എല്ലാം കണക്കു കൂട്ടി തന്നെയാണ് വിജയ് മുതലമൈച്ചറുടെ സത്യപ്രതിജ്ഞക്ക് എത്തിയത്. ഒരു വെടി വച്ച് ഒരു പാടു പക്ഷികളെ വീഴ്ത്താൻ കഴിയുമോ എന്ന ശോധനാ പരീക്ഷണം വിജയകരമായി വിനിമയം ചെയ്യാൻ അദ്ദേഹത്തിന് ആ വേദിയിൽ കഴിഞ്ഞു എന്നു കരുതണം.
' നെഞ്ചുക്കുൾ വാഴും മക്കൾക്ക്' മൂന്നു തവണ വണക്കം പറഞ്ഞു തുടങ്ങിയ ചടങ്ങ് ഏറ്റവും നന്നായി ആസൂത്രണം ചെയ്തതും സ്ക്രിപ്റ്റ് ചെയ്തതും ആയിരുന്നുവെന്നത് വ്യക്തം.
തന്റെ അഴിമതി വിരുദ്ധ നരേറ്റീവ് വളരെ തന്മയത്തത്തോടെ അവതരിപ്പിച്ച വിജയ് തന്റെ പേര് ദുരുപയോഗപ്പെടുത്താൻ ഉദ്ദേശിക്കുന്നവർ ഇപ്പോൾ തന്നെ ആ പൂതി കളയാനും മുന്നറിയിപ്പ് നൽകി.
സത്യപ്രതിജ്ഞയും നയപ്രഖ്യാപനവും വരെ ആദ്യ വേദിയിൽ തന്നെ നടന്നതും പുതുമയായി. വന്ദേമാതരവും ജനഗണമനയും തമിൾ തായ് വാഴ്ത്തും ആലപിച്ചു കൊണ്ട് കേന്ദ്രസർക്കാരിനോടും ദ്രാവിഡ സംസ്കാരത്തോടും ഐക്യപ്പെടാനുള്ള സന്ദേശമാണ് വിജയ് നിൽകുന്നത്.
ഖജനാവ് കാലിയാണ്. പത്തു ലക്ഷംകോടി രൂപ ഡിഎംകെ സർക്കാർ കടം വാങ്ങി കൂട്ടിയതായും വിജയ് ആരോപിക്കുന്നത് ആദ്യ ദിനം മുതൽ തന്നെ ഡിഎംകെയെ കോർണർ ചെയ്യാനാണ്.
സ്ത്രീ സുരക്ഷയ്ക്കായും മയക്കുമരുന്നു റാക്കറ്റിന് എതിരെയും പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കുമെന്ന തീരുമാനവും കൈയ്യടി നേടുന്നവ തന്നെയാണ്.
ഈ മാസം 13നകം വിശ്വാസം തേടുക എന്നതു പോലെ കംഫർട്ടബിൾ മെജോറിറ്റി ഉറപ്പിക്കാൻ അണ്ണാ ഡിഎംകെയെ പിളർത്താനും വിജയ് കരുക്കൾ നീക്കുന്നു എന്നു വാർത്തയുണ്ട്
ഇനി തമിഴ്നാട്ടിൽ വിജയ് യുഗമാണ്.പട്ടിണിയയും പരിവട്ടവും അനുഭവിച്ച ഒരു സിനിമാസംവിധാനസഹായിയുടെ മകനാണ് താനെന്നും വെറും സാധാരണക്കാരിലൊരാളെന്നും അദ്ദേഹം എടുത്തു പറയുന്നു.
നാടകീയതതയും അഭിനയത്തികവും വൈകാരികതയും നിലനിറുത്തി സത്യവാചകം ഒറ്റടേക്കിൽ കാണാതെ പറഞ്ഞും വിജയ് തമിഴ് ജനതയെ ഒരു പുതിയ അരങ്ങിലേക്കാണ് നയിച്ചത്.
നീണ്ട 59 വർഷങ്ങൾക്കു ശേഷം ദ്രാവിഡ രാഷ്ട്രീയത്തിന് ബദൽ ഉരുവം കൊള്ളുകയാണ്.എംജി ആറിനും ജയലളിതക്കും ശേഷം ആ ലെഗസിയുടെ പിൻമുറക്കാരൻ ഉയിർക്കുകയാണിവിടെ.
തന്നെ നിസ്സാരനായി കണ്ട നിരീക്ഷകർക്കു മുന്നിൽ തലയെടുപ്പോടെ,രാഷ്ട്രീയ പരീക്ഷണങ്ങളിൽ പതറി വീണ കമലിനെയും രജനിയെയും അമ്പരപ്പിച്ച് ബാഹുബലി തമിഴകത്ത് പുനർജനിക്കുകയാണ്.