NewsAd1
ഭൂഗോളത്തിന്റെ സ്പന്ദനം ഇപ്പോഴും ഫുട്ബോളിൽ...
ഡോ.എസ്ശി.വപ്രസാദ്
20 July 2026, 5:27 pm
main image of news

സ്വന്തം കൊച്ചിന്റെ പേര് അറിയില്ലെങ്കിലെന്ത് മെസ്സിയുടെ കൊച്ചിന്റെയും കോച്ചിന്റെയും കൊച്ചച്ചന്റെയും പോരെങ്കിൽ കുഞ്ഞമ്മയുടെ പേരുപോലും നമുക്ക് കാണാപ്പാഠം. പെറ്റ തള്ളക്ക് മരുന്നു വാങ്ങാൻ വച്ചിരുന്ന കാശ് കട്ട് കവലയിൽ പ്രിയ താരങ്ങളുടെ കട്ടൗട്ട് വച്ചും അടിച്ചുമാറ്റിയ പൈസ കൊണ്ട് അർച്ചന നടത്തിയും ലോകത്തിനുമുന്നിൽ നമ്മുടെ ഫുട്ബോൾ പ്രേമം പലവട്ടം തെളിയിച്ചവരാണ് കേരളീയർ.

2026 ലോകകപ്പിൽ മുത്തമിടണം എന്ന് ആഗ്രഹിച്ച് മുറിവേറ്റ മനസ്സുമായി മടങ്ങേണ്ടി വന്ന ഫുട്ബോൾ മൂത്താശാരിമാരായ റൊണാൾഡോയുടെയും ഹാളണ്ടിന്റെയും ഹാരി കെയ്നിന്റെയും നെയ്മാറിന്റെയും എംബാപ്പയുടെയും ആരാധകരായ കേരളീയർക്ക് അർജന്റീനയുടെ തോൽവി നൽകുന്ന ആശ്വാസം ചെറുതല്ല. ഗ്രൗണ്ടിൽ നടന്നും നിന്നും കളി കാണാനും കളിക്കാനും അവകാശമുള്ള മെസ്സിയും ഒടുവിൽ ലോകകപ്പിൽ മുഖം ചേർക്കാനാവാതെ മടങ്ങുന്നു. അർജന്റീനയ്ക്ക് വേണ്ടി കരുതിവെച്ച പൂത്തിരികൾ ഇനി നാം എവിടെ കൊണ്ടുചെന്നിട്ട് കത്തിക്കും എന്നാലോചിച്ച് തലപുകച്ച് തറച്ചക്രം പോലെ കറങ്ങിത്തിരിയുകയാണ് അവരുടെ ആരാധകർ.

 image 2 of news

ലോകകപ്പ് ഫുട്ബോൾ മത്സരം ഒരിക്കലെങ്കിലും നേരിൽക്കാണണം എന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. അതിനുള്ള മൂലധനം ഇല്ലാത്ത നമ്മെപ്പോലുള്ളവർ മുക്കുകളിലെ വലിയ സ്ക്രീനുകളിൽ കളി കണ്ട് കലിപ്പ് തീർത്തു. കാബോ വെർദ, ക്യൂറസാവോ തുടങ്ങിയ കുഞ്ഞൻ രാജ്യങ്ങൾ കാട്ടിയ പോരാട്ട വീര്യം കണ്ട് പകച്ച് പണ്ടാരമടങ്ങി.

നാട്ടിൻപുറങ്ങളിലെ കൂറ്റൻ സ്ക്രീനുകൾ,ലോകരാജ്യങ്ങളെ ക്കുറിച്ചുള്ള കൂടുതൽ അറിവുകളും അതിരുകളും ഉൾപ്പെടെ അരങ്ങേറുന്ന ചർച്ചകൾ. പരിഹാസങ്ങൾ ആർപ്പുവിളികൾ ഒന്നും മനസ്സിൽ നിന്ന് പോകുന്നില്ല . മൂലം വള്ളംകളിക്ക് പോലും അവധി നൽകാത്ത സർക്കാർ, ക്ലാസിൽ വന്നിരുന്ന് ഉറക്കം തൂങ്ങും എന്ന കാരണത്താൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയതിലെ ആത്മാർത്ഥത എത്ര പ്രശംസിച്ചാലും മതിയാവില്ല. സർക്കാരാപ്പീസുകളിൽ പകലുറക്കം പണ്ടേ ശീലമായതിനാൽ പ്രത്യേകിച്ച് ആയിനത്തിൽ അവധി വേണ്ട. നാളെകളിൽ ലോകകപ്പ് മത്സരം നടക്കുന്ന മാസം മുഴുവൻ അവധി നൽകണം എന്നാണ് ഈയുള്ളവന്റെ അപേക്ഷ. കുട്ടികൾ ഉറങ്ങട്ടെന്നേ...
HomeAd1
 image 3 of news

ഇഷ്ട ടീമുകളുടെ ഗോൾ വലയിൽ തുരുതുരാ ഗോളുകൾ വീഴുന്നതും തുടർന്നുള്ള തോൽവിയിൽ തേങ്ങി ക്കരയുന്ന കുഞ്ഞു മുഖങ്ങളും ഗോളടിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയതിനാലുണ്ടായ വധഭീഷണി കാരണം തിരികെ നാട്ടിലേക്ക് മടങ്ങാൻ സാധിക്കാത്ത ചുരുക്കം ചില കളിക്കാരുടെ വിളറിയമുഖങ്ങളും കായിക പ്രേമികളുടെ മനസ്സിൽ വിതുമ്പലായി അവശേഷിക്കുന്നു.

ഗ്രൗണ്ടിൽ നിൽക്കുമ്പോഴും കാണികളിലേക്ക് മാത്രം നോക്കാൻ വിധിക്കപ്പെട്ട അർപ്പണബോധമുള്ള സുരക്ഷാ സൈനികരുടെ മനസ്സിൽ കളിക്കളത്തിലെ ആരവം എന്ത് വികാരമാണ് സൃഷ്ടിക്കുക എന്ന് ആ ജോലി ചെയ്തു തന്നെ അറിയണം.
കളി ജയിക്കാൻ എടുക്കുന്ന കടുത്ത ടാക്കിളിങ് മാത്രമല്ല കളിക്കിടയിലെ സ്നേഹനിർഭരമായ ചില മനോഹരമായ മുഹൂർത്തങ്ങൾ കൂടി സമ്മാനിച്ചാണ് ലോകകപ്പ് അരങ്ങൊഴിഞ്ഞത്. കളി തീരാൻ സെക്കൻഡുകൾ മാത്രം ബാക്കിയുള്ളപ്പോൾ നെഞ്ചത്ത് തീ കോരിയിട്ട മാതിരി പിറന്ന ഇഞ്ചുറി ടൈമിലെ ഗോളുകൾ ഈ ലോകകപ്പിൽ ഒരുപാടുണ്ടായി. അവ സൃഷ്ടിച്ച ആഘാതത്തിൽ സ്വബോധം പോലും നഷ്ടപ്പെട്ട് ഇഷ്ട താരങ്ങളെയും ടീമുകളെയും തെറി പറഞ്ഞ് അലഞ്ഞു തിരിയുന്നവരുണ്ട് ഇപ്പോഴും നമ്മുടെ തെരുവീഥികളിൽ .

 image 4 of news

ചെറിയ രാജ്യങ്ങളോടുള്ള ചിറ്റമ്മ നയം , പൊക്കത്തിന്റെയും വലിപ്പത്തിന്റെയും കുറവുകൊണ്ട് പിടിച്ചുനിൽക്കാൻ പാടുപെടുന്ന ജപ്പാൻ, കൊറിയ പോലുള്ള രാജ്യങ്ങളോടുള്ള ചില റഫറിമാരുടെ സമീപനം ഇങ്ങനെ പക്ഷപാത പരമായിരുന്ന പലതും ചേർന്നുള്ളതായിരുന്നു ഇത്തവണത്തെ ലോക കപ്പ് മത്സരങ്ങൾ എന്നു പറഞ്ഞാൽ അത് കുത്തിത്തിരിപ്പാവില്ല. കണ്ണീര് , കൗതുകം, ആകാംക്ഷ, അടിയറവ്, കുതിര കയറ്റം, എന്നിങ്ങനെ കളിയിലെ പല ചേരുവകളും ചേർന്ന് കാണികളിൽ ചെലുത്തിയ സ്വാധീനം കുറച്ചൊന്നുമായിരുന്നില്ല എന്നതും സത്യം. മാനം ഇടിഞ്ഞാലും ചോരാത്ത ഗെയിം പ്ലാനുകളുടെ വിവരങ്ങൾ ചോർത്തിയ മട്ടിൽ റിപ്പോർട്ടിംഗ് കളർഫുൾ ആക്കി കത്തി ക്കയറുകയായിരുന്നു നാട്ടിലെ അച്ചടി ദൃശ്യ മാധ്യമങ്ങൾ. നാം ടിക്കറ്റ് എടുത്ത് സിനിമ കണ്ടത് വഴി ലഭിച്ച പൈസയിൽ ലോകകപ്പ് വേദിയിലെത്തിയ മോഹൻലാൽ, ആന്റണി പെരുമ്പാവൂർ എന്നിവർക്ക് നമോവാകം. ഞങ്ങൾക്ക് ഇല്ലാത്ത ഭാഗ്യം നിങ്ങൾക്കെങ്കിലും ഉണ്ടായല്ലോ.

കായികമേളകളുടെ മുഖ്യ ലക്ഷ്യങ്ങൾ മറന്നുള്ള അമേരിക്കൻ ധാർഷ്ട്യം ഇക്കുറി പ്രകടമായിരുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിടിവാശി കാരണം വിസ നിഷേധിക്കപ്പെട്ട് കളി നേരിൽ കാണാനും നിയന്ത്രിക്കാനുമുള്ള അവസരം നഷ്ടപ്പെട്ടവരിൽ ലോകപ്രസിദ്ധ റഫറിമാരും ഉണ്ടായിരുന്നു. ഇറാൻ ടീമിന് പരിശീലനത്തിനായി അമേരിക്കയിലേക്ക് കാലുകുത്താൻ അവസരം പോലും നൽകിയില്ല എന്നത് പോട്ടെ, കളിക്കു മുമ്പ് മാത്രം അമേരിക്കയിലെത്തി കളി കഴിഞ്ഞ ശേഷം ഒന്ന് കുളിക്കാൻ പോലുമാകാതെ കൂടും കിടക്കയും എടുത്ത് മെക്സിക്കോയിലേക്ക് തിരികെ പോകേണ്ടി വന്ന ഇറാൻ കളിക്കാർ ഡ്രസ്സിംഗ് റൂമിൽ റൂമിൽ കുറിച്ചിട്ട് പോയ വൈകാരികമായ വാചകങ്ങൾ നൊമ്പരങ്ങളായി.

കളി ജയിക്കാൻ കഴിവ് മാത്രം മതിയാവില്ല എന്ന സംശയം ബാക്കിയാക്കി കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അടുത്ത ലോകകപ്പ് ഇതിലേറെ മാറ്റങ്ങളോടെയാവും എത്തുക. മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ഹൈഡ്രേഷൻ ബ്രേക്ക് എന്ന വെള്ളം കുടി വേള,വീറും വാശിയും വിവാദങ്ങളും ഒഴിവാക്കാൻ സഹായിയായി മാറിയ വാർ എന്ന വീഡിയോ അസിസ്റ്റന്റ് റഫറി, ചിപ്പ് ഘടിപ്പിച്ച ട്രയോണ്ട പന്തുകൾ തുടങ്ങിയ ലോകകപ്പിലെ പുതിയ വിഭവങ്ങളെ കുറിച്ചുള്ള ചർച്ചകൾ തീരാൻ ഇനിയും സമയം ഏറെ എടുക്കും.

സമ്മാനദാന ചടങ്ങിൽ ജേതാക്കൾക്ക് യഥാർത്ഥ കപ്പ് നൽകുമെങ്കിലും അവരുടെ രാജ്യത്തേക്ക് കൊണ്ടുപോകുന്നത് സ്വർണ്ണം പൂശിയ ഡ്യൂപ്ലിക്കേറ്റ് കപ്പാണ് . യഥാർത്ഥ സ്വർണ്ണ കപ്പ് സ്വിറ്റ്സർലണ്ടിലെ ഫിഫയുടെ ആസ്ഥാനമായ സൂറിക്കിലാണ് സൂക്ഷിക്കുന്നത് . കപ്പ് മാത്രമല്ല ചിന്തയിൽ ഒതുങ്ങാത്ത കോടികളും ഒപ്പം കൂട്ടിയാണ് കളിക്കാരും ടീമുകളും ലോകകപ്പ് വേദി വിടുന്നത്. വൻതോതിൽ പണം പിടുങ്ങുന്ന ബിസിനസ്സായി ലോകകപ്പ് മത്സരങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു. പണക്കൊഴുപ്പിനെ പഴിക്കാനും ആവില്ല. അടുത്ത ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം വീണ്ടും വർദ്ധിക്കും. ഒപ്പം ബിസിനസ് സാധ്യതകളും. ഇതിനിടയിൽ പെട്ട് ഒത്തുതീർപ്പുകൾക്ക് വഴങ്ങാത്ത ഫുട്ബോൾ സൗന്ദര്യം കാത്തുസൂക്ഷിക്കാൻ കൂടി കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിക്കാനേ നമുക്ക് കഴിയൂ. മറിച്ചെങ്കിൽ കഥയറിയാതെ കളി കാണാൻ വിധിക്കപ്പെട്ട് ഞാനും നിങ്ങളും ഉറക്കമിളച്ച് ടിവി സ്ക്രീനുകൾക്ക് മുന്നിൽ ഇരിക്കുന്നത് ഇനിയും തുടരും .
പലതിലും മുന്നിലെന്ന് ഉച്ചത്തിൽ മേനി പറയുന്ന ഇന്ത്യക്കാരായ നമുക്ക് തെരുവിലും മൈതാനങ്ങളിലും സ്ഥാപിച്ച വലിയ സ്ക്രീനിൽ നിന്ന് വെളിക്കിറങ്ങി എന്നാവും ഒന്നു കളിക്കിറങ്ങാനാവുക?

Keywords:

home ad2 16*9

Recent in Sports

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞