകയാണ്:
“ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്ത മൂന്ന് കോപ്പി തിരിച്ചറിയൽ കാർഡും റേഷൻ കാർഡും കൊണ്ടുവരൂ സായിപ്പേ, ശേഷം ഓർബിറ്റൽ അനുമതി ആലോചിക്കാം!”
ക്ഷമ കെട്ട മസ്ക് എക്സ്-പലകയിൽ വിരലമർത്തി വെടിപൊട്ടിച്ചു:
“165 രാജ്യത്ത് ഞാൻ കാറ്റും വെളിച്ചവും പോലെ പാറിനടക്കുന്നു. ഇവിടെ മാത്രം എന്തിനീ തടസ്സം? അംബാനിയാണോ ഇന്ത്യയിലെ ഒറിജിനൽ സുൽത്താൻ?”

 image 2 of news

സംഗതിയുടെ തീകൊള്ളി സൈബർ സ്പേസിൽ പുകഞ്ഞുയർന്ന അതേ നിമിഷത്തിലാണ്, തുഗ്ലക്ക് ലെയ്‌നിലെ ജിമ്മിൽ നിന്നും ഡംബെൽസ് താഴെവെച്ച് രാഹുൽജിയുടെ രംഗപ്രവേശം. വെളുത്ത ടി-ഷർട്ടും ഇറ്റാലിയൻ താടിയുമായി ഇറങ്ങിയ യുവരാജാവിന്റെ മുഖത്ത്, പണ്ട് പ്ലാസിയിലെ ചതുപ്പിൽ വെച്ച് റോബർട്ട് ക്ലൈവിനെ കണ്ടപ്പോൾ മിർ ജാഫറുടെ ചുണ്ടിൽ വിരിഞ്ഞ അതേ നിഷ്കളങ്ക കുലീന മന്ദഹാസം! ആഗോള ഭൗമരാഷ്ട്രീയം ലവശേലമറിയാത്ത രാഹുൽജി ,സ്വന്തം ഐഫോണിൽ, നയതന്ത്ര വെടി പൊട്ടിക്കാൻ മസ്കിന് റിപ്ലൈ തട്ടി: “വെൽക്കം ടു ഇന്ത്യ, ഇലോൺ. വെയിറ്റ് ടിൽ യു ഡിസ്കവർ ദി അദർ ഗയ്!”

അന്താരാഷ്ട്ര മുതലാളിയുടെ വിനീതഭാവത്തിൽ മസ്ക് ഉടൻ കൈകൂപ്പി: “താങ്ക് യു രാഹുൽ, ദിസ് ഈസ് ഇൻഡീഡ് ട്രബിളിംഗ്!”
ഇവിടെ കഥാകാരൻ വായനക്കാരന്റെ തോളിൽ മൃദുവായി ഒന്ന് തട്ടി, രഹസ്യമായി കാതിലേക്ക് ചുണ്ടുചേർക്കുന്നു—തമാശയല്ല, തനി കാര്യമാണ്.
പണ്ട് സൂറത്ത് തുറമുഖത്തെ കുരുമുളകിന് അനുമതി തേടി തോമസ് റോ, മുഗൾ ദർബാറിൽ കൈകെട്ടി നിന്നപ്പോൾ നമ്മുടെ നാട്ടുരാജാക്കന്മാർ കരുതിയത് വെറുമൊരു കച്ചവടക്കാരൻ വന്നെന്നാണ്. ഒടുവിൽ പണികിട്ടിയതോ ഇരുന്നൂറ് കൊല്ലത്തെ അടിമത്തം. ഇന്നിവിടെ നടക്കുന്നത് ആധുനിക ഡിജിറ്റൽ ഈസ്റ്റ് ഇന്ത്യാ കമ്പനി പരീക്ഷണം തന്നെ.
സാങ്കേതികമായി കാര്യം ലളിതമാണ്: പണ്ട് 2G വിധി ഓർമ്മിപ്പിച്ച ആകാശ ലേലത്തിൽ ഇന്ത്യൻ കമ്പനികൾ പതിനായിരക്കണക്കിന് കോടികൾ ഒഴുക്കിയപ്പോൾ, മസ്കിന് വേണ്ടത് ലേലമില്ലാത്ത നേരിട്ടുള്ള പങ്കുവെക്കൽ! ഖജനാവിന് കാശുകിട്ടുന്ന ലേലവഴിയെ വെട്ടിച്ച് സായിപ്പ് സൗജന്യ പാസ് തേടുമ്പോൾ, കോർപ്പറേറ്റ് കൊള്ളയ്‌ക്കെതിരെ സോഷ്യലിസം പ്രസംഗിച്ച അതേ യുവരാജാവ് ഈ പരദേശിക്ക് വാതിൽ തുറന്നുകൊടുക്കുന്നതിലാണ് കാലത്തിന്റെ ഫലിതം!
HomeAd1
 image 3 of news

ആ സോഷ്യലിസത്തിന്റെ ഉള്ളുകള്ളി പച്ചയ്ക്ക് പറയാൻ ചായക്കടയിലെ രാഷ്ട്രീയമീമാംസയുടെ ഉപജ്ഞാതാവും പ്രചാരകയുമായ കാർത്ത്യായനിയമ്മയെത്തന്നെ കളത്തിലിറക്കാം. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ചുവന്ന തുണി പുതച്ച പെട്ടിക്ക് മുകളിൽ കയറിനിന്ന് യുവരാജാവ് ആഞ്ഞടിച്ചതാണ്: "ഇന്ത്യയുടെ ഭൂരിഭാഗം സമ്പത്തും അകാരത്തിൽ തുടങ്ങുന്ന രണ്ട് കോർപ്പറേറ്റുകളുടെ കീശയിലാണ്. നമ്മളത് പിടിച്ചെടുത്ത് ദരിദ്രനാരായണന്മാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വീതിച്ചു നൽകും!"

കവലയിലെ ചായക്കടയിൽ മുപ്പത്തഞ്ചു ഡിഗ്രി ചൂടുള്ള പരിപ്പുവട കറുമുറാ തിന്നുകൊണ്ടിരുന്ന കാർത്ത്യായനിയമ്മ ഇതുകേട്ട് മൂക്കത്തു വിരൽവെച്ചു:
"അല്ലാ ബാലാ, ഇന്നലെവരെ നമ്മുടെ നാട്ടിലെ മുതലാളിമാരെ തെരുവിൽ നിർത്തി ചാട്ടവാറിനടിച്ച ഈ കുമാരൻ തന്നെയല്ലേ ഇപ്പോൾ ടെക്സസിലെ വെളുത്ത മുതലാളിയുടെ പെട്ടിക്ക് കാവൽനിൽക്കുന്നത്? നമ്മുടെ നാട്ടിലെ പാവം അദാനി-അംബാനിമാർ കാശുണ്ടാക്കിയാൽ അത് കോർപ്പറേറ്റ് കൊള്ള; അമേരിക്കൻ സായിപ്പ് ആകാശത്ത് സാറ്റലൈറ്റ് തൂക്കി കോടികൾ വാരിയാൽ അത് അന്താരാഷ്ട്ര വിപ്ലവം! ആഹാ, സോഷ്യലിസത്തിന്റെ ഒരു വെറൈറ്റി വ്യാകരണം!"
രാഹുലിന്റെ എക്സ് പോസ്റ്റ് കണ്ടതും വൈറ്റ് ഹൗസിലെ ചാരുബഞ്ചിൽ ചാരിക്കിടന്ന സാക്ഷാൽ ട്രംപ് അപ്പൂപ്പൻ്റെ ഓറഞ്ച് നിറമുള്ള പുരിക ദ്വയം ദക്ഷയാഗം ആട്ടക്കഥയിലെ പരമശിവൻ്റേതു പോലെ വളഞ്ഞു നിന്നു. മസ്ക് കുഞ്ഞിന്റെ സങ്കടം കേട്ട് സഹിക്കവയ്യാതെ ട്രംപ് മേശപ്പുറത്തിരുന്ന ബിഗ് മാക്കിൽ കടിച്ചുതുപ്പി ആക്രോശിച്ചു:
“എന്റെ മസ്കിന് സാറ്റലൈറ്റ് കെട്ടാൻ സൂചികുത്താനുള്ള ആകാശം പോലും കൊടുക്കില്ലെന്നോ? എങ്കിൽ പാമ്പിന്റെ തല വെട്ടുക തന്നെ!”
ക്രോധം പ്രഭോ സംഹര സംഹരേതി യാവദ്ഗിരഃ ഖേ മരുതാം ചരന്തി । താവത്സ വഹ്നിർഭവനേത്രജന്മാ ഭസ്മാവശേഷം മദനം ചകാര ॥
കുമാരസംഭവത്തിൻ്റെ അതേ ബാക്ക് ഡ്രോപ്പിൽ
ട്രംപ് പേന ചലിപ്പിച്ചു: ഇന്ത്യയിലെ ഇൻഫോസിസും ടി.സി.എസും വിപ്രോയും അമേരിക്കൻ മണ്ണിൽ പണി നിർത്തി പെട്ടിയും കിടക്കയും എടുത്ത് നാട്ടിലേക്ക് വിടണം! ആരവിടെ..! എച്ച്-1ബി വിസകൾ മണിച്ചിത്ര താഴിട്ടു പൂട്ടട്ടെ. ഗ്രീൻ കാർഡിന്റെ ലേബർ സർട്ടിഫിക്കേഷൻ മരവിപ്പിക്കട്ടെ.

 image 4 of news

ആഴ്ചയിൽ എഴുപതു മണിക്കൂർ പണിയെടുക്കണമെന്ന് പാവം ടെക്കികളെ ഉപദേശിച്ചിരുന്ന ബാംഗ്ലൂരിലെ നാരായണമൂർത്തിജി വിവരമറിഞ്ഞ് തലയിൽ കൈവെച്ചു. വടക്കിനി കോലായിൽ സുധാമൂർത്തിജി ലളിതജീവിതത്തിന്റെ പ്ലാസ്റ്റിക് കപ്പിൽ കാപ്പി ഊതിക്കുടിച്ചുകൊണ്ട് ദൈവത്തോട് ഊക്കിൽ പ്രാർത്ഥിച്ചു. യു.എസ്. ഗ്രീൻ കാർഡും സ്വപ്നം കണ്ട് രാത്രി വൈകുവോളം കോഡിംഗ് ചെയ്ത് യൗവനം ഹോമിച്ചിരുന്ന പാവം ടെക്കികൾക്ക് അതോടെ കാര്യം പിടികിട്ടി—ഇനി കമ്പനിയെ വിശ്വസിച്ച് അധികസമയം പണിയെടുത്താലും അമേരിക്കൻ മണ്ണിൽ സ്ഥിരതാമസമാക്കാൻ വഴിയില്ല! മലയാളി ടെക്കികൾ ഉടൻ ലാപ്‌ടോപ്പ് മടക്കിവെച്ച് പരസ്പരം പറഞ്ഞു: 'ഗ്രീൻ കാർഡിന്റെ വഴി അടഞ്ഞ സ്ഥിതിക്ക് ഇനി ആരെ ബോധിപ്പിക്കാനാണ് ഈ അർദ്ധരാത്രി പണി? ഇന്ന് വൈകുന്നേരം 5 മണിക്ക് തന്നെ വീട്ടിൽ പോകാം. നന്ദി ട്രംപ്, നന്ദി മസ്ക്, നന്ദി രാഹുൽ!'

തെക്കേ ഇന്ത്യയിലെ സോഫ്റ്റ്‌വെയർ പാളയത്തിൽ നിരാശയും സന്തോഷവും ഇടകലർന്ന ഈ പുകില് നടക്കുമ്പോൾ, അറബിക്കടലിന്റെ തീരത്ത് മറ്റൊരു കൗടില്യൻ ശാന്തമായൊരു നീക്കം നടത്തുകയായിരുന്നു. ബാംഗ്ലൂരിലെ എൻജിനീയർമാർ ലാപ്‌ടോപ്പ് പൂട്ടി അഞ്ച് മണിക്ക് വീട്ടിലോട്ട് വെച്ചുപിടിച്ചപ്പോൾ, മുംബൈയിലെ അന്റീലിയയുടെ മുപ്പത്തിയേഴാം നിലയിലെ വെൽവെറ്റ് സോഫയിലിരുന്ന് സാക്ഷാൽ മുകേഷ് ഭായ് ഇളം ചൂടുള്ള ഫഫ്ടാ ചവച്ചരച്ച് ആകാശത്തേക്ക് നോക്കി പതിയെ ചിരിച്ചു. പിന്നെ അൽപം ഉച്ചത്തിൽ ആത്മഗതം പൂണ്ടു.

അംബാനിക്ക് ആകാശത്ത് സ്വന്തം സാറ്റലൈറ്റുകൾ ഇല്ലെന്ന് കരുതി ആരും പനിക്കേണ്ട. പണ്ട് ചാണക്യൻ പറഞ്ഞതുപോലെ, ആയുധം ഉണ്ടാക്കുന്നവനല്ല അത് തന്ത്രപരമായി പ്രയോഗിക്കുന്നവനാണ് വിജയി! ആഗോളതലത്തിൽ പേരെടുത്ത ലക്സംബർഗിന്റെ SES ഉപഗ്രഹങ്ങളിൽ കൈകോർത്ത്, ഇന്ത്യയുടെ മലമുകളിലും കൊടുംകാട്ടിലും സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് പായിക്കാൻ ജിയോ സ്പേസ് ഫൈബർ ഒരുക്കിവെച്ച ഈ ഭായിയുടെ ബുദ്ധിരാക്ഷസത്വത്തിന് മുന്നിൽ പരദേശി സായിപ്പിന് തലകുനിക്കേണ്ടി വരും.

ആത്മഗതം പിൻവലിച്ച് മുകേഷ് ഭായ്, ഇലോൺ സായിപ്പിനെ മനസ്സിൽ നിരൂപിച്ച് ഒരു യമണ്ടൻ തിരുവാമൊഴി ഹിന്ദിയിൽ പൊഴിച്ചു:
“ഹേ ഇലോൺ, നിന്റെ കീശയിൽ ഡോളറും ആകാശംനിറയെ സാറ്റലൈറ്റുകളുമുണ്ടെന്ന് കരുതി ഇവിടെയൊന്നും നടക്കില്ല. ആഗോള ചട്ടങ്ങൾ നിരത്തി പിൻവാതിലിലൂടെ സ്പെക്ട്രം സൗജന്യമാക്കാമെന്ന് പുളിക്കേണ്ട. ദൽഹി ദർബാറിലെ ചുവപ്പുനാടയുടെ ഊരാക്കുടുക്കഴിക്കാൻ ഒരു നാടൻ മിർ ജാഫറുടെ വെളുത്ത ടി-ഷർട്ടിൽ തൂങ്ങിയതാണ് നിനക്കു പറ്റിയ അബദ്ധം!
അതിലുമപ്പുറം, സായിപ്പേ, നിന്റെ ആ പഴയ സ്വഭാവം രാജ്യം മറന്നിട്ടില്ല. അങ്ങ് ഉക്രെയ്ൻ യുദ്ധഭൂമിയിൽ റഷ്യൻ പീരങ്കികൾ ഗർജ്ജിച്ചപ്പോൾ ഒരു പരപരാ വെളുപ്പിന് നീ സാറ്റലൈറ്റിന്റെ പ്ലഗ് ഊരി കൈകഴുകിയ അന്താരാഷ്ട്ര അഭ്യാസം ഞങ്ങൾ കണ്ടതാണ്! നാളെയൊരു അതിർത്തിത്തർക്കം വരുമ്പോൾ രാജ്യത്തിന്റെ സാങ്കേതിക ഞരമ്പുകൾ നിന്റെ മൂഡിനൊത്ത് സ്വിച്ച് ഓഫ് ചെയ്യുന്നതിന് വിട്ടുതരാൻ ഇത് വാഴക്കാ റിപ്പബ്ലിക്കല്ല. ഇത് ഭാരതമാണ്; സ്പെക്ട്രം തടയണമെങ്കിൽ നാട്ടിലെ ചട്ടപ്പടി ലേലപ്പലകയിൽ വന്ന് കുന്തിച്ചിരിക്കണം. കുറുക്കുവഴി നോക്കിയാൽ ഗഗനമാർഗ്ഗേ തന്നെ നിന്റെ ഫ്രീക്വൻസി ജാമാകും മോനേ!”
അങ്ങനെ ആകാശത്തിന്റെ അതിരുകളിൽ അതികായന്മാർ സാറ്റലൈറ്റും ഈതർ തരംഗങ്ങളും കൊണ്ട് ചെസ്സ് കളിക്കുമ്പോൾ, ഭൂമിയിലെ സാധാരണക്കാരന്റെ കാര്യം തികച്ചും വ്യത്യസ്തമായിരുന്നു.
അപ്പുറത്ത് ബാലൻ നായരുടെ ചായപ്പീടികയിൽ, നമ്മുടെ സ്വന്തം 5G-യുടെ സൂപ്പർഫാസ്റ്റ് വേഗതയിൽ യൂട്യൂബിൽ മെഗാസീരിയൽ കണ്ടുകൊണ്ടിരുന്ന കാർത്ത്യായനിയമ്മ പൊടുന്നനെ വിഷണ്ണയായി. സീരിയൽ അമ്മായിയമ്മ മരുമകൾക്ക് വിഷം കൊടുക്കാൻ പോകുന്ന നിർണായക നിമിഷത്തിൽ ആസ്ട്രോടോക്ക് പരസ്യം ചാടിവീണത് സഹിക്കാനാവാതെ വാർദ്ധക്യ സഹജമായ കോപാന്ധതയിൽ മൊഴിഞ്ഞു:
"അല്ലാ ബാലാ, നാട്ടിലെ 5G-യിൽ പടം റോക്കറ്റ് പോലെ ഓടുമ്പോഴാണ് സായിപ്പും കൊച്ചുകുമാരനും ആകാശത്ത് സാറ്റലൈറ്റ് തൂക്കാൻ നടക്കുന്നത്! കയ്യിലിരിക്കുന്ന ഫോണിൽ ഒരു കൊലപാതകം സ്വസ്ഥമായി കണ്ടുതീർക്കാൻ സമ്മതിക്കാതെ ഇടയിലേക്ക് ചാടിവീഴുന്ന ഈ ആസ്ട്രോടോക്ക് പരസ്യം നിർത്തിത്തരാൻ ആ രാഹുലിനോട് പോയി പറയ്! അതൊന്ന് ബ്ലോക്കാക്കി തന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ പുള്ളിയുടെ യോഗം ആസ്ട്രോടോക്കിലെ ജ്യോത്സ്യന്മാരെക്കൊണ്ട് ഞാൻ ഫ്രീയായിട്ട് പ്രവചിപ്പിച്ചു കൊടുക്കാം!"

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞