ട്രമ്പ് തോറ്റാൽ നമുക്കെന്ത് !
മോഹനകൃഷ്ണൻ
5 November 2026, 2:58 am
അമേരിക്കയിൽ ട്രമ്പിന്റെ റിപബ്ലിക്കൻ കക്ഷിയുടെ തോൽവിക്ക് ഇവിടെയാണ് കൃമി കടിയും തെളപ്പും...
ഓരോ പിരാന്തുകള് ! അർമാദിക്കാൻ അളിയന്മാർ ജയിച്ചു കയറീട്ടില്ലല്ലോ. അങ്ങും ചോതി അടിയനും ചോതി എന്ന ന്യായം.അതിനപ്പുറം ഇവിടുള്ളവർക്ക് എന്ത് മാങ്ങാത്തൊലിയാണുള്ളത്. ആ സെയ്തികൾ കനിഞ്ഞാൽ നമ്മുടെ മലയാളി സേട്ടന്മാർക്ക് റിയാദ് കടക്കാം. അല്ലേൽ അവിടെ കിടക്കാം.
ദിവസങ്ങൾക്കു മുമ്പ് തന്നെ നമ്മുടെ മാധ്യമ ചെങ്കീരികൾ ഒപ്പാരു തുടങ്ങിയിരുന്നു.ചുട്ടി തോർത്തും വിരിച്ച് ഇന്റർ നാഷണൽ ഡസ്കിൽ നിന്നും ശത്രുഘ്നൻ പിള്ള ഒറ്റ വെടിയും ഇരട്ട വെടിയും വെച്ചു കളിയും തുടങ്ങി. ഗഡാഗടിയൻ മുക്കവലപ്രസംഗം മ്യൂസിക്കിന്റെ അകമ്പടിയോടെ, പടലപടലയായി...
അമേരിക്കൻ പൗരന്മാർക്കില്ലാത്ത തെളപ്പാണിവിടെ കണ്ടത്.ആഗോള ഭൂഗോള മഹാഗോള ഇംപാക്ടുകൾ ഉരുണ്ടു വീണു. പലരും പലതും ഊന്നി ഊന്നി വിളമ്പുന്നതും കണ്ടു.കേട്ടു.എല്ലാം തെകഞ്ഞ് പുര നിറഞ്ഞു നിൽക്കയല്ലിയോ ഇവിടുത്തെ ആഗോളമലയാളിയും മാധ്യമങ്ങളും അവരുടെ ആവിഷ്കാരങ്ങളും..
രണ്ടുനാൾ മുമ്പുവരെ ഇസ്റാഈലിനെ കുറിച്ചായിരുന്നു ഛർദിയും അതിസാരവും. നെഹന്യാതുവിന്റെ നക്ഷത്ര രാശിയും ശരീര പരിശോധനയും വാതുവയ്പും അന്തിമ പ്രവചനവും ആ രാജ്യത്തിന്റെ അധോഗതിയും ഉള്ളി തൊലിക്കും പോലെയാണ് ഇവിടെ പൊളിച്ചിട്ടത്
വാർത്ത അറിയണം.അറിയിക്കുകയും വേണം.നെഞ്ചത്തടിയും നെലവിളിയും ഒപ്പാരും മാറ്റിവച്ച് ഒന്നു വിമ്മിയാൽ മതിയായിരുന്നു.
യുഎസ് ഭരണം ഇനി ലോകമെങ്ങും തേനും പാലും ഒഴുക്കും എന്ന മട്ടിലാണ് വാർത്തകളുടെ പോക്ക്.
യാങ്കികൾക്ക് വ്യക്തമായ ഒരു കാഴ്ചപ്പാടുണ്ട്. അത് സ്ഥിതമായ അവരുടെ ദേശീയ കാഴ്ചപ്പാടാണ്..ആളു മാറിയാൽ. പ്രതിനിധി സഭയിൽ ഭൂരിപക്ഷം കുറഞ്ഞാൽ അതു കാരണമായി ഭരണകൂടത്തിനു മൗലികമായ ഒരു മാറ്റവും വരുമാനുമില്ല. അമേരിക്കൻ താത്പര്യം നിലനിർത്താനും ഉയർത്താനും തന്നെയാവും അവരുടെ എല്ലാ തുടരാൻ പരിശ്രമങ്ങളും.
ഉപരിപ്ലവമായ ചില മാറ്റങ്ങൾ മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളു എന്നു സാരം. അടിയുണ്ടാക്കാതെയും.ആയുധക്കച്ചവടം ഇല്ലാതെയും ഒരു അമേരിക്കൻ ഡിപ്ലൊമസിയോ ? നല്ല കഥ!
സംഘർഷങ്ങളില്ലാത്ത ലോകം അമേരിക്കയെ സംബന്ധിച്ച് എക്കാലവും ഒരു മിത്താണ്.
ദില്ലിയിലെ ഇറാൻ എംബസി പുറത്തു വിട്ട ഒരു ട്രോളിൽ ട്രമ്പിനെ നാലുപേർ തൂക്കിയെടുത്ത് ഒരു പെട്ടിയിൽ നിക്ഷേപിക്കുന്നതാണ് ചിത്രീകരിക്കുന്നത്. ഇതു കണ്ടാൽ തോന്നും ഇറാനെ കാപ്പാത്താനാണ് ജനങ്ങൾ വോട്ടു ചെയ്തതെന്ന്. യുഎസ് രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഈ വിധിയെഴുത്ത്. ആരെയും സംരക്ഷിക്കാനും ലോകഗതി മാറ്റി മറിക്കാനും ദേശസ്നേഹികൾ വോട്ടു ചെയ്യാറില്ല. ചോറും കൂറും വിഭിന്നമാകുന്ന ഇന്ത്യയിലാണ് അപ്പടി നടക്കുക. .
സിസ്റ്റത്തിന് അനുഗുണമായ രീതിയിലാണ് അമേരിക്കൻ കമ്മ്യൂണിസ്റ്റു പാർട്ടികളുടെ പോലും പ്രവർത്തനമെന്നത് ഇവിടുത്തെ പരിഷകളും കാണട്ടെ..
ഇനി വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റ് നോമിനിയാകും പ്രസിഡന്റെന്നും തുടർന്ന് ഒരു സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുമെന്നും ഒരു ചെറിയ ഇടവേളയ്ക്കുശേഷം കാര്യങ്ങൾ പഴയ പടിയാകുമെന്നും നേരത്തെ പ്രവചിക്കപ്പെട്ടതാണ്. ഇതൊന്നും അവിചാരിതമായി പൊട്ടി വീണതല്ല. എന്തോ വലിയ സംഭവം പോലെയാണ് ഇവിടുത്തെ പുത്തനച്ചിമാരുടെ പുരപ്പുറം അടിച്ചു വാരൽ.
മിഡിൽ ഈസ്റ്റിലെ ഷിയാ സുന്നി ഹൂത്തി വിഷയങ്ങൾ,ഇറാൻ മേഖലയിൽ പിൻതുടരുന്ന നിലപാടുകൾ ഇവയൊക്കെയാണ് ഏകദൈവത്തെ ആരാധിച്ചു കൊണ്ടുതന്നെ ഭ്രാതൃഹത്യക്ക് കളമൊരുക്കുന്നത്. താത്പര്യങ്ങൾ എന്നും വിശ്വാസത്തെ അതിലംഘിക്കും. അതെ ഗ്രൗണ്ട് സീറോയിൽ നിന്നും തന്നെയാണ് വിധി വന്നത്.
ഉല്പത്തി മുതൽ പോരാട്ടവും പ്രതിരോധവും മരണവും ജീവിതവും പീഢനവും പേറി തുടരുന്ന സിയോണിസ്റ്റു മൂവ്മെന്റ് ഒരു തെരഞ്ഞെടുപ്പിൽ പാടേ ഒലിച്ചു പോകുമെന്നു കഥ എഴുതുന്നവരും പറയുന്നവരും കാനായിലെ കനൽ വഴിയിൽ മഞ്ഞളു പോലെ വെളുത്ത അഞ്ജനം അറിയുന്നവരാണ്. .
മാധ്യമ സിൻഡിക്കേറ്റുകൾ പടച്ചു വിടുന്ന ജാർഗണുകൾക്കപ്പുറം പോകാനുള്ള ശേഷിയോ ശേമുഷിയോ മാധ്യമങ്ങളിലെ അഴകിയ രാവണന്മാർക്കില്ല.ആണ്ടാൾ ദേവ നായകിമാർക്കും...