രാജ്യമൊട്ടാകെ ദീപങ്ങളുടെ പ്രഭയിലും മധുരം നുണയലിലും ദീപാവലി ആഘോഷിക്കുമ്പോൾ, 2014 മുതൽ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി മുടങ്ങാതെ തുടരുന്ന ഒരു പതിവുണ്ട്. സൈനികർക്കൊപ്പമുള്ള അദ്ദേഹത്തിൻ്റെ ദീപാവലി ദിനം പങ്കിടൽ. ഇക്കുറിയും സൈനികർക്കൊപ്പം ചിലവഴിക്കുന്ന രീതി പിന്തുടരും എന്ന് ദീപാവലി ആശംസകൾ നേരുന്നതിനിടയിൽ അദ്ദേഹം സൂചിപ്പിച്ചിരുന്നു.
ഈ വ്യത്യസ്തമായ രാഷ്ട്രീയ ശീലത്തിന് പിന്നിലെ ചോദനകൾ ആഴത്തിലുള്ളതാണ്. വിരലിലെണ്ണാവുന്ന ആഘോഷവേളകളിൽ പോലും കുടുംബത്തോടൊപ്പം ചേരാനാവാത്ത സൈനികർക്ക്, രാജ്യത്തിന്റെ പ്രധാനമന്ത്രി നേരിട്ടെത്തി കുശലം ചോദിക്കുമ്പോഴുണ്ടാകുന്ന ആഹ്ലാദം ചെറുതല്ല. ജാതിയോ മതമോ നോക്കാതെ മാതൃരാജ്യത്തിനായി ജീവൻ സമർപ്പിക്കുന്ന സൈനികർക്ക് 'ഞങ്ങൾക്കൊപ്പമുണ്ട് രാജ്യം' കുടുംബ നാഥനായി ഞാനുണ്ട് എന്ന അപാരമായ ആത്മവിശ്വാസം പകരാൻ ഇതിലൂടെ സാധിക്കുന്നു. മുൻകാല പ്രധാനമന്ത്രിമാർ ആരോഗ്യപരമായ കാരണങ്ങളാലോ മറ്റു പരിമിതികളാലോ സഞ്ചരിച്ച ദൂരത്തേക്കാൾ ഏറെ മുന്നിലാണ് 2014 മുതലുള്ള മോദിയുടെ കർമ്മപഥങ്ങൾ. പാരമ്പര്യങ്ങളുടെ തടവറകളിൽ ഒതുങ്ങാതെ, സാധാരണക്കാരിലേക്കിറങ്ങിച്ചെന്നുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ രാഷ്ട്രീയ എതിരാളികളിൽ പോലും മതിപ്പ് ഉളവാക്കുന്നതാണ്. അവരത് പറയുന്നില്ലെന്ന് മാത്രം. പ്രൊപ്പഗാണ്ടയെന്നും രാഷ്ട്രീയ തന്ത്രമെന്നും ഇതിനെ വ്യാഖ്യാനിക്കുന്നവർ, അതിർത്തിയിലെ ജവാന്മാർക്ക് ഇത്തരം സന്ദർശനങ്ങൾ പകരുന്ന വർദ്ധിത വീര്യത്തെ കാണാതെ പോകുന്നു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ തുടങ്ങിയ ഈ ദീപാവലി യാത്രകളുടെ വേരുകൾ ആഴത്തിലുള്ളതാണ്. 2014-ൽ പ്രധാനമന്ത്രിയായി ചുമതലയേറ്റയുടൻ സിയാച്ചിനിലെ കൊടുംതണുപ്പിൽ സൈനികർക്കൊപ്പമാണ് അദ്ദേഹം ആദ്യ ദീപാവലി ആഘോഷിച്ചത്. തുടർന്ന് 2015-ൽ അമൃത്സറിലെ ഡോഗ്ര യുദ്ധസ്മാരകത്തിലും, 2016-ൽ ചൈനീസ് അതിർത്തിയിലെ ഷാങ് ഹോയിൽ ഐ.ടി.ബി.പി ജവാന്മാർക്കൊപ്പവും അദ്ദേഹം ദീപാവലി ചെലവഴിച്ചു. 2017-ൽ ജമ്മു കശ്മീരിലെ ഗുരൈസ് താഴ്വരയിലും, 2018-ൽ ഉത്തരാഖണ്ഡിലെ ഹർസിലിലും, 2019-ൽ രജൗരിയിലും ഈ യാത്രകൾ തുടർന്നു. മരുഭൂമിയുടെ കാഠിന്യമുള്ള രാജസ്ഥാനിലെ ജൈസൽമീറും (2020), നൗഷേര സെക്ടറും (2021), ലഡാക്കിലെ കാർഗിലും (2022), ഹിമാചൽ പ്രദേശിലെ ലെപ്ചയും (2023) അദ്ദേഹത്തിന്റെ സാന്നിധ്യത്താൽ ധന്യമായി. അയോധ്യയിൽ രാമക്ഷേത്രം യാഥാർത്ഥ്യമായ ശേഷമുള്ള 2024-ൽ കച്ചിലെ ഇന്ത്യ-പാക്ക് അതിർത്തിയിലായിരുന്നു ആഘോഷമെങ്കിൽ, 2025-ൽ ഗോവയിലെത്തി ഇന്ത്യയുടെ സ്വന്തം വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്തിൽ രാത്രി ചെലവഴിച്ചാണ് അദ്ദേഹം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്.
രാഷ്ട്രീയ എതിരാളികൾ വിമർശനങ്ങൾ ഉന്നയിക്കുമ്പോഴും, അതിർത്തിയിലെ ഈ ദീപാവലി സാന്നിധ്യം രാജ്യത്തിന്റെ ഉയർച്ചയുടെയും വളർച്ചയുടെയും പ്രതീകമായി മാറുന്നു. സാമാന്യ ജനങ്ങളോട് സംവദിക്കാനും അവരുടെ സ്പന്ദനങ്ങൾ അറിയാനും കാണിക്കുന്ന ഈ ഔത്സുക്യം, അധികാരത്തിന്റെ ഗർവ്വിനേക്കാൾ ഉത്തരവാദിത്വ ബോധമാണ് ഒരു ഭരണാധികാരിയിൽ മുന്നിൽ നിൽക്കേണ്ടത് എന്ന് ഓർമ്മിപ്പിക്കുന്നു. അമേരിക്കൻ സമ്മർദ്ദങ്ങൾക്കിടയിലും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനും ആഗോളവേദികളിൽ ഭാരതത്തിന്റെ യശസ്സ് വാനോളം ഉയർത്താനും അദ്ദേഹം നടത്തുന്ന ശ്രമങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ്. തനിക്കെതിരെയുള്ള വ്യക്തിപരമായ ആക്ഷേപങ്ങളെയും വ്യാജ പ്രചാരണങ്ങളെയും ഒന്നിനെയും കൂസാതെ, തന്റെ ലക്ഷ്യത്തിലേക്ക് മാത്രം കണ്ണുംനട്ട് യാത്ര ചെയ്യുന്ന ഈ ഭരണാധികാരിയുടെ വിസ്മയകരമായ ഊർജ്ജസ്വലതയുടെ ഉദാഹരണമാണ് ദീപാവലി ദിനത്തിൽ സൈനികത്തുള്ള ഈ ആഘോഷം.
വിമർശകരുടെ കണ്ണിലെ രാഷ്ട്രീയ തിമിരങ്ങൾക്കിടയിലും, രാജ്യസുരക്ഷയെയും ദേശസ്‌നേഹത്തെയും തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ നെടുംതൂണാക്കാൻ കാണിച്ച ഈ ധീരത സ്തുത്യർഹമാണ്. വരും വർഷങ്ങളിലും ഇത്തരം ദീപാവലി രാവുകൾ നമ്മുടെ സൈനികർ പ്രതീക്ഷിക്കുന്നുണ്ട് എന്നിടത്താണ് നരേന്ദ്ര മോദി അവർക്കു സമ്മാനിച്ച ആഘോഷ നിമിഷങ്ങൾ പ്രസക്തമാവുന്നത്.
Keywords:
Recent in National
Must Read
Latest News
In News for a while now..



