NewsAd1
യൂ ടൂ ബ്രിട്ടൂസ്....
സിദ്ധാർത്ഥ് എം
15 October 2026, 2:58 am
main image of news

'സമ്പൽ സമൃദ്ധമായ ഒരു മാസം ആരംഭിക്കുകയായി. സോഷ്യലിസം മുടി വിടർത്തി ആടുന്ന ഒരു രാഷ്ട്രത്തിലെ പൗരനാണ് ഞാൻ എന്നോർത്തപ്പോൾ പയ്യന് രോമാഞ്ചമുണ്ടായി. തന്റെ രാജ്യസ്നേഹവും അഭിമാനവും വല്ലവരും കണ്ടോ എന്നറിയാൻ പയ്യൻ ചുറ്റും നോക്കി. ഇല്ല ആരും കണ്ടില്ല. സമാധാനമായി... '(വികെ എൻ)

മലയാള ഭാഷയുടെ വന്ദ്യ മാതാവായ മനോ രഞ്ജിനി ഹരിദാസന്റെ വോട്ടു വെട്ടലിനെതിരെയുള്ള സമരത്തിൽ ഐക്യപ്പെട്ട് , പൊലീസ് നടപടികളെ ഭയങ്കരമായി പൊരിച്ചടുക്കി.. ബ്ലീറ്റ്സ് ക്രീഗ് എന്നു വിളിക്കാവുന്ന ഈ ആകാശാക്രമണം മോദി,ഷാ,ഗ്യാനേഷ് ത്രയത്തെ  പേടിപ്പിച്ചോ പീഢിപ്പിച്ചോ എന്നറിയാൻ  ഇനിയും  കാക്കണം.
പക്ഷേ മാതാ ശ്രീയുടെ വിലാപം വന്നതോടെ  സമ്മർദ്ദം താങ്ങാൻ ആവതില്ലാതെ ഗ്രീസ്,തുർക്കിയ, ബ്രസീലിയ തുടങ്ങിയ രാഷ്ട്രങ്ങളിലെ കമ്മ്യൂണിസ്റ്റു പാർട്ടികൾ അതായത്, അവിടങ്ങളിലെ പൊടിപോലുമില്ല കണ്ടു പിടിക്കാൻ എന്ന ടാഗ് ലൈനുള്ള അനിക്സ്പ്രേകൾ  ഇന്ത്യൻ സർക്കാരിനെ അറഞ്ചം പുറഞ്ചം ഭർസിച്ചു കൊണ്ട് കമ്പിയായും കമ്പിത ഗാത്രരായും ഭ്രമര സന്ദേശം അയച്ചു തള്ളിയതായി ദേശാഭിമാനി എന്ന സത്യനാദം  വിനയപൂർവ്വം നാലു കോളങ്ങളിലായി നമ്മെ അറിയിക്കുന്നു. സത്യവാചി. ഗീർന: ശ്രേയ:
ബംഗ്ലാദേശിലെ  പ്രജകൾ, പാറ്റകൾ ഉൾപ്പെടെയുള്ള എല്ലാ ബദരീങ്ങളുടെയും  ആഗ്രഹ പൂർത്തീകരണത്തിനായി സ്വലാത്തൂൽ ഹാജത്ത് നിസ്കാരവും  ദുവയും ചെയ്തതായും വാർത്തയുണ്ട്.ഭാരതത്തിന്റെ ശ്രേയസിനും പ്രേയസിനും  ബംഗ്ലാ സഹോദരങ്ങൾ ചെയ്യുന്ന ഈ ത്യാഗനിർഭരതകളെ  കാണാതെ പോകയോ ? നന്ദിയുള്ള ശമരിയക്കാരണവർ.!

 image 2 of news

ലോകം മുഴുവനും സമാധാനത്തിന്റെ വെള്ളരിപ്പറവകൾ പാറിപ്പറന്നു കാഷ്ഠിക്കുന്ന ഈ നാളുകളിൽ,മാനവീയതയാകെ കാൽപ്പന്തു കളിയിലെന്ന പോൽ അർമാദിക്കുന്ന ഈ വേളയിൽ  ഇന്ത്യയിലെ ട്രപ്പീസു കളിയിൽ യു എന്നിന്റെ കാക്കത്തൊള്ളായിരം ഏജൻസികളിലൊന്ന് ആകുലമാകുന്നു. ആ ഏജൻസിയെ കണ്ടെത്താനായി മഷിയിട്ടു നോക്കാൻ സെക്രട്ടറി ജനറൽ കല്പിച്ചു കഴിഞ്ഞു. അത്രയും നന്ന്. ലോകാ സമസ്ത സുഖിനോ ഭവന്തു !

യുഎൻ സെക്യൂരിറ്റി കൗൺസിൽ കമ്മിറ്റി ആപ്പിസിലെ പൂട്ടു പൊളിക്കാൻ കൈക്കോടാലിയും കമ്പിപ്പാരയുമായി പോയ ഇന്ത്യൻ നയതന്ത്രധീമാൻമാർക്ക്  ഈ ആകുലത പാരയാകുമോ എന്ന് അടുത്തൂൺ പറ്റിയ നയകോവിദരോട് ചോദിക്കണം. ഒരു അന്തി ചർച്ചയിൽ അങ്ങനെയും വധിക്കാം.
HomeAd1
 image 3 of news

പീലി വിടർത്തിയാടുന്ന ഒരു ജൻസി കലാസന്ധ്യയെ ഓർമിപ്പിക്കുന്ന ഉദാര ഇന്ത്യൻ ജനാധിപത്യം ഫാബുലസായ ഓഫറുകളാണ് സമര പോരാളികൾക്ക് ഒരുക്കുന്നത്.ജന്തർ മന്തറിന് നിസാരം 1000 പേരെ മാത്രമേ ഉൾക്കോള്ളാനാകു എന്നത് സർക്കാരിനെ അലട്ടുന്നു.. ആസാദി സമാരോഗാണ് അരങ്ങിൽ. വെള്ളത്തിലെ തിര പോലെ തള്ളുകയാണ് ജൻസികൾ. കറതീർന്ന  ദേശാഭിമാനികൾ.!. വായ്ക്ക് രുചിയായി കളകാഞ്ചിയിൽ പടപ്പാട്ടു വേണം. ഇരുന്നും നടുനിവർത്തിയും പ്രഘോഷിക്കണം. ഇതിനായി കോട്ടയം അയ്യപ്പാസു പോലെ മൂന്നു കിടിലൻ സ്റ്റേഡിയങ്ങളാണ്  സർക്കാർ വാഗ്ദാനം. ദേഹണ്ണക്കാർ 10 ലക്ഷം വരുമെങ്കിൽ ഒന്ന്, 3ലക്ഷം എങ്കിൽ രണ്ട്,50,000 എങ്കിൽ  മൂന്നാം സ്റ്റേഡിയം മലർക്കെ തുറന്നിടും.  ആവശ്യമെങ്കിൽ പ്രക്ഷോഭകാരികൾക്ക് ലെസിയും മോരു വെള്ളവും നാരാങ്ങാ മിഠായിയും  പരിഗണിക്കുന്നുണ്ട്.  1947 മിസ്സായവർക്ക് ഈ  അവസരം മുതലാക്കി  ആശ തീർക്കാം. ആശയവും ആമാശയവും വീർപ്പിക്കാം. . ജന്തർമന്തർ  പഴയപടി ദില്ലിക്കാർക്ക് തിരിച്ചു കിട്ടും. അവിടെ തുരന്നു കയറിയ പാറ്റകൾ ഒക്കെയും അകത്തായി. എയറിലുമായി ... ഇനി എലി മലയെ പെറുമോ ?

നാട്ടുകാർക്കും യാത്രികർക്കൂം സമരം തൊന്തരവായി..വ്യാപാരികളും കലിപ്പിലാണ്.അവരുടെ നഷ്ടം 2000 കോടി.സമര വേദി മാറ്റാൻ കോടതിയും പറഞ്ഞു. കോളടിച്ചതും ഗോളടിച്ചതും ബിജെപി. 140 കോടി ജനങ്ങളുടെ ജനവിധി 8000 മൊതലുകളെ കൊണ്ട് പൂട്ടിക്കുമോ എന്നു സർക്കാരും. ഇനി സമരം നവരാത്രി കഴിഞ്ഞ്.ടാറ്റാ..ബൈ ബൈ ..സീയു...

 image 4 of news

"കുത്തകകളെ ,ഞാൻ അടുത്ത ഏപ്രിൽ വരെ എംപിയാണ്."എന്നു പറഞ്ഞവാറെ അവർ ചവിട്ടു നാടകം തുടങ്ങി എന്നാണ് കേൾവി.. ദില്ലീ ആപ്പീസു നടയിൽ ഒരു പൊലിസുകാരൻ അബദ്ധത്തിൽ മീശ പിരിച്ചാൽ അരുത് എന്നു മീശയോട് ഹിന്ദിയിൽ പറയാൻ ഒരാളെ ഇന്നുള്ളൂ.അതാ...ണ് ബിട്ടൂസ്. കഴിഞ്ഞ നാൾ അടി പേടിച്ച് ഓടിയ കറ മാറ്റണം. പുന്നപ്ര വയലാർ സമരത്തെ കവക്കുന്ന പോരാളിയാവണം. കേന്ദ്രകമ്മിറ്റിയിൽ ചാടിക്കയറണം. അടുത്ത തേർതലിൽ വിജയം ഉറപ്പാക്കണം. yes Britus is an honorable man.

വേഷ്ടിയും കുപ്പായവൂം പലവുരു  ഉയർത്തി കാട്ടി മേലെ കൂടി പറന്നു പോകുന്ന അടികളെ ഏണിവച്ചു പിടിച്ച റഹീമിനും മോഹങ്ങളാണ് ഏറെയും.ജെയ്ക്കും ഒരു വെടിക്കുള്ള മരുന്നു സംഘടിപ്പിച്ചിട്ടുണ്ട്. മൊത്തം പീയാറാണ് ദില്ലിയിൽ ഫണം വിടർത്തിയത്.
മലയാളി സഗാക്കൾ വീഡിയോ ക്യാമറ കണ്ടാലേ നിരത്തിലിറങ്ങൂ. അതിനു മുന്നിലേ  സ്കിറ്റ് അവതരണം നടത്തൂ.
പാറ്റകളേ,  നിങ്ങളാണ്  ഈ കേരളാ നടന സംഘത്തിന്റെ  ഐശ്വര്യം! ആയുഷ്മാൻ ഭവ: ഞങ്ങൾ ഗതി പിടിക്കും വരെ.

രണ്ടു വയസായ ഒരു ബാലകനെ ഇരുകരങ്ങളിലും കരുതലോടെ മുറുകെ പിടിച്ച് ഉൽസവ പറമ്പിന്റെ വിസ്മയങ്ങളിലേക്ക് നയിക്കുന്ന കാഴ്ചക്കു സമാനമായീരുന്നു കാരണഭൂതത്തിന്റെ ദില്ലി പ്രകടനവും.  ബലൂൺ വാങ്ങി തരട്ടെ എന്നതിനു സമാനമായിരുന്നു ശരണം വിളിക്കട്ടെ എന്ന ബാലനായ ഗോപാലിന്റെ നിഷ്കളങ്കമായ അഭ്യർത്ഥന. നേരെ ചെന്നു കയറിയാൽ ചവിട്ടി കൂട്ടും എന്നതിനാൽ വയോധിക ആനുകൂല്യം സദയം അനുവദിച്ചാണ് കേരളത്തിലെ എല്ലോപ്പിയുടെ അറസ്റ്റു നടന്നത്. നഗര പ്രദക്ഷിണം സൗജന്യമായ സിറ്റി റൈഡായി  കണ്ടാൽ മതി. ഞങ്ങൾ ഇവിടുണ്ടെന്ന് മലയാളത്തിൽ വിളിച്ചത് അവർ കേട്ടു കാണും. യാത്ര ആനന്ദമാക്കാൻ  പെപ്സിയും കിറ്റ്ക്യാറ്റും കരുതാതെ  ഇറങ്ങിയതിൽ പരിചയക്കുറവുണ്ട്. തിരികെ തിരോന്തരത്ത്  വന്നപ്പോൾ ഉജ്ജ്വല വരവേല്പ്.വെടിക്കെട്ട്. ഏഷ്യാഡിന് സ്വർണവും വാരിക്കുട്ടി വന്ന കുട്ടിയെ സ്വീകരീക്കാൻ ഒരു പട്ടിക്കുഞ്ഞ് മില്ല.!

എല്ലാം പീ ആർ മയം.
കരുതലാണ്.
മാസപ്പടിയിൽ മറുപടി പറയാൻ വിളിക്കുമ്പോൾ കൈരളിയിൽ കാണിക്കാൻ കുറെ ഗുണ്ടുമണി ക്ലിപ്പുകൾ  വേണം.82 കാരന്റെ സമര വീര്യം!  അതു കലക്കി പൂശണം.
എത്ര നിസഹായവും ദൈന്യവും ദുരിതവുമാണ് വാർദ്ധക്യം എന്നു പിണറായി നമ്മോടു പറയാതെ പറയുന്നു.അതിൽ രാഷ്ട്രീയമില്ല .പച്ചയായ മനുഷ്യാവസ്ഥ മാത്രം! നിശബ്ദമായ നിലവിളികൾ മാത്റം.
പണ്ടത്തെ കൈകൊണ്ടുള്ള ഏക്ഷനുകളെല്ലാം നിഷ്ഫലമാകുന്ന നിമിഷം. എല്ലാം തകരുന്ന നിമിഷം!
യുദ്ധത്തിൽ എല്ലാവരെയും വീഴ്ത്തിയ അർജുനൻ യുദ്ധാനന്തരം  മിഴുമിഴാ നോക്കി നിൽക്കവേയാണ്  നരീന്തുകളായ കാട്ടളന്മാർ  കൃഷ്ണന്റെ ഗേൾLഫ്രണ്ട്സായ ഗോപസ്ത്രീകളെ തട്ടിക്കൊണ്ടു പോയത്. അമ്പ് പോയിട്ട് ഒരു കമ്പെടുക്കാൻ ആവതില്ലായിരുന്നു  അപ്പോൾ വില്ലാളി വീരന് !
ഗീതയുടെ പരാജയവും.ഗീതാകാരന്റെ വിജയവും.  അതാണ് മാരാർ പറഞ്ഞത്
ഇങ്ങനെ യൊക്കെ പറയാമോ?
നാളേം നമുക്കു കാണണ്ടേ
എന്റമ്മ ചുട്ടൊരു വെള്ളപ്പം
മുട്ടേം കൂട്ടി തട്ടീട്ട്
നാണമില്ലേ ഇങ്ങനെ പറയാൻ?

Keywords:

home ad2 16*9

Recent in National

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞