ഖാർഗെയാടാ പറയുന്നെ; ചുപ് ബൈഠെടാ..
ഡോ.എസ്.ശിവപ്രസാദ്
3 November 2026, 6:38 pm
ഒച്ചവെയ്ക്കാതെ മിണ്ടാതിരുന്നാൽ എന്റെ പ്രസംഗം അഞ്ച് മിനിട്ട് കൊണ്ട് അവസാനിപ്പിക്കും. ഇല്ലേൽ ഒരു മണിക്കൂർ പ്രസംഗിച്ചുകളയും ഞാൻ. ഏതാനും ദിവസങ്ങൾക്കു മുമ്പ് 56 ഇഞ്ച് നെഞ്ചളവുള്ളവൻ്റെ തന്തയ്ക്ക് പറഞ്ഞവനാടാ പറയുന്നെ. നാക്ക് വായിലിടെടാ. ചുപ് ബൈഠെടാ.
ഹെഡ്മാഷുടെ വരവറിയിച്ച് വടിയും കയ്യിലെടുത്ത് ഉറഞ്ഞു തുള്ളുന്ന ഡ്രിൽ മാഷിൻ്റെ വേഷമണിഞ്ഞ ഖാർഗയുടെ വക ഒരു ചിന്ന വിരട്ട്. കിരീടത്തിലെ തിലകന്റെ നിസ്സഹായ അപേക്ഷയുമാകാം. പിന്നാലെ സത്യാനന്തര തള്ളുകളുടെ പെരിയ വെടിക്കെട്ട് ഘോഷയാത്ര.
പതിനായിരം പേരെ പത്തുലക്ഷം പേരാക്കി മാറ്റി രാജ്യത്തെ രക്ഷിക്കാനും മോദിയെ മറിച്ചിടാനും ജനാധിപത്യം സംരക്ഷിക്കാനും കച്ചകെട്ടിയുള്ള സത്യാന്വേഷണ കൺകെട്ട് വിദ്യക്ക് സാക്ഷ്യം വഹിക്കാൻ അണിഞ്ഞൊരുങ്ങി നിന്ന രാംലീല മൈതാനി ഖാർഗെ യുടെ വെടിയുണ്ട വാക്കുകളിൽ വിറങ്ങലിച്ചു. രാഹുൽ ലീല ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രജാപതിയുടെ വിരട്ടലും തള്ളലും കേട്ട് ചില കോൺഗ്രസ് കുഞ്ഞുങ്ങൾ കുളിര് കോരി.
‘ജനഗണമന’ സമയത്ത് ബഹളം വയ്ക്കുന്ന കുഞ്ഞുങ്ങളെ ബെല്ലടിച്ചാലും വിടില്ല എന്ന് പറഞ്ഞ് പേടിപ്പിക്കുന്ന അധ്യാപകരുടേതു പോലുള്ള പൊടിക്കൈ ആണെന്ന് മനസ്സിലായ ചിലർ ഞങ്ങളിങ്ങനാ ഭായീ എന്ന ഭാവത്തിൽ നാവാട്ടം സാകൂതം തുടർന്നു. പ്രജാപതിയുടെ തനിനിറം ഒളിപ്പിച്ചു വച്ച വിരട്ട് വാക്കുകൾ കേട്ട് നെഞ്ചാമുടി തകർന്ന മറ്റുചിലർ സ്ഥലം കാലിയാക്കി.
വീട്ടിൽ പോയി ചോദിച്ചാൽ മതി എന്ന് പറഞ്ഞവരുടെ പ്രസ്ഥാനം കൂടെ ഉള്ളപ്പോൾ ആരെ ഭയക്കണം എന്തിനു ഭയക്കണം എന്ന് കോൺഗ്രസ് പ്രസിഡണ്ട് ധരിച്ചിട്ടുണ്ടാവും. ഇന്ത്യ ഭരിക്കേണ്ടത് ഞങ്ങളാണ് ഞങ്ങൾ മാത്രമാണ് എന്ന മനോരോഗ തുല്യമായ മാനസികാവസ്ഥയെ അംഗീകരിക്കുന്ന അധികാര ആഗ്രഹത്തിന് അടിപ്പെട്ട കുറെയേറെ അടിമ മനസ്സുകൾ. അവരെ കേൾക്കാനിരിക്കുന്ന നിഷ്കളങ്കരായ പാവങ്ങൾക്ക് മേലായിരുന്നു തള്ളുകളുടെയും വിരട്ടലിന്റെയും കുത്തൊഴുക്ക്. വാക്കിലും വാക്യത്തിലും ഒളിഞ്ഞിരിക്കുന്ന പഴയ കാല ജന്മിത്ത - ബൂർഷ്വാ മനസ്ഥിതി ഖാർഗയുടെയും കൂട്ടരുടെയും വാക്കുകളിൽ പച്ചയായി പുറത്തുവരികയായിരുന്നു .
നേതാക്കളുടെ പ്രസംഗം കഴിഞ്ഞാലേ ജനത്തിന് എഴുന്നേറ്റ് പോകാൻ സാധിക്കൂ എന്നാണാവോ ഇവർ കരുതിയത്. അതിനുള്ള അവകാശമേ പാവം പൗരന്മാർക്കുള്ളോ. രാംലീല മൈതാനത്തിന്റെ നീളവും വീതിയും പ്രക്ഷോഭത്തിൽ പങ്കെടുത്തു എന്ന് സംഘാടകർ അവകാശപ്പെടുന്ന ആൾക്കാരുടെ എണ്ണവും തമ്മിലെ ആനയും അങ്ങാടിയും പോലുള്ള പൊരുത്തക്കേട് പുറത്ത് പറയുന്നില്ലെങ്കിലും കോൺഗ്രസ് നേതൃത്വത്തിന്റെ വിശദീകരണ കണക്കുകൾ കേട്ട് ദേശീയ അന്തർദേശീയ മാധ്യമങ്ങൾ പോലും അന്ധാളിച്ചു.
.
കോൺഗ്രസ് അല്ലേ കള്ളം പറയൂ ക്യാമറ കണ്ണുകൾക്ക് കള്ളം പറയാൻ കഴിയില്ലല്ലോ. കള്ളരിപ്പൻ മീശയും നിബിഢ വനങ്ങൾ മാതിരി താടി രോമങ്ങൾ വളർന്നു കഴിഞ്ഞു എന്ന ഭാവത്തിലും താടി - മീശ രോമങ്ങൾ കിളിച്ചു തുടങ്ങുന്ന നാളുകളിൽ നടക്കുന്ന കൗമാരക്കാരെ മനസിലാക്കാം. അങ്ങനെയാകാമോ മോക്ക് പ്രധാനമന്ത്രിയായി വാഴുന്ന രാഹുലും അദ്ദേഹത്തിലും മുകളിലിരിക്കുന്ന കോൺഗ്രസ് പ്രസിഡൻറും.
നവംബർ ഒന്നിന് രാംലീല മൈതാനി അക്ഷരാർത്ഥത്തിൽ പ്രതിപക്ഷ നേതാക്കളുടെ നുണ പറച്ചിൽ മത്സര വേദിയായി മാറുകയായിരുന്നു. മോദിയും അമിത് ഷായും ഭരണത്തിലേറിയത് ഗ്യാനേഷ് കുമാർ ഇലക്ഷൻ കമ്മീഷണർ ആയതിനുശേഷം ആണ് എന്നുമൊക്കെയുള്ള സത്യവിരുദ്ധമായ പ്രസ്താവനകൾ ഒരു ഉളുപ്പുമില്ലാതെ ഒന്നൊന്നായി രാഹുൽ തട്ടിവിട്ടു. മഹാരാഷ്ട്ര, ബീഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വോട്ട് ചോരിയിൽ കൂടിയാണ് ബിജെപി ഭരണത്തിൽ എത്തിയത് എന്ന് ഖാർഗെ. എസ് ഐ ആർ ന് മുമ്പ് നടന്ന ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചോരി നടന്നു എന്ന ഞങ്ങൾ പറഞ്ഞാൽ അത് നിങ്ങൾ വിശ്വസിച്ചു കൊള്ളണം എന്ന ഭാവം.
.
എസ് ഐ ആർ ന് ശേഷം ഗ്യാനേഷ് കുമാർ നേതൃത്വം നൽകുന്ന കമ്മീഷന്റെ മുഖ്യ കാർമ്മികത്വത്തിൽ കേരളത്തിലും കർണാടകത്തിലും ഹിമാചൽ പ്രദേശിലും നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ജയിച്ചതും ഇതേ വോട്ട് ചോരിയിലൂടെ ആണോ എന്നൊന്നും രാംലീലയിൽ ഒത്തുകൂടിയ പാവങ്ങൾക്ക് ചോദിക്കാൻ കഴിയില്ലല്ലോ. ഇതിനൊക്കെ കയ്യടിക്കുന്നത് ഇടതുപക്ഷ പാർട്ടികളും കൂടിയാണല്ലോ എന്നോർത്ത് കരയുന്നവരോടാണ് സങ്കടം.
അങ്ങനൊന്നും കുലുങ്ങുന്നവനല്ല മോദി എന്നറിയാവുന്നവരാണ് പ്രതിപക്ഷ നേതാക്കൾ. വാക് ശരങ്ങൾ കൊണ്ട് നിരന്തരമായി ഇത്തരക്കാർ കുഴിക്കുന്ന നുണക്കുഴികളിൽ മോദിയെ വീഴ്ത്താനുള്ള കൂട്ടായ്മയുടെ ഭാഗമായിരുന്നു രാംലീല മൈതാനിയിൽ നവംബർ ഒന്നിന് കണ്ടത്. ഇത്തരം പ്രവൃത്തികൾക്ക് രാജ്യത്തിനകത്തും പുറത്തും നിന്നുള്ള സഹായങ്ങൾ സ്വീകരിക്കുന്നു എന്ന ആരോപണം ശക്തിപ്പെടുന്നതിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്ന് രാജ്യത്തിനുള്ളിൽ ഇപ്പോൾ രൂപപ്പെട്ടു വരുന്ന പ്രക്ഷോഭങ്ങളാണ് എന്ന് വെളിപ്പെടുന്ന നുണകളാണ് ഉത്തരവാദിത്തപ്പെട്ട നേതാക്കളുടെ ഭാഗത്തുനിന്ന് ഉയർന്നുവരുന്നത്. ഉയർന്ന ഉത്തരവാദിത്വത്തോടും രാജ്യസ്നേഹത്തോടും ക്രിയാത്മകമായ നിർദ്ദേശങ്ങൾ ജനങ്ങൾക്ക് മുന്നിൽ നിരത്തി വേണം മോദിയെയും കൂട്ടരെയും നേരിടേണ്ടത്. അല്ലാതെ നുണ കൊട്ടാരങ്ങൾ ഉയർത്തിയല്ല.
45 മിനിറ്റ് വൈകിയാണ് രാംലീല ഷോ തുടങ്ങിയതെങ്കിൽ കൂടി അരമണിക്കൂർ നേരത്തെ യോഗം അവസാനിപ്പിക്കാനുള്ള സൗമനസ്യം ഉണ്ടായതിൻ്റെ ആശ്വാസത്തിലാണ് അവിടെ വന്നു പോയവർ. നേതാക്കളുടെ തള്ള് അതേപടി വിഴുങ്ങാൻ കെൽപില്ലാത്ത കാണികൾ രാഹുലിൻ്റെ പ്രസംഗത്തിലെ നുണക്കുഴികളിൽ വീഴാതെ സസൂക്ഷ്മം പിച്ചവച്ച് രാംലീലയിൽ നിന്ന് നടന്നകലുന്ന ദൃശ്യം കണ്ട് മോദിയും അമിത് ഷായും ഊറി ചിരിച്ചിട്ടുണ്ടാകും
വിവാഹം കഴിയാത്തവനോട് ആദ്യരാത്രിയുടെ അനുഭവം ചോദിച്ചാൽ ബബ്ബബ്ബ എന്നല്ലേ പറയൂ . എന്നാൽ രാഹുൽ അങ്ങനല്ല. രണ്ടാം വിവാഹത്തിലെ ആദ്യരാത്രിക്ക് ഒരുങ്ങുന്ന കാശ്മീർ മുഖ്യൻ ഒമർ അബ്ദുള്ളക്ക്; സംഭവങ്ങളുടെ കിടപ്പുവശം മനസ്സിലാക്കിയ രാഹുൽ സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിച്ചു. ആദ്യ രാത്രിയിലെ ലീലകൾക്ക് രാംലീല മൈതാനിലെ ലീലകളിലും രുചിയേറും എന്നറിയാവുന്ന കാശ്മീർ മുഖ്യൻ അങ്ങനെ രക്ഷപ്പെട്ടു. കഴിഞ്ഞ കാല പ്രക്ഷോഭങ്ങൾക്കിടയിൽ രാഹുൽ പിടിച്ചു വലിച്ച് കീറിയ ഖദർ കുപ്പായം തുന്നി കിട്ടാത്തത് കൊണ്ടാണോ ആവോ കന്നട മുഖ്യൻ ഡി കെ ശിവകുമാരനെ മഷിയിട്ടു നോക്കിയിട്ടും കണ്ടില്ല.
എസ് ഐ ആറിന്റെ ഗുണവും മേന്മയും ആവോളം നുകർന്നെത്തിയവനാണ് സതീശൻ മുഖ്യമന്ത്രി. നവംബർ ഒന്നിന് ഡൽഹിയിലേക്ക് പോകാതിരുന്നാൽ സംഭവിക്കാവുന്ന പാരയും കളസം കീറലും മുൻകൂട്ടി കണ്ട സതീശൻ ഡൽഹിയിലെത്തി.
പ്രകടനങ്ങൾ നടത്തി നടത്തി രാഹുൽ വലിയ ക്ഷീണത്തിലാണ്. കുരുട്ടു ബുദ്ധിക്കാർ പറയുന്നത് പോലെ അധികാരം ലഭിക്കാത്തതിന്റെ അസൂയയോ ആശങ്കയോ പ്രക്ഷോഭങ്ങൾ ക്ലച്ച് പിടിക്കാത്തത് കൊണ്ടുണ്ടാകുന്ന മ്ലാനതയോ അല്ല അദ്ദേഹത്തിൻ്റെ മുഖത്തെ വാട്ടത്തിന് കാരണം. സൂക്ഷിച്ചു നോക്കുന്നവർക്ക് സംഗതി മനസ്സിലാകും. നിരന്തരമായ പ്രക്ഷോഭങ്ങളുടെ ക്ഷീണത്തിനൊടുവിൽ സുഖവാസ കേന്ദ്രങ്ങളിൽ സുഖ ചികിത്സയ്ക്കോ മറ്റോ രാഹുൽ പറന്നകന്നാലോ എന്ന് കരുതി ആകണം നവംബർ ഒന്നിന്റെ പ്രകടനം പലരുടെയും അസൗകര്യങ്ങൾ സൂചിപ്പിച്ചിട്ട് പോലും മാറ്റിവെക്കാത്തത്. കുതന്ത്രക്കാർ ഉടനെ അതിനെ സിക്ക് കലാപവുമായി യോജിപ്പിച്ച് കഥകൾ മെനഞ്ഞു. പാവം രാഹുൽ. മോദിയുടെയും ഷായുടെയും ആട്ടും തുപ്പും ഏൽക്കാൻ രാഹുലിന്റെ കോൺഗ്രസ് ജീവിതം ഇനിയും ബാക്കി