കാൽപന്തുകളിയുടെ സുൽത്താന്മാർ കിരീടത്തിനായി പോരടിക്കുന്ന ആ മഹാദിനത്തിലേക്ക് ഇനി മണിക്കൂറുകളുടെ ദൂരം മാത്രം. കായികലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്ന ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് നാളെ പന്തുരുളും. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഫുട്ബോൾ പ്രേമികളുടെ നെഞ്ചിലേക്ക് ആവേശത്തിന്റെ അഗ്നി പടർത്തിക്കൊണ്ട്, ചരിത്രത്തിലെ ഏറ്റവും വലിയ കായിക ഉത്സവത്തിനാണ് നാളെ നാന്ദികുറിക്കുന്നത്
ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വിപുലമായ ടൂർണമെന്റിനാണ് നാളെ അരങ്ങുണരുന്നത്. പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32-ൽ നിന്ന് 48 ആയി ഉയർത്തിയതോടെ മത്സരങ്ങളുടെ എണ്ണത്തിലും റെക്കോർഡ് വർദ്ധനവുണ്ടായി. ആകെ 104 പോരാട്ടങ്ങളാണ് ഇത്തവണ ആരാധകരെ കാത്തിരിക്കുന്നത്. മുൻപ് നടന്ന ലോകകപ്പുകളിൽ ഗ്രൂപ്പ് ഘട്ടത്തിൽ എട്ട് ഗ്രൂപ്പുകളുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ 12 ഗ്രൂപ്പുകളായാണ് ടീമുകളെ വിഭജിച്ചിരിക്കുന്നത്. ജൂൺ 20-ന് മോണ്ടെറെയിൽ നടക്കുന്ന ടുണീഷ്യ - ജപ്പാൻ മത്സരം ഫിഫ ലോകകപ്പ് ചരിത്രത്തിലെ 1000-ാമത് മത്സരമായി മാറും എന്ന സവിശേഷതയുമുണ്ട്. ലാറ്റിനമേരിക്കയിലെ കരുത്തരായ ചിലെ ടീം തുടർച്ചയായി മൂന്നാം തവണ ഇക്കുറിയും യോഗ്യത നേടിയിട്ടില്ല. എന്നാൽ കോംഗോയും ഹെയ്ത്തിയും 52 വർഷങ്ങൾക്ക് ശേഷം ഈ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട് . അമേരിക്കയുടെ 250 ആം വാർഷിക ദിനമായ ജൂലൈ നാലിന് നടക്കുന്ന പ്രീ ക്വാർട്ടർ മത്സരം ലോക ശ്രദ്ധ ആകർഷിക്കും. ഒന്നരലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള രാജ്യമായ ക്യൂറ സാവോയും യോഗ്യത നേടിയിട്ടുണ്ട്.
അമേരിക്കയിലെ കനത്ത ചൂട് പരിഗണിച്ച് കളിക്കാരുടെ സുരക്ഷയ്ക്കായി പ്രത്യേക ആശ്വാസ നടപടികൾ ഇത്തവണ അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. കളിസ്ഥലങ്ങളിലെ കടുത്ത താപനിലയെ പ്രതിരോധിക്കാൻ മത്സരത്തിന്റെ രണ്ട് പകുതികളിലും 3 മിനിറ്റ് വീതമുള്ള ഹൈഡ്രേഷൻ ബ്രേക്കുകൾ (Hydration Breaks) അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആതിഥേയ രാജ്യങ്ങളിലെ കാലാവസ്ഥാ വ്യത്യാസവും ശ്രദ്ധേയമാണ്. ജൂൺ മാസത്തിൽ ഹൂസ്റ്റണിൽ 38 ഡിഗ്രി ചൂട് അനുഭവപ്പെടുമ്പോൾ വാൻകൂവറിൽ അത് വെറും 18 ഡിഗ്രി മാത്രമായിരിക്കും.
ഫിഫ ഈ ലോകകപ്പിൽ നിന്ന് ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. റിക്കോർഡ് തുകയായ 1100 കോടി യു.എസ് ഡോളറാണ് ടൂർണമെന്റിലൂടെ ഫിഫ ലക്ഷ്യമിടുന്നത്. കാണികളുടെ എണ്ണത്തിലും ഇത്തവണ പുതിയ റെക്കോർഡുകൾ പിറക്കുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ. മത്സരങ്ങൾ നേരിട്ട് കാണാനുള്ള ടിക്കറ്റുകൾക്കായി ലോകമെമ്പാടുമുള്ള ആരാധകരിൽ നിന്ന് ഇതുവരെ 15 കോടി അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇത്തവണത്തെ ഫൈനൽ മത്സരത്തിന്റെ വി.ഐ.പി കാറ്റഗറി ഡാഷ് സീറ്റിങ് ടിക്കറ്റ് വില റെക്കോർഡ് തുകയായ 25 ലക്ഷം രൂപയാണ്.
ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ (26 കളികൾ) കളിച്ച താരമെന്ന റെക്കോർഡ് നിലവിൽ ലയണൽ മെസ്സിയുടെ പേരിലാണ്. ഇത്തവണ കളിക്കാൻ ഇറങ്ങുന്നതോടെ മെസ്സി തന്റെ സ്വന്തം റെക്കോർഡ് വീണ്ടും തിരുത്തിക്കുറിക്കും. കൂടാതെ ഈ ലോകകപ്പിൽ ഒരു ഗോൾ നേടിയാൽ 6 വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന ബഹുമതി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്വന്തമാകും. ഖത്തർ ലോകകപ്പിന് മുൻപ് രണ്ട് മത്സരങ്ങൾ മാത്രം കളിച്ചിരുന്ന പല കളിക്കാരും ഇത്തവണ 7-ഓളം മത്സരങ്ങൾ കളിച്ച പരിചയസമ്പത്തുമായാണ് എത്തുന്നത്. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും കോർട്ടർ ഫൈനലിനപ്പുറത്തേക്ക് കടക്കാൻ കഴിയാത്ത ബ്രസീലിന് ഇക്കുറി അത് സാധ്യമാകുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്.
Keywords:
Recent in World
Must Read
Latest News
In News for a while now..



