ലോകക്രമത്തിൽ ദിശാമാറ്റമായി ബ്രിക്‌സ് ഉച്ചകോടി
പ്രത്യേക ലേഖകൻ
14 September 2026, 2:14 am
ആഗോള രാഷ്ട്രീയത്തിലെയും സാമ്പത്തിക രംഗത്തെയും പരമ്പരാഗത സമവാക്യങ്ങൾ തിരുത്തിയെഴുതിയ 18-ാമത് ബ്രിക്‌സ് ഉച്ചകോടിയുടെ ഡൽഹിയിലെ ഭാരത് മണ്ഡപത്തിലെ പ്രൗഢോജ്ജ്വല സമാപനം ഭാരതത്തിനും ലോകത്തിനും സമ്മാനിക്കുന്നത് വേറിട്ട ഉണർവിന്റെ പാതയാണ്. ലോകം വിവിധ രാഷ്ട്രീയ ചേരികളായി വിഭജിക്കപ്പെടുന്ന സങ്കീർണ്ണ സാഹചര്യത്തിലും, വികസന പാതയിലുള്ള രാജ്യങ്ങളെ (ഗ്ലോബൽ സൗത്ത്) ഒന്നിച്ചു നിർത്തി നയിക്കാൻ ഭാരതത്തിന് കഴിഞ്ഞതിന്റെ ഉദാഹരണമായി മാറുകയായിരുന്നു 18-ാമത് ബ്രിക്സ് ഉച്ചകോടി.
സാമ്പത്തിക സഹകരണം, വികസന പങ്കാളിത്തം, ബഹുധ്രുവ ലോകക്രമം (Multipolar World Order) ശക്തിപ്പെടുത്തൽ എന്നിവയാണ് ബ്രിക്‌സിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. ലോക ജനസംഖ്യയുടെ 49% വും ആഗോള ജിഡിപിയുടെ 41% വും പ്രതിനിധീകരിക്കുന്ന ഈ കൂട്ടായ്മ, പാശ്ചാത്യ രാജ്യങ്ങളുടെ സ്വാധീനത്തിലുള്ള ജി7 (G7) കൂട്ടായ്മയ്ക്ക് ബദലായി മാറുകയാണ് എന്നതാണ് സത്യം. വികസ്വര രാജ്യങ്ങളുടെ വികസന ആവശ്യങ്ങൾക്ക് ധനസഹായം നൽകാനും ലോകബാങ്ക്, ഐ.എം.എഫ് തുടങ്ങിയ പാശ്ചാത്യ സ്ഥാപനങ്ങളുടെ ഏകപക്ഷീയ നിബന്ധനകളിൽ നിന്ന് മോചനം നൽകാനുമുള്ള പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്ക് കൂടുതൽ അടുക്കുന്നതിന്റെ ലക്ഷ്യങ്ങൾ ഈ ബ്രിക്സ് സമ്മേളനത്തിൽ പതിവിലേറെ പ്രകടമായി.
ഏഴ് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിൽ എത്തുന്നത്. 2020-ലെ ഗാൽവാൻ അതിർത്തി സംഘർഷത്തിന് ശേഷം ഇന്ത്യ-ചൈന ബന്ധത്തിൽ നിലനിന്നിരുന്ന കടുത്ത ഉലച്ചിൽ മോദി-ഷീ കൂടിക്കാഴ്ചയിലൂടെ അലിഞ്ഞില്ലാതാകും എന്നാണ് പ്രതീക്ഷ. ഭാരതവും ചൈനയും തമ്മിലുള്ള തർക്കവിഷയങ്ങൾ എളുപ്പത്തിൽ പരിഹരിക്കാവുന്ന വിഷയങ്ങൾ ആദ്യം എന്ന മുൻഗണനാ ക്രമത്തിൽ ചർച്ച ചെയ്താണ് പരിഹാര മാർഗങ്ങളിലേക്ക് അടുത്തത്. അതിർത്തി മേഖലകളിൽ സമാധാനവും ശാന്തതയും ഉറപ്പാക്കാനും, മൂന്ന് പരസ്പര തത്വങ്ങൾ പാലിക്കാനും, വ്യാപാര തടസ്സങ്ങൾ നീക്കാനും ഇരു രാജ്യങ്ങളും സുപ്രധാന ധാരണയിലെത്തി.
ആഗോള സാമ്പത്തിക രംഗത്ത് ഡോളറിന്റെ ഏകപക്ഷീയ ആധിപത്യം അവസാനിപ്പിക്കുക എന്ന ബ്രിക്‌സിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നിലേക്ക് കൂടുതൽ അടുക്കുന്നതിന്റെ ലക്ഷണങ്ങൾ കൂടുതൽ പ്രകടമായി. ഡൊണാൾഡ് ട്രംപിന്റെയും അമേരിക്കൻ ചേരിയുടെയും സാമ്പത്തിക ഉപരോധങ്ങൾക്ക് മറുപടിയായി അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തിൽ തദ്ദേശീയ കറൻസികളായ രൂപ, റൂബിൾ, യുവാൻ, റാൻഡ് എന്നിവ ഉപയോഗിക്കാൻ ധാരണയായി. ഇത് അന്താരാഷ്ട്ര വിപണിയിൽ 'ഡി-ഡോളറൈസേഷൻ' നീക്കങ്ങൾക്ക് വലിയ ഊർജ്ജം നൽകും
പാശ്ചാത്യ കേന്ദ്രീകൃത ധനകാര്യ സ്ഥാപനങ്ങൾക്ക് പകരമായി ബ്രിക്‌സ് സ്ഥാപിച്ച ന്യൂ ഡെവലപ്‌മെന്റ് ബാങ്കിന്റെ (NDB) പ്രവർത്തനം കൂടുതൽ മേഖലകളിലേക്ക് വിപുലീകരിക്കാൻ ഡൽഹി പ്രഖ്യാപനത്തിൽ തീരുമാനമായി. അടിസ്ഥാന സൗകര്യ വികസനം, സുസ്ഥിര ഊർജ്ജ പദ്ധതികൾ എന്നിവയ്ക്കായി വികസന രാജ്യങ്ങൾക്ക് എളുപ്പത്തിൽ വായ്പ ലഭ്യമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെപ്പാണിത്.
പശ്ചിമേഷ്യൻ പ്രതിസന്ധിയിലും ഇന്ത്യയുടെ നയതന്ത്ര വിജയം തെളിഞ്ഞ ഒന്നായിരുന്നു ഡൽഹിയിൽ സമാപിച്ച ബ്രിക്സ് ഉച്ചകോടി. പരസ്പരം ശത്രുത പുലർത്തുന്ന ഇറാന്റെ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും യു.എ.ഇ കിരീടാവകാശിയും തമ്മിൽ ഡൽഹിയിൽ കൂടിക്കാഴ്ച നടത്താൻ വഴിയൊരുക്കിയത് വഴി ഇന്ത്യ നേടിയ വലിയ നേട്ടമാണ്. രാജ്യങ്ങളുടെ പരമാധികാരവും ഭൗമസമഗ്രതയും സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട ഉച്ചകോടി, ഉപരോധങ്ങൾക്ക് പകരം നയതന്ത്ര ചർച്ചകൾക്ക് ആഹ്വാനം ചെയ്തു
റഷ്യ-യൂക്രൈൻ യുദ്ധത്തിൽ സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള ഇന്ത്യയുടെയും ചൈനയുടെയും ശ്രമങ്ങൾക്ക് ആഗോള പിന്തുണ ലഭിച്ചു. ബ്രിക്‌സ് ആർക്കും എതിരായി നിലകൊള്ളുന്ന സംഘടനയല്ലെന്നും, ലോകത്തെ ഒരുമിപ്പിക്കാനുള്ള പാലമാണെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കുകയും ചെയ്തു. പാശ്ചാത്യ വിരുദ്ധ ചേരിയായി മാറാതെ, എല്ലാ രാജ്യങ്ങളുമായും സന്തുലിതമായ ബന്ധം കാത്തുസൂക്ഷിക്കുകയാണ് എന്ന ഇന്ത്യയുടെ നയം സഭ അംഗീകരിച്ചു
അന്താരാഷ്ട്ര തർക്കങ്ങൾക്കിടയിലും അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ കർശന നിലപാടാണ് ന്യൂഡൽഹി പ്രഖ്യാപനം സ്വീകരിച്ചത്. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ പേരെടുത്തു പറഞ്ഞ് അപലപിച്ചതിലൂടെ ചൈനയുടെ സഖ്യരാജ്യമായ പാകിസ്ഥാന് വ്യക്തമായ മുന്നറിയിപ്പ് നൽകാൻ ഇന്ത്യക്കു സാധിച്ചു. മാത്രമല്ല ഭീകരവാദ ഫണ്ടിംഗിനും സുരക്ഷിത താവളങ്ങൾക്കുമെതിരെ ശക്തമായ അന്താരാഷ്ട്ര നിയമനിർമ്മാണം വേണമെന്നതിലും ഉച്ചകോടി ഊന്നൽ നൽകി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര മികവും ഭാരതത്തിന്റെ നിലപാടുകളും ഉച്ചകോടിയിലുടനീളം പ്രകീർത്തിക്കപ്പെട്ടു
യുണൈറ്റഡ് നേഷൻസ് (UN), ഐക്യരാഷ്ട്ര രക്ഷാസമിതി (UNSC) തുടങ്ങിയ ആഗോള സമിതികൾ നിലവിലെ ലോക യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്നത് എടുത്തു പറയുന്നതിലും ബ്രിക്‌സ് വിജയിച്ചു. രക്ഷാസമിതിയിൽ ഇന്ത്യ ഉൾപ്പെടെയുള്ള ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്ക് അർഹമായ സ്ഥിര അംഗത്വവും പ്രാതിനിധ്യവും നൽകണമെന്ന പ്രഖ്യാപിത ആഗ്രഹം ഉച്ചകോടി വീണ്ടും ലോകത്തിനു മുന്നിൽ വെച്ചു. ഗുണപരമായ മാറ്റങ്ങൾ ഇതിലൂടെ സാധ്യമാകും എന്നാണ് കരുതുന്നത്.
തീരുമാനിച്ചുറക്കുന്ന കാര്യങ്ങളിന്മേൽ തുടർനടപടികൾ കൃത്യമായി നടപ്പിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച Resilience, Innovation, Cooperation, Sustainability (കരുത്ത്, നവീകരണം, സഹകരണം, സുസ്ഥിരത) എന്നീ 4 തത്വങ്ങൾക്ക് ഉച്ചകോടി അംഗീകാരം നൽകി. സാങ്കേതികവിദ്യയിലും എ.ഐ മേഖലയിലും സഹകരണം ഉറപ്പാക്കാനും 'BRICS Digital Repository' സ്ഥാപിക്കാനും ധാരണയായത് ഇതിന്റെ അടിസ്ഥാനത്തിലാണ് . അടുത്ത വർഷത്തെ അധ്യക്ഷപദവി ചൈനയ്ക്ക് കൈമാറിക്കൊണ്ട് സമ്മേളനത്തിന് തിരശീല വീഴുമ്പോൾ, ആഗോള ശക്തികേന്ദ്രമായി ഭാരതം മാറിയതിന്റെ വ്യക്തമായ തെളിവാണ് ന്യൂഡൽഹിയിൽ കണ്ടത്.