'സ്പോർട്സ് ഫോർ ഓൾ' വിപ്ലവത്തിന് കേരളത്തിൽ തുടക്കം: ഏഥൻസ് സ്പോർട്സ് അക്കാദമിയുമായി AIASFA ധാരണ
സ്പ്പോർട്സ് ഡസ്ക്
24 May 2026, 11:09 am
കേരളത്തിൽ നിന്ന് ആരംഭിച്ച് ഇന്ത്യയൊട്ടാകെ കായിക സംസ്കാരത്തിന് പുതുജീവൻ നൽകുന്ന ചരിത്രപരമായ നീക്കവുമായി ഓൾ ഇന്ത്യ അസോസിയേഷൻ ഓഫ് സ്പോർട്സ് ഫോർ ഓൾ (AIASFA).
പുരാതന ഗ്രീക്ക് തത്ത്വചിന്തകൻ പ്ലേറ്റോ സ്ഥാപിച്ച ഏഥൻസ് സ്പോർട്സ് അക്കാദമിയുമായി അസോസിയേഷൻ ഇതുസംബന്ധിച്ച സഹകരണത്തിന് ധാരണയിലെത്തി.
AIASFA നാഷണൽ പ്രസിഡന്റും മലയാളിയുമായ ഡോ. സറഫ് എ. കൽപ്പാളയമാണ് ഏഥൻസിലെത്തി ചർച്ചകൾക്ക് നേതൃത്വം നൽകിയത്
പുരാതന ജ്ഞാനത്തെ ആധുനിക കായികനയങ്ങളുമായി ബന്ധിപ്പിക്കുകയും അതിലൂടെ പുതിയൊരു കായിക സംസ്കാരത്തിന് രൂപം നൽകുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് TAFISA ഏഷ്യയിലെ 'സ്പോർട്സ് ഫോർ ഓൾ' മിഷൻ 2030 ലീഡർ കൂടിയായ ഡോ. സറഫ് എ. കൽപ്പാളയം പറയുന്നു. ശാരീരിക പ്രവർത്തനങ്ങൾ ക്രമീകരിച്ച് പ്രതിരോധ ആരോഗ്യ സംരക്ഷണം, മാനസിക പ്രതിരോധ പരിശീലനം എന്നിവ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാക്കുകയെന്നതാണ് പദ്ധതിയുടെ കാതൽ.
മനുഷ്യന്റെ സമഗ്ര വികസനത്തെക്കുറിച്ചുള്ള പ്ലേറ്റോയുടെ ദർശനത്തെ ഇന്ത്യയുടെ കായിക മേഖലയുടെ വികസനത്തിനായി പ്രയോജനപ്പെടുത്തുക എന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു," ഡോ. സറഫ് വ്യക്തമാക്കി.
ഏഥൻസ് സ്പോർട്ട്സ് അക്കാദമിയുമായി നടത്തിയ
ചർച്ചയുടെ വിശദാംശങ്ങളും സഹകരണ സാധ്യതകളും കേരളത്തിലെത്തിയാലുടൻ മുഖ്യമന്ത്രി വിഡി സതീശനുമായി പങ്കുവയ്ക്കുമെന്ന് സറഫ് വ്യക്തമാക്കി.
TAFISAയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ജനേസ് സോഡ്സ്നിക്കിന്റെ നേതൃത്വത്തിലുള്ള ഉന്നത സംഘവും മുഖ്യമന്ത്രിയുമായുള്ള ചർച്ചകളിൽ പങ്കെടുക്കും.
'സ്പോർട്സ് ഫോർ ഓൾ' എന്ന ആശയം കേരളത്തിന്റെ മണ്ണിൽ നിന്ന് രാജ്യത്താകെ പടരുമ്പോൾ, പൊതുജനാരോഗ്യവും കായിക രംഗവും പുതിയ ദിശയിലേക്ക് കുതിക്കുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്.
1988 ദേശീയ റോളർ സ്കേറ്റിംഗ് ചാമ്പ്യനും, ദേശീയ സൈക്ലിംഗ് മെഡൽ ജേതാവുമാണ് ഡോ. സറഫ് എ കൽപാളയം . സൈക്ലിംഗ് NSNIS കോച്ചും, ഇന്റർനാഷനൽ സൈക്ലിംഗ് യൂണിയൻ ഇന്റർനാഷനൽ ക്വാളിഫൈഡ് കമ്മീഷ്യരേവും, ഇന്റർനാഷനൽ ഒളിമ്പിക് കമ്മിറ്റിയുടെ അംഗീകാരത്തോടെ നടന്ന TAFISA സർട്ടിഫൈഡ് ലീഡറും കൂടിയായ സറഫ് തിരുവനന്തപുരം സ്വദേശിയാണ്.