ഈ എപ്പിഡോസിലെ പ്രധാന കഥാപാത്രങ്ങൾ ഭരത് മമ്മൂട്ടിയും ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമാണ്. പുനത്തലിന്റെ മലമുകളിലെ അബ്ദുള്ളയല്ല!
ദിവസവും അമ്മ എനിക്കു കാച്ചിയ പാൽ തരും.അത് കുടിക്കാഞ്ഞാൽ അമ്മ കരയും.എന്തിനാണമ്മ കരയുന്നത് ?ഞാൻ അച്ഛനെ പോലെ വളർന്നു വലുതാകണം.അതാണ് അമ്മക്ക് ഇഷ്ടം. ശുദ്ധമായ പശുവിൻ പാലു കൊടുത്തിട്ടും അച്ഛനെ പോലെ വളർന്നു വലുതാകാത്തതിൽ മനം നൊന്താണ് നാട്ടിലെ യുവ സിങ്കങ്ങൾ ഒന്നാകെ മമ്മൂട്ടിക്കു വേണ്ടി ആയിരം കലങ്ങളിൽ സാമൂഹ മാധ്യപ്പൊങ്കാലയിട്ടത്. കാവടിയാടിയത്. എടുത്തുടുത്തത്.
ജെൻസികളുടെ ഭാവാദികളും പേറിയാണ് മധ്യവയസ്സിലേക്ക് കുതിക്കുന്ന ഭാരതീയ യുവതയുടെ പടക്കുതിരകൾ കടവന്ത്രയിലെ മഹാനടന്റെ പെരയില് മുട്ടി വിളിച്ചത്. ഇത്രയും നിരീച്ചില്ല!ചരിത്രത്തിലെ മഹാരഥൻമാരുടെ സമാഗമം പോലെ ഇതും മാറുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ അവർ പതിവു തെറ്റിച്ചില്ല. നേതാക്കൾക്ക് ചരിത്ര നിമിഷം പങ്കിട്ടതേ ഓർമയുള്ളൂ.മൊത്തമായും ചില്ലറയായും നമ്മുടെ സഖാക്കൾ കരുതി വച്ചിരുന്ന എല്ലാ ഉപാലംഭവും അതിസാരമായി ശബ്ദ ഘോഷങ്ങളോടെ കുത്തി ഒഴുകുന്നതാണ് പിന്നെ കണ്ടത്. നിന്ദ, പരിഹാസം, ദ്വയാർത്ഥം ആക്കലുകൾ കുത്തുവാക്ക്... അങ്ങനെ പോകുന്നു ഒരു നവോത്ഥാന വിപ്ലവ യുവ ജനതയുടെ ആവിഷ്കാരങ്ങൾ ! നമ്മുടെ നവകേരളത്തേക്കാൾ അഞ്ച് വയസ്സ് മൂപ്പാണ് മമ്മൂക്കയ്ക്ക്. കേരളം പോലും മൂപ്പരെ 'മമ്മൂക്കാ' എന്നു വിളിക്കുന്നതിന്റെ രഹസ്യം അതാണ്. ആ ഇക്കയെയാണ്.....
ഇന്ത്യയുടെ വക്കേയറ്റത്തെ രണ്ടാമത്തെ വടക്കൻ വീരഗാഥയിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ വിവാഹമാണ് മുഖ്യം. ദേശീയോദ്ഗ്രഥനത്തിന്റെ ഭാഗമായി ദില്ലിയിലും ശ്രീനഗറിലും ലളിതമായ ചടങ്ങുകൾ. സ്പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ചായിരുന്നു തിരുമണം. ഏക സിവിൽ കോഡിലാണ് പിടുത്തമെന്നു തോന്നുന്നു.തൃപ്തിയായി ! ദേശീയ സംസ്ഥാന രാഷ്ട്രീയ രംഗത്ത് ഈ പെടവട ദൂരവ്യാപകമായ മാറ്റം വരുത്തില്ലെങ്കിലും 63 കാരനായ ഒമറിനെങ്കിലും ചെലേ മാറ്റങ്ങൾ വരുമെന്നാണ് കരുതുന്നത്. ഇന്ത്യാ സഖ്യം കൊഴുക്കാനും ഇതു മതി.
മേജർ ജനറലായിരുന്ന രാം നാഥിന്റെ മകളായായ പായൽ നാഥിനെ1996ൽ വിവാഹം കഴിച്ച ഒമർ ഉഭയസമ്മത പ്രകാരം ബന്ധം വേർപെടുത്തിയിരുന്നു.ഈ ബന്ധത്തിൽ രണ്ട് ആൺകുട്ടികളുമുണ്ട്. സമീറും സഹീറും. മാധ്യമ പ്രവർത്തകനായ ഭർത്താവുമായുള്ള ബന്ധം അവസാനിപ്പിച്ചാണ് നിധിയും നവ ജമ്മുകശ്മീർ യാത്രയിൽ പങ്കാളിയാവുന്നത്..
Keywords:
Recent in National
Must Read
Latest News
In News for a while now..



